(www.truevisionnews.com) ഏറ്റവുമധികം അപഖ്യാതി പ്രചരിപ്പിക്കപ്പെടുന്ന ഒരു വിഭാഗം സിനിമാപ്രവര്‍ത്തകരാണ്, അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ വ്യാജ പ്രചരണങ്ങള്‍ നടക്കാറുള്ളത് അഭിനേതാക്കളെക്കുറിച്ചാണ്. ഏറ്റവുമൊടുവില്‍ അത്തരമൊരു പ്രചരണത്തിന് ഇരയായത് നടി സായ് പല്ലവിയാണ്.
സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമിയുമായി സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണം. ഇതിന് ബലമേകുന്ന തരത്തില്‍ ഇരുവരുടെയും ഒരു ചിത്രവും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ സായ് പല്ലവിയെ നായികയാക്കി രാജ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ നിന്നുള്ള ഫോട്ടോ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സായ് പല്ലവി. അപവാദങ്ങള്‍ പൊതുവെ ഗൌരവത്തിലെടുക്കാത്ത ആളാണ് താനെന്നും എന്നാല്‍ അതില്‍ അടുത്ത സുഹൃത്തുക്കള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ പ്രതികരിക്കാതെ വയ്യെന്നും സായ് പല്ലവി പറയുന്നു.
എക്സിലൂടെയാണ് സായ് പല്ലവിയുടെ പ്രതികരണം- "അപവാദ പ്രചരണങ്ങള്‍ പൊതുവെ ഞാനധികം ശ്രദ്ധിക്കാറില്ല. പക്ഷേ അത് ഞാന്‍ കുടുംബം പോലെ കരുതുന്ന സുഹൃത്തുക്കളെക്കുറിച്ച് കൂടിയാവുമ്പോള്‍ ഞാന്‍ സംസാരിച്ചേ മതിയാവൂ.
എന്‍റെ പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ നിന്നുള്ള ഒരു ഫോട്ടോ ബോധപൂര്‍വ്വം മുറിച്ചെടുത്ത് അറപ്പുളവാക്കുന്ന ഉദ്ദേശ്യത്തോടുകൂടി പ്രചരിപ്പിക്കപ്പെട്ടു.
തൊഴില്‍ സംബന്ധമായി സന്തോഷകരമായ പ്രഖ്യാപനങ്ങള്‍ നടത്താന്‍ ഉണ്ടായിരിക്കുമ്പോള്‍, തൊഴിലില്ലാത്തവരുടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് മറുപടി പറയേണ്ടിവരുന്നത് നിരാശാജനകമാണ്. ഇത്തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നീചമാണ്", സായ് പല്ലവി കുറിച്ചു.
ശിവ കാര്‍ത്തികേയനെയും സായ് പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് രാജ്കുമാറിന്റെ പുതിയ ചിത്രം. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ 21-ാം ചിത്രമായതിനാല്‍ എസ് കെ 21 എന്നാണ് അതിന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് മുറിച്ചെടുത്ത് വ്യാജ പ്രചരണത്തിന് ഉപയോഗിക്കപ്പെട്ടത്.
#SaiPallavi #news #gettingmarried #director #SaiPallavi #responded