---
title: "ഗിയര്‍ മാറ്റുന്ന ചാക്കോച്ചന്‍; ഭീമന്റെ വഴിയും മലയാളി സദാചാര ബോധങ്ങളും "
english_title: "Chackochan changing gear; The way of the giant and the Malayalee moral consciousness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14336/chackochan-changing-gear-the-way-of-the-giant-and-the-malayalee-moral-consciousness"
published_at: "2021-12-04T11:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab00c6dbf26_bheemante vazhi.jpg"
keywords: []
---

# ഗിയര്‍ മാറ്റുന്ന ചാക്കോച്ചന്‍; ഭീമന്റെ വഴിയും മലയാളി സദാചാര ബോധങ്ങളും 

> **Lead Summary:** വികസനമാണ് ഓരോ നാടിന്റെയും പ്രധാന ചര്‍ച്ചാ വിഷയം. ആകെയുള്ള വീട് പാതിയോളം പൊളിക്കപ്പെട്ട നാടിന് വേണ്ടി തെരുവിലാക്കപ്പെടുന്ന നിരാലംബരും എല്ലാം ഉണ്ടായിട്ടും ലാഭത്തിന് വേണ്ടി മാത്രം വികസനത്തിനും നാടിന്റെ സ്വപ്‌നങ്ങള്‍ക്കും തുരങ്കം വയ്ക്കുന്നവരെയുമാണ് ഭീമന്റെ വഴി വരച്ചുകാട്ടുന്നത്. സ്‌നേഹനഗര്‍ എന്നൊരു പ്രദേശത്തേക്കുള്ള വഴിയുടെ പ്രശ്‌നമാണ് ഭീമന്റെ വഴി എന്ന സിനിമ സരസമായി പറഞ്ഞു വയ്ക്കുന്നത്. ഒരു വിഷയത്തെ പലരും പല രീതിയില്‍ സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്.

## Article Content

വികസനമാണ് ഓരോ നാടിന്റെയും പ്രധാന ചര്‍ച്ചാ വിഷയം. ആകെയുള്ള വീട് പാതിയോളം പൊളിക്കപ്പെട്ട നാടിന് വേണ്ടി തെരുവിലാക്കപ്പെടുന്ന നിരാലംബരും എല്ലാം ഉണ്ടായിട്ടും ലാഭത്തിന് വേണ്ടി മാത്രം വികസനത്തിനും നാടിന്റെ സ്വപ്‌നങ്ങള്‍ക്കും തുരങ്കം വയ്ക്കുന്നവരെയുമാണ് ഭീമന്റെ വഴി വരച്ചുകാട്ടുന്നത്. സ്‌നേഹനഗര്‍ എന്നൊരു പ്രദേശത്തേക്കുള്ള വഴിയുടെ പ്രശ്‌നമാണ് ഭീമന്റെ വഴി എന്ന സിനിമ സരസമായി പറഞ്ഞു വയ്ക്കുന്നത്. ഒരു വിഷയത്തെ പലരും പല രീതിയില്‍ സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്.

വികസന പദ്ധതികളില്‍ ഇരകളാക്കപ്പെടുന്നവരെയും മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയക്കാരെയും ഇതില്‍ കാണാം. അഷറഫ് ഹംസ എന്ന സംവിധായകനും ചെമ്പന്‍ വിനോദ് എന്ന കഥാകൃത്തും കയ്യടക്കത്തോടെ തന്നെ സിനിമയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു എന്നതും ഏറെ പ്രശംസയര്‍ഹിക്കുന്നു. മലയാളികളുടെ സദാചാര ബോധത്തില്‍ നിന്ന് മാറി സഞ്ചരിക്കുന്നുണ്ട് സിനിമ പലപ്പോഴും. ആണുങ്ങള്‍ക്ക് ഒപ്പം ഇരുന്ന് വൈകീട്ട് കമ്പനി കൂടുന്ന തന്റേടിയായി ഒരുത്തി. കാമുകനൊപ്പം ബിയറടിക്കുന്ന മറ്റൊരു സ്ത്രീ.

കൂടെയുള്ളവര്‍ മനസിലാക്കുന്നില്ലെന്ന് വ്യക്തമാവുമ്പോള്‍ ഉണ്ടാകുന്ന വിഷയം വൈകിയെങ്കിവും കാമുകന് മുഖത്ത് നോക്കി പറയുന്ന പെണ്‍കുട്ടി. ജൂഡോ പഠിക്കുന്ന സ്വയം പ്രതിരോധത്തിന് ആ കഴിവ് ഉപയോഗിക്കുന്ന മറ്റൊരുത്തി. ഒറ്റനോട്ടത്തില്‍ ആണിന്റെ ഉള്ള് അളക്കുന്ന അഭിഭാഷക. അങ്ങനെ സ്വന്തം കാലില്‍ മണ്ണില്‍ ചവിട്ട് നില്‍ക്കുന്ന ഒരു പിടി സ്ത്രീ കഥാപാത്രങ്ങളാണ് ഭീമന്റെ വഴിയില്‍ കരുത്താവുന്നത്. കാലങ്ങളായി ഒരിടത്ത് ഒതുങ്ങി ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ തങ്ങളെ വ്യക്തി പരമായി ബാധിക്കുമ്പോള്‍ മാത്രമാണ് ഒരു റോഡ് വേണമെന്നതിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. അപ്പോഴും മറ്റ് പല ലക്ഷ്യങ്ങളും ഗുണഭോക്താക്കളില്‍ പലര്‍ക്കും ഉള്ളിലുണ്ട്.

അങ്ങനെ ഒരു നല്ല വഴി ഉണ്ടാക്കാനായി ഭീമന്‍ എന്നറിയപ്പെടുന്ന നായകന്‍ ഇറങ്ങിത്തിക്കുന്നതാണ് സിനിമ. നായകന് അയാളുടെ ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. അതിന് അയാള്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും പ്രയോഗിക്കുന്നു. പക്ഷേ പ്രതിസന്ധികള്‍ പലരൂപത്തില്‍ അയാളെ പിന്തുടരുകയാണ്. ഇതിനിടെ കുടെയുള്ളവരും പലപ്പോഴായി അയാള്‍ക്ക് എതിരെ തിരിയുന്നുണ്ട്. പലര്‍ക്കും പലതാണ് പ്രശ്‌നം. ചിലര്‍ക്ക് ചെറിയത് എന്ന തോന്നിക്കാവുന്ന വികാരങ്ങള്‍. മറ്റ് ചിലര്‍ക്ക് പണമാണ് പ്രശ്‌നം. സ്ഥലത്തിന് വിലകൂടാനാണ് ചിലര്‍ കൂടെനില്‍ക്കുന്നത്. എന്നാല്‍ നാട്ടുകാര്‍ക്ക് വേണ്ടി ആകെയുള്ള കിടപ്പാടവും സന്തോഷ്‌ത്തോടെ വിട്ടുനല്‍കുന്നവരും അക്കൂട്ടത്തിലുണ്ട്.

ഇതിനിയെയാണ് ബന്ധങ്ങളെയും പ്രണയത്തെയും സെക്‌സിനെയും തനിക്ക് വേണ്ടുന്ന തരത്തില്‍ മാത്രം ഉപയോഗിക്കുന്ന നായകന് മുഖത്ത് അടിയേറ്റ പോലെ ലഭിക്കുന്ന തിരിച്ചറിവുകളും മികച്ച രീതിയില്‍ സിനിമ വരച്ചിടുന്നു. പതിവ് ചാക്കോച്ചന്‍ സിനിമയില്‍ നിന്നും ഗിയര്‍ മാറ്റി സഞ്ചരിക്കുകാണ് ഇത്തവണ ഭീമന്റെ വഴി. ഇതുവരെ കാണാത്ത കുഞ്ചാക്കോ ബോബന്റെ പ്രണയ ഭാവങ്ങളും ഭീമനിലൂടെ പുറത്ത് വരുന്നുണ്ട്. ഭീമന്റെ വഴിയിലെ നട്ടെല്ലാണ് സ്ത്രീ കഥാപാത്രങ്ങള്‍. വിന്‍സി അലോഷ്യസ്, ചിന്നു ചാന്ദ്‌നി, ദിവ്യ എം നായര്‍, മേഘ തോമസ് പേരുപോലും ഇല്ലാത്ത മറ്റ് സ്ത്രീകളും തങ്ങളുടെ ഭാഗം വൃത്തിയായി ചെയ്തുവയ്ക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ശബരീഷ് വര്‍മ, ബിനു പപ്പു, ഭഗത് മാനുവന്‍ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്.

മദ്യപാനിയായി ഒരു അയല്‍ വാസിയായി ബിനു പപ്പു വ്യത്യസ്ഥനാവുമ്പോള്‍ തമാശയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് അദ്ദേഹം. ഷര്‍ട്ടിടാത്ത നാട്ടിന്‍ പുറത്ത് കാരന്‍ മുതലാളിയായി ജിനു ജോസഫ് വില്ലന്‍ വേഷത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുന്നു. ജിനുവിന്റെ കൗസേപ്പ് അയാളുടെ കരിയറില്‍ തന്നെ മികച്ച കഥാപാത്രമായി മാറുന്നു. അങ്കമാലി ഡയറീസിന്റെ ഒരു സ്വാധീനവുമില്ലാതെ ചെമ്പന്‍ വിനോദ് തന്റെ രണ്ടാമത്തെ സിനിയുടെ ഉള്ളടക്കം തയ്യാറാക്കുന്നതില്‍ വിജയിച്ചപ്പോള്‍ എല്ലാം കാണുന്ന എല്ലാം അറിയുന്ന പേരില്ലാത്ത ഒരു കഥാപാത്രമായും അദേഹം സിനിമയില്‍ കയ്യടി നേടുന്നുണ്ട്. ചെറിയ പ്രമേയങ്ങള്‍ കയ്യടക്കത്തോടെ മികച്ച കലാ സൃഷ്ടിയാക്കാന്‍ കഴിയുമെന്ന ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് സംവിധായകന്‍ അഷറഫ് ഹംസ.

തമാശക്ക് ശേഷം വീണ്ടുമെത്തുമ്പോള്‍ അഷഫില്‍ പ്രതീക്ഷ പുലര്‍ത്താമെന്ന് അടിവരയിടുകയാണ് ഭീമന്റെ വഴി. ജെല്ലിക്കെട്ട്, അങ്കമാലി ഡയറീസ് എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഗിരീഷ് ഗംഗാദരന്റെ മികവും സിനിമയെ മികച്ചതാക്കുന്നു. ഒരുത്തീ കാറ്റൊരുത്തി എന്ന പാട്ടും സിനിമയുടെ അന്തരീക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. പ്രതീക്ഷകള്‍ ഇല്ലാതെ എത്തുന്ന കാണികളെ സംതൃപ്തിയോടെ മടങ്ങാന്‍ ഭീമന്റെ വഴിയ്ക്ക് കഴിയുന്നു.

എഴുത്ത് : എന്‍ പി അനൂപ്‌ 

### Related Links & Sources
- [Original Story Source](https://moviemax.in/news/14336/chackochan-changing-gear-the-way-of-the-giant-and-the-malayalee-moral-consciousness)