---
title: "#rameshpisharody | പൈതൃകം എന്താണെന്ന് മനസ്സിലാകാത്തവരോട് എന്തു പറയാനാണ്? - രമേശ് പിഷാരടി"
english_title: "#What #say #those #who #notunderstand #what #heritageis? #RameshPisharadi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143078/what-say-those-who-notunderstand-what-heritageis-rameshpisharadi"
published_at: "2023-09-01T20:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1fab884ab4_rameshpishardi.jpg"
keywords: []
---

# #rameshpisharody | പൈതൃകം എന്താണെന്ന് മനസ്സിലാകാത്തവരോട് എന്തു പറയാനാണ്? - രമേശ് പിഷാരടി

> **Lead Summary:** ഉമ്മൻ ചാണ്ടി സാറിന്റെ മകൻ ചാണ്ടി ഉമ്മൻ പിതാവിനെപ്പോലെതന്നെയല്ലേ ഇരിക്കുകയുള്ളൂ, അതിന് അനുകരിക്കേണ്ട കാര്യമെന്തെങ്കിലും ഉണ്ടോയെന്ന ചോദ്യവുമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നടനും മിമിക്രി താരവുമായ രമേശ് പിഷാരടി.

## Article Content

ഉമ്മൻ ചാണ്ടി സാറിന്റെ മകൻ ചാണ്ടി ഉമ്മൻ പിതാവിനെപ്പോലെതന്നെയല്ലേ ഇരിക്കുകയുള്ളൂ, അതിന് അനുകരിക്കേണ്ട കാര്യമെന്തെങ്കിലും ഉണ്ടോയെന്ന ചോദ്യവുമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നടനും മിമിക്രി താരവുമായ രമേശ് പിഷാരടി.

അനുകരണവും പൈതൃകവും തിരിച്ചറിയാത്തവരോട് എന്തുപറയാനാണെന്നും പുതുപ്പള്ളി കവലയിൽ നടത്തിയ പ്രചാരണ യോഗത്തിൽ അദ്ദേഹം ചോദിച്ചു.

‘‘ഒരാൾ എന്നെ വന്നുകണ്ടു പറഞ്ഞു, ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കുന്നു. അതുപോലെ തന്നെ ഇരിക്കുന്നു. അതുപോലെതന്നെ മുടി ഇരിക്കുന്നു. ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കുകയാണ് എന്നു പറഞ്ഞു.

ഞാനൊക്കെ ഏതെങ്കിലും സ്റ്റേജിൽ അദ്ദേഹത്തെ അനുകരിക്കുന്നുവെന്നു പറഞ്ഞാൽ ശരിയാണ്. ഇത് അനുകരിക്കുന്നത് എന്താണ്, പൈതൃകം എന്താണെന്ന് മനസ്സിലാകാത്തവരോട് എന്തു പറയാനാണ്? ഉമ്മൻ ചാണ്ടി സാറിന്റെ മകൻ അതുപോലെതന്നെയല്ലേ ഇരിക്കുകയുള്ളൂ. അതിന് അനുകരിക്കേണ്ട കാര്യമെന്തെങ്കിലും ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല.

കോൺഗ്രസ് നേതാക്കന്മാർ ഇവിടെയുണ്ട്. അവരോട് ഒരു കാര്യം അഭ്യർഥിക്കാനുണ്ട്. നമ്മൾ തള്ളണ്ട, ചെയ്തതെങ്കിലും പറഞ്ഞാൽ മതി. ഇവിടെ ഇപ്പോൾ ഓടുന്ന മലബാറും ഐലൻഡും ഗരീബ്‌രഥും തുരന്തോ എക്സ്പ്രസും എല്ലാ ട്രെയിനുകളും കൊണ്ടുവന്നത് കോൺഗ്രസാണ്.

ഒരാഘോഷവും ഇല്ലായിരുന്നു. വരുമെന്നു പറയുന്ന ഒരു ട്രെയിനിന്റെ പേരിലും വന്ന ഒരു ട്രെയിനിന്റെ പേരിലും ഇവിടെ എന്തു വലിയ ആഘോഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

എല്ലാ മെഡിക്കൽ കോളേജുകളും കേരളത്തിൽ കൊണ്ടുവന്നത് കോൺഗ്രസ് പാർട്ടിയാണ്. പക്ഷേ, നമ്പർ വണ്ണായെന്ന് തള്ളുന്നത് മറ്റുള്ളവരാണ്, നമ്മളല്ല.

അങ്ങനെ ചിന്തിക്കുമ്പോൾ നമ്മൾ ചെയ്ത കാര്യമെങ്കിലും എല്ലാകാലത്തും യാതൊരു മടിയും കൂടാതെ നമ്മൾ പറയേണ്ടതായുണ്ട്. അതിനുള്ള സാഹചര്യവും കാലവുമാണ് വന്നിരിക്കുന്നത്’’ – പിഷാരടി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/143078/what-say-those-who-notunderstand-what-heritageis-rameshpisharadi)