---
title: "#Siddique  |   സിദ്ദിഖിനെ അവസാനമായൊന്ന് കാണാൻ മമ്മൂട്ടിയെത്തി"
english_title: "#Mammootty #came #meet #late #director #Siddique."
publisher: "moviemax.in"
canonical_url: "https://moviemax.in/news/137631/mammootty-came-meet-late-director-siddique"
published_at: "2023-08-09T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d33416402a4_mamootty.jpg"
keywords: []
---

# #Siddique  |   സിദ്ദിഖിനെ അവസാനമായൊന്ന് കാണാൻ മമ്മൂട്ടിയെത്തി

> **Lead Summary:** അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ കാണാൻ മമ്മൂട്ടിയെത്തി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മമ്മൂട്ടി തന്റെ ഭാഗ്യ സംവിധായകന് അന്തിമോപചാരം അർപ്പിച്ചു.

## Article Content

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ കാണാൻ മമ്മൂട്ടിയെത്തി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മമ്മൂട്ടി തന്റെ ഭാഗ്യ സംവിധായകന് അന്തിമോപചാരം അർപ്പിച്ചു.

ദുൽഖർ സൽമാൻ, ലാൽ, ഫാസിൽ, ജനാർദ്ദനൻ, സ്വർഗചിത്ര അപ്പച്ചൻ, ജയറാം, കമൽ, സിബി മലയിൽ, നടൻ നാരായണൻകുട്ടി, ഫഹദ് ഫാസിൽ, ഇടവേള ബാബു, മണിയൻപിളള രാജു, മണികണ്ഠൻ ആചാരി, ടൊവിനോ തോമസ്, ശ്യം പുഷ്ക്കരൻ തുടങ്ങി സിനിമാ - സാംസ്‌കാരിക മേഖലയിൽ നിന്ന് നിരവധിപ്പേർ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നിട്ടുണ്ട്.

സിദ്ദിഖിന്റെ വിയോഗ വാർത്ത വന്നതിന് പിന്നാലെ അദ്ദേഹത്തെ മമ്മൂട്ടി അനുസ്മരിച്ചിരുന്നു. 'വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ. അതുണ്ടാക്കുന്ന നിസീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ. സ്വന്തം സിദ്ദിഖിന്, ആദരാഞ്ജലി', എന്നാണ് മമ്മൂട്ടി ഫേസ്‍ബുക്കിൽ കുറിച്ചത്.

മമ്മൂട്ടിയാണ് തങ്ങളെ ഫാസിലിന് പരിചയപ്പെടുത്തിയത് എന്ന് സിദ്ദിഖും ലാലും നിരവധി തവണ പറഞ്ഞിട്ടുണ്ട്. പൂവിന് പുതിയ പൂന്തെന്നൽ എന്ന ഫാസിൽ ചിത്രത്തിൽ സഹസംവിധായകരായാണ് ഇരുവരുടേയും സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇരുവരും ആദ്യമായി ക്യാമറ വെച്ചതും മമ്മൂട്ടിക്ക് വേണ്ടിയാണ്.

ഹിറ്റ്ലർ ആണ് സിദ്ദിഖ് ആദ്യമായി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തത്. 1996ൽ പുറത്തിറങ്ങിയ സിനിമ 300 ദിവസത്തിലധികമാണ് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. ഹിറ്റ്ലർ മാധവൻകുട്ടി എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ വസ്ത്രധാരണവും ഹെയർസ്റ്റൈലുമെല്ലാം ആ സമയത്ത് ട്രെൻഡ് ആയിരുന്നു.

പിന്നീട് ക്രോണിക് ബാച്ചിലർ, ഭാസ്കർ ദി റാസ്കൽ എന്നീ സിനിമകൾക്കായി ഇരുവരും ഒന്നിച്ചു. ഈ സിനിമകളും മികച്ച വിജയം കൈവരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെസിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായി. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്. മലയാളത്തില ചിരിപ്പടക്കത്തിന് തിരികൊളുത്തിയ അനേകം കഥാപാത്രങ്ങളെയും ഡയലോ​ഗുകളെയും മലയാളികൾക്ക് സമ്മാനിച്ചാണ് സിദ്ദിഖിന്റെ മടക്കം.

### Related Links & Sources
- [Original Story Source](https://moviemax.in/news/137631/mammootty-came-meet-late-director-siddique)