---
title: "#Siddique  | പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി ലാൽ"
english_title: "#Lal #came #see #his #dear #friend #one #lasttime"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137575/lal-came-see-his-dear-friend-one-lasttime-NEW-UPDATE"
published_at: "2023-08-09T08:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3013423482_LAL.jpg"
keywords: []
---

# #Siddique  | പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി ലാൽ

> **Lead Summary:** സംവിധായകൻ സിദ്ദിഖ് വിടവാങ്ങുമ്പോൾ അത് മലയാള സിനിമാപ്രേമികളുടെ തന്നെ തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ഭൗതികദേഹം ഇപ്പോൾ പള്ളിക്കരയിലെ വീട്ടിലാണുള്ളത്. അദ്ദേഹത്തെ അവസാനമായി കാണാൻ പ്രിയ സുഹൃത്ത് ലാൽ പള്ളിക്കരയിലെ വസതിയിലെത്തിയിരിക്കുകയാണ്.

## Article Content

സംവിധായകൻ സിദ്ദിഖ് വിടവാങ്ങുമ്പോൾ അത് മലയാള സിനിമാപ്രേമികളുടെ തന്നെ തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ഭൗതികദേഹം ഇപ്പോൾ പള്ളിക്കരയിലെ വീട്ടിലാണുള്ളത്. അദ്ദേഹത്തെ അവസാനമായി കാണാൻ പ്രിയ സുഹൃത്ത് ലാൽ പള്ളിക്കരയിലെ വസതിയിലെത്തിയിരിക്കുകയാണ്.

ഭാര്യ നാൻസിക്കൊപ്പമാണ് ലാൽ തന്റെ ആത്മമിത്രത്തെ കാണാനെത്തിയിരിക്കുന്നത്. കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെയും ലാലിന്റെയും കലാജീവിതവും സൗഹൃദവും ആരംഭിക്കുന്നത്. സിനിമാ മോഹികളായ ഇരുവരും ചേർന്ന് സംവിധായകരോട് കഥപറഞ്ഞു കേൾപ്പിക്കുക എന്നത് ഒരു ഘട്ടത്തിൽ ഇരുവരുടെയും ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു.

ഇങ്ങനെ സംവിധായകൻ ഫാസിലിനോട് കഥപറയാൻ പോയതാണ് ഇരുവർക്കും വഴിത്തിരിവായത്. ഫാസിലിന്റെ സഹസംവിധായകരായാണ് സിദ്ദിഖ്-ലാലുമാർ സിനിമാ ലോകത്തിലേക്ക് കടന്നുവരുന്നത്. 1986ൽ പുറത്തിറങ്ങിയ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' ആയിരുന്നു സിദ്ദിഖും ലാലും ചേർന്നെഴുതിയ ആദ്യ തിരക്കഥ.

1989ൽ 'റാംജി റാവ് സ്പീക്കിങ്' എന്ന സിനിമ റിലീസ് ചെയ്‌തയോടെ സിദ്ദിഖ്-ലാൽ മലയാളത്തിന്റെ ഭാഗ്യ കൂട്ടുകെട്ടായി. പിന്നീട് 'ഇൻ ഹരിഹർനഗർ', 'ഗോഡ്ഫാദർ', 'കാബൂളിവാല' എന്നീ സിനിമകൾ ഈ ഹിറ്റ് കൂട്ടുകെട്ടിൽ നിന്നുണ്ടായി. തൊട്ടതെല്ലാം പൊന്നാക്കിയ ആ കൂട്ടുകെട്ട് കാബൂളിവാലയ്ക്ക് ശേഷം വേർപിരിഞ്ഞു.

മലയാള സിനിമയിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയും ഞെട്ടലുമായിരുന്നു സിദ്ദിഖ്-ലാൽ വേർപിരിയുന്നു എന്ന വാർത്ത. എന്നാൽ ആ വേർപിരിയലിന് ശേഷം സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ഹിറ്റ്ലർ, ഫ്രണ്ട്‌സ് തുടങ്ങിയ സിനിമകൾ ലാൽ തന്നെയാണ് നിർമ്മിച്ചത് എന്നതും ആ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/137575/lal-came-see-his-dear-friend-one-lasttime-NEW-UPDATE)