---
title: "#Siddique  | സംവിധായകൻ സിദ്ധിഖിന്‍റെ  സംസ്കാരം നാളെ "
english_title: "#Director #Siddique's #cremation #tomorrow"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137526/director-siddiques-cremation-tomorrow"
published_at: "2023-08-08T21:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d26ceeddd4a_siddique.jpg"
keywords: []
---

# #Siddique  | സംവിധായകൻ സിദ്ധിഖിന്‍റെ  സംസ്കാരം നാളെ 

> **Lead Summary:** അന്തരിച്ച സംവിധായകനും നടനുമായ സിദ്ധിഖിൻറെ സംസ്കാരം നാളെ . ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

## Article Content

അന്തരിച്ച സംവിധായകനും നടനുമായ സിദ്ധിഖിൻറെ സംസ്കാരം നാളെ . ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

നാളെ രാവിലെ സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൗരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും.

തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.

സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്.

ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു.

നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ധിഖ് കലാലോകത്തേയ്‍ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി.

മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ധിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/137526/director-siddiques-cremation-tomorrow)