റിയാലിറ്റി ഷോകളിലൂടെ ദിവസവും പുതിയ കോമഡികൾ രംഗത്തു വരുന്നത് സിനിമകളിലെ തമാശ എഴുത്തുകാരുടെ ജോലി കൂട്ടിയെന്ന് നടൻ ദിലീപ്. സിനിമയിൽ അവതരിപ്പിക്കാൻ കഴിയുന്ന നിലവാരമുള്ള തമാശകളാണ് ഇത്തരം ഷോകളിൽ വരുന്നത്.
അതു വീണ്ടും സിനിമയിൽ കാണിച്ചാൽ പ്രേക്ഷകർ സ്വീകരിക്കില്ല. അതിനു മേലെ നിൽക്കുന്ന ഹാസ്യം എഴുതലാണ് ഇപ്പോൾ എഴുത്തുകാരുടെ വെല്ലുവിളിയെന്നും ദിലീപ് പറഞ്ഞു. റാഫി സംവിധാനം ചെയ്ത വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻപ് ഹാസ്യം ചെയ്ത പ്രതിഭകളൊന്നും ഇപ്പോൾ നമ്മുടെ കൂടെ ഇല്ല. ഏറ്റവും വലിയ അദ്ഭുതമായ അമ്പിളി ചേട്ടൻ (ജഗതി ശ്രീകുമാർ) അപകടത്തെ തുടർന്ന് അഭിനയിക്കാൻ കഴിയാത്ത സാഹചര്യത്തിലുമാണ്. നമ്മളെ ഒരുപാട് ചിരിപ്പിച്ച കോമഡിയുടെ തമ്പുരാക്കന്മാർ പലരും മരണത്തിലൂടെ മാറ്റപ്പെട്ടു.
അവരുടെ വില എന്തായിരുന്നുവെന്ന് മരണം നമ്മളെ ഓർമപ്പെടുത്തുകയാണ്. അവർക്കു പകരം വയ്ക്കാവുന്നവരായി ആരുമില്ലെന്നും ദിലീപ് പറഞ്ഞു. സിഐഡി മൂസ, റൺവേ, ടു കൺട്രീസ് തുടങ്ങിയ ചിത്രങ്ങൾക്ക് രണ്ടാം ഭാഗം വേണമെന്ന് പ്രേക്ഷകർ ആവശ്യപ്പെടുമ്പോഴും ആദ്യ ഭാഗത്തിലെ പലരും ഇന്ന് ഒപ്പമില്ലാത്തത് വെല്ലുവിളി കൂട്ടുകയാണ്.
ആ സിനിമകൾക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ പണിയാണെന്നും ദിലീപ് പറഞ്ഞു. ഒരിടവേളയ്ക്കു ശേഷം തീയറ്ററുകളിലേക്ക് ചിരിക്കാലവുമായി എത്തുകയാണ് ദിലീപ്–റാഫി കൂട്ടുകെട്ടിന്റെ വോയിസ് ഒാഫ് സത്യനാഥൻ. ഹാസ്യത്തിന്റെ അകമ്പടിയിലാണ് കഥപറയുന്നതെന്നു സംവിധായകൻ റാഫി പറഞ്ഞു.

റാഫി ഉൾപ്പടെ മലയാള സിനിമയിലെ ഒരുപിടി സംവിധായകർ അഭിനേതാക്കളാകുന്ന ചിത്രത്തിൽ ദിലീപിനൊപ്പം ആദ്യമായി രമേശ് പിഷാരടിയും മുഴുനീള ഹാസ്യ വേഷത്തിലെത്തുന്നു. ജോജു ജോർജ്, സിദ്ദീഖ്, ജഗപതി ബാബു, വീണ നന്ദകുമാർ, ജോണി ആന്റണി ഉൾപ്പടെ വൻ താരനിരയാണ് വോയിസ് ഓഫ് സത്യനാഥനിൽ അഭിനയിക്കുന്നത്. ഒരു സാധാരണക്കാരനായ സത്യനാഥന് അയാളുടെ സംസാരം വരുത്തിവയ്ക്കുന്ന വിനയാണ് സിനിമയുടെ ഇതിവൃത്തം.
ഒരു സാധാരണക്കാരനു കൈകാര്യം ചെയ്യാവുന്നതിലപ്പുറം പ്രശ്നങ്ങളിലൂടെ സത്യനാഥന്റെ സംസാരം അയാളെ കൊണ്ടെത്തിക്കുന്നു. പ്രേക്ഷകരെ തീയറ്ററുകളിലേക്ക് മടക്കിക്കൊണ്ടുവരാൻ സിനിമയ്ക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി നടൻ ദിലീപും നിർമാതാവ് ബാദുഷായും പറഞ്ഞു. ഒരുപാട് നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു മുഴുനീള കോമഡി ചിത്രവുമായി ദിലീപ് എത്തുന്നത്. വോയിസ് ഓഫ് സത്യനാഥൻ പുതിയ കൂട്ടുകെട്ടുകളുടേതാണ്.
പിഷാരടി, ജോജു തുടങ്ങിയവരുടെ ഒപ്പം മുഴുനീള സിനിമ ആദ്യമായാണ്. ജൂഡ് ആന്റണി, ബോബൻ സാമുവേൽ എന്നീ സംവിധായകരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചിത്രം ഷൂട്ട് ചെയ്തിട്ടുണ്ട്. ഒരു പാൻ ഇന്ത്യൻ സിനിമയല്ല,
ഈ കഥാപാത്രത്തിന് അവിടെയെല്ലാം പോകേണ്ടി വരുന്നതു കൊണ്ടാണ് ഇത്രയും സ്ഥലങ്ങളിൽ ചിത്രീകരണം നടത്തിയതെന്നും ഒരു ബിഗ് ബജറ്റ് ചിത്രമാണിതെന്നും നിർമാതാവ് ബാദുഷാ പറഞ്ഞു. 14ന് ചിത്രം റിലീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. കേരളത്തിൽ 200ൽ അധികം തീയറ്ററുകളിലും ജിസിസി രാജ്യങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും ചിത്രം റിലീസ് ചെയ്യും. ഗൾഫിൽ ഹോം സ്ക്രീൻ എന്റർടെയിൻമെന്റാണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlight: #dileep #Comedy #standard #reality #shows


































