---
title: "#filmindustry | സിനിമ പ്രവർത്തകർക്ക് പൊലീസ് വേരിഫിക്കേഷൻ; നടപടി കുറ്റവാസനയുള്ളവർ സിനിമ സെറ്റിൽ കടന്നുകയറുന്നത് തടയാൻ "
english_title: "#filmindustry #Police #verification #action #prevent #criminals #entering #filmsets"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128805/filmindustry-police-verification-action-prevent-criminals-entering-filmsets"
published_at: "2023-07-09T12:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa5a510e0ce_shooting.jpg"
keywords: []
---

# #filmindustry | സിനിമ പ്രവർത്തകർക്ക് പൊലീസ് വേരിഫിക്കേഷൻ; നടപടി കുറ്റവാസനയുള്ളവർ സിനിമ സെറ്റിൽ കടന്നുകയറുന്നത് തടയാൻ 

> **Lead Summary:** **സി**നിമ പ്രവർത്തകർക്ക് പൊലീസ് വേരിഫിക്കേഷൻ നടപ്പാക്കാൻ തീരുമാനമായി.‌ സിനിമ രം​ഗത്ത് കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിനെ തു‌ടർന്നാണ് നടപടി. സിനിമ സെറ്റുകളിലും മറ്റും പുറത്ത് നിന്ന് സഹായികളായി എത്തുന്നവരുടെ വേരിഫിക്കേഷൻ റിപ്പോർട്ട് നൽകാനുള്ള സന്നദ്ധത അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ സിനിമ സംഘടനകൾക്ക് കത്തയച്ചിരുന്നു.

## Article Content

**സി**നിമ പ്രവർത്തകർക്ക് പൊലീസ് വേരിഫിക്കേഷൻ നടപ്പാക്കാൻ തീരുമാനമായി.‌ സിനിമ രം​ഗത്ത് കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിനെ തു‌ടർന്നാണ് നടപടി. സിനിമ സെറ്റുകളിലും മറ്റും പുറത്ത് നിന്ന് സഹായികളായി എത്തുന്നവരുടെ വേരിഫിക്കേഷൻ റിപ്പോർട്ട് നൽകാനുള്ള സന്നദ്ധത അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ സിനിമ സംഘടനകൾക്ക് കത്തയച്ചിരുന്നു.

താര സംഘടനയായ അമ്മയും ഫെഫ്ക റൈറ്റേഴ്സ് യൂണിയനും കേരളാ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇതിനെ സ്വാ​ഗതം ചെയ്തു. ഇതോടെ നടപടികൾക്ക് തുട‌ക്കമായിരിക്കുകയാണ്.‌ http:thuna.keralapolice.gov.in എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ വ്യക്തികളെ പറ്റി അന്വേഷണം നടത്തി വേരിഫിക്കേഷൻ നൽകാം എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

'കേരളത്തിന്റെ അഭിമാനമാണ് നമ്മുടെ സിനിമ മേഖല. അവിടെ കുറ്റവാസനയുള്ളവരെ തടഞ്ഞ് സുരക്ഷയൊരുക്കാനുള്ള ബാധ്യത പൊലീസിനുണ്ട്,' കെ സേതുരാമൻ പറഞ്ഞു. പുറത്തു നിന്ന് കരാറടിസ്ഥാനത്തിലാണ് പലപ്പോഴും ഡ്രൈവർമാർ, ക്ലീനർമാർ, മറ്റ് സഹായികൾ എന്നിവർ സിനിമാ സെറ്റുകളിൽ ജോലിക്കായി എത്തുന്നത്.

അതുകൊണ്ടുതന്നെ പശ്ചാത്തല പരിശോധന നിർമ്മാതാവിനോ അണിയറ പ്രവർത്തകർക്കോ എളുപ്പമല്ല. ഇങ്ങനെ ക്രിമിനൽ പശ്ചാത്തലമുളളവർ കടന്നുകൂടുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകുന്നതായി പരാതിയുയർന്നിരുന്നു. സിനിമ സെറ്റുകളിലെ ലഹരി ഉപയോ​ഗം വ്യാപകമാകുന്നെന്ന പരാതിയെ തുടർന്ന് വിവിധ സംഘടനകളുമായി പൊലീസ് ചർച്ച നടത്തിയപ്പോഴും ഇതേ പരാതിയാണ് ഉയർന്നുവന്നത്.

ഇതേതുടർന്നാണ് വേരിഫിക്കേഷൻ നടപടി മുന്നോട്ടുവെച്ചത്. ‌ലഹരി ഉപയോ​ഗം തടയാൻ സിനിമ സെറ്റുകളിൽ മിന്നൽ പരിശോധന നടത്തുമെന്നും നിരീക്ഷണത്തിനായി ഷാഡോ പൊലീസിനെ നിയോ​ഗിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വേരിഫിക്കേഷൻ നട‌പ‌ടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/128805/filmindustry-police-verification-action-prevent-criminals-entering-filmsets)