നടന് വിജയകുമാറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മകളും നടിയുമായ അര്‍ഥന ബിനു. വിജയകുമാറിന്‍റെ സഹായത്തോടെയല്ല താനും അനിയത്തിയും വളര്‍ന്നതെന്നും അമ്മ കഷ്ടപ്പെട്ടാണ് തങ്ങളെ വളര്‍ത്തിയതെന്നും അര്‍ഥന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
‘‘ഞാനും എന്‍റെ കുടുംബവും എന്‍റെ ബയോളജിക്കൽ ഫാദർ ആയ മിസ്റ്റർ വിജയകുമാറിന്‍റെ സാമ്പത്തികത്തിന്‍റെയോ പ്രശസ്തിയുടെയോ ഇമോഷനൽ സപ്പോർട്ടിന്‍റെയോ തണലിൽ ജീവിച്ചിട്ടുള്ളവരല്ല. തുണികൾ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാർലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്.

അതുകൊണ്ടു തന്നെ ബിനുവിന്‍റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് വിജയകുമാറിന്റെ മകളെന്ന് അറിയപ്പെടുന്നതിനേക്കാൾ എനിക്കിഷ്ടം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതുതന്നെ പൊലീസുപോലും പ്രൊട്ടക്‌ഷൻ ചെയ്യാനില്ലാല്ലോ എന്ന വിഷമത്തിലാണ്. പോസ്റ്റ് കണ്ടിട്ടെങ്കിലും പൊലീസ് ആക്‌ഷൻ എടുക്കട്ടെ എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം.
അച്ഛൻ ഇവിടെ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കുന്നതിനിടയിൽ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും അവിടെനിന്നും ആരും വരികയോ വിളിച്ചന്വേഷിക്കുകയോ ചെയ്തില്ല ( ഞങ്ങൾക്ക് കോടതിയുടെ പ്രൊട്ടക്‌ഷൻ ഓർഡർ ഉണ്ടായിട്ടു പോലും.) ഞങ്ങൾ മിസ്റ്റർ വിജയകുമാറിനെതിരെ ഫയൽ ചെയ്തിട്ടുള്ള നിരവധി നിയമപരമായ പരാതികൾ നിലനിൽക്കുമ്പോൾ തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നത് ഭയപ്പെടുത്തുന്നതാണ്.

ഒടുവിലത്തെ സംഭവം നടന്ന ദിവസം വൈകുന്നേരമാണ് ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് കണ്ട് രണ്ട് സ്‌പെഷൽ ബ്രാഞ്ച് ഓഫിസേഴ്സ് വന്നത്. മിസ്റ്റർ വിജയകുമാറിനെതിരെ പരാതി റജിസ്റ്റർ ചെയ്യണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവരുടെ നിർദേശ പ്രകാരമാണ് ഒടുവിൽ ശ്രീകാര്യം സ്റ്റേഷനിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ വന്നു മൊഴി എടുത്തത്. ഇനി ഞാൻ വർഷങ്ങളായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ ഭീകരത അറിയിക്കുവാനായി ചില കാര്യങ്ങൾ ഷെയർ ചെയ്തുകൊള്ളട്ടെ.

ഓർമവച്ച കാലം തൊട്ടേ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലാണ് ഞങ്ങളുടെ താമസം. എന്‍റെ ജീവിതത്തിൽ ആകെ രണ്ടു വർഷങ്ങൾ (LKG - UKG പഠിക്കുമ്പോൾ) മാത്രമാണ് അച്ഛനോടൊപ്പം എറണാകുളം ഫ്‌ളാറ്റിൽ ഞങ്ങൾ താമസിച്ചത്. അപ്പോൾ പോലും എറണാകുളത്ത് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം ഞങ്ങളുടെ കൂടെ താമസിക്കുന്നത് വല്ലപ്പോഴുമായിരുന്നു. എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ അയൽക്കാർ മാത്രമായിരുന്നു ഞങ്ങൾക്ക് സഹായത്തിന് ഉണ്ടായിരുന്നത്.
അന്നൊരിക്കൽ ആത്മഹത്യയുടെ വക്കിൽ നിന്ന് അമ്മയെ ഒന്ന് പിന്തിരിപ്പിച്ച് സഹായിക്കാൻ ഞാൻ കാലുപിടിച്ചു പറഞ്ഞിട്ടു പോലും ഒന്ന് അനങ്ങാത്ത വ്യക്തിയാണ് എന്‍റെ അച്ഛൻ. ആ സമയത്ത് അമ്മയുടെ ജോലി സ്ഥലത്ത് പോലും ഇദ്ദേഹം ബഹളം വച്ചിട്ടുണ്ട്.ഭക്ഷണത്തിനും വാടകയ്ക്കും പൈസ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് തിരിച്ച് അമ്മയുടെ വീട്ടിലേക്ക് ഞങ്ങൾ താമസമാക്കിയത്.

അതുകഴിഞ്ഞ് അച്ഛൻ തിരുവനന്തപുരത്ത് വരുമ്പോഴും ഇവിടെ ഷൂട്ട് ഉള്ളപ്പോഴും അദ്ദേഹത്തിന് താമസിക്കാൻ മാത്രമായി ഞങ്ങൾ താമസിക്കുന്ന വീട്. ഇന്നുവരെ എന്റെ ഫാമിലി അദ്ദേഹത്തെ കാണുന്നതിൽ നിന്നും എന്നെ സ്റ്റോപ്പ് ചെയ്തിട്ടില്ല, അനിയത്തിയെയും. ഒരിക്കൽ ജോലിക്ക് പോകുന്ന ഒരു ഭാര്യയെ വേണ്ട എന്നു പറഞ്ഞ് അമ്മയുടെ അടുത്ത് ബഹളം വച്ച് കുഞ്ഞായിരുന്ന എന്റെ അനിയത്തിയെ ബലംപ്രയോഗിച്ച് എടുത്തുകൊണ്ടു പോയി.
ഇങ്ങനെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായപ്പോഴാണ് 2015 ൽ നിയമപരമായി ബന്ധം വേർപെടുത്താൻ അമ്മ കുടുംബ കോടതിയെ സമീപിച്ചത്.2017ൽ ഇദ്ദേഹം വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി എല്ലാവരെയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസുകാർ ലാഘവത്തോടെ പെരുമാറുന്നത് കണ്ട ധൈര്യത്തിൽ അവരുടെ മുന്നിൽ വച്ചുപോലും എന്‍റെ മുഖത്തടിച്ചു മിസ്റ്റർ വിജയകുമാർ.

സിനിമയിൽ അഭിനയിക്കുക എന്നത് അന്നും ഇന്നും എന്റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമാണ്. സാമൂഹികമാധ്യമങ്ങളിലുള്ള എന്റെ വിവിധ ഭാഷകളിലെ അഭിമുഖങ്ങൾ നോക്കിയാലും അറിയാം മിസ്റ്റർ വിജയകുമാറിന്റെ പേരോ അദ്ദേഹത്തിന് ഞാനുമായുള്ള ബന്ധമോ എവിടെയും പരാമർശിച്ചിട്ടില്ല.ആങ്കറിങ്, മോഡലിങ്, ഷോർട്ട് ഫിലിംസ് എന്നിവയിൽ വർക്ക് ചെയ്ത് പതിയെയാണ് ഞാൻ എന്റെ പ്രഫഷൻ ഉണ്ടാക്കി എടുത്തത്.
പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ടെലിവിഷൻ ചാനലിലെ ഓൺ സ്ക്രീൻ പ്രോഗ്രാമിന്റെ അവതാരകയായിട്ടായിരുന്നു എന്റെ തുടക്കം. ഇദ്ദേഹത്തിന്റെ മകൾ എന്ന ലേബലിൽ അല്ല ഓഡിഷൻ വഴിയാണ് എനിക്ക് അവസരം ലഭിച്ചത്. ഇത് കേട്ടറിഞ്ഞ മിസ്റ്റർ വിജയകുമാർ തന്റെ സ്വാധീനം ഉപയോഗിച്ച് എന്നെ അതിൽ നിന്നും മാറ്റിച്ചു.

മറ്റൊരു ചാനലിൽ സ്മാർട്ട് ഷോ എന്ന പ്രോഗ്രാം ഞാൻ അവതരിപ്പിക്കുന്നത് അറിഞ്ഞ് ഇദ്ദേഹം ചാനലിനെതിരെ ലീഗൽ നോട്ടീസ് അയയ്ക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു. പക്ഷേ ചാനലിൽ ഉള്ളവർ എന്നെ മനസ്സിലാക്കി സപ്പോർട്ട് ചെയ്തു.പലപ്പോഴും ക്ലാസ്സ് അല്ലെങ്കിൽ പരീക്ഷയുടെ സമയത്ത് എറണാകുളത്ത് ഷൂട്ട് നടക്കുമ്പോൾ ഒഴിവുസമയങ്ങളിൽ അവിടെ തന്നെ ഇരുന്നായിരുന്നു പഠിത്തം.
ഷൂട്ടിൽ എന്റെ സമയമാകുമ്പോൾ ഷൂട്ടിലും പങ്കെടുത്ത് വിശ്രമിക്കുക പോലും ചെയ്യാതെ അതിരാവിലെ ട്രെയിൻ കയറി തിരുവനന്തപുരം മാറിവാനിയസ് കോളജിൽ എത്തുമായിരുന്നു. അന്നും ഇന്നും സ്വന്തമായ ഒരു വീടും സാമ്പത്തിക ഭദ്രതയുമായിരുന്നു എന്റെ ലക്‌ഷ്യം. ഞാൻ എന്റെ പിതാവിന്റെ സ്ഥാനത്ത് കാണുന്നത് എന്റെ അപ്പച്ചനെയാണ്,
അമ്മയുടെ അച്ഛനെ. അദ്ദേഹം ഇന്ന് ലോകത്ത് ഇല്ലെങ്കിൽ കൂടെ എന്നോട് കാണിച്ച സ്നേഹവും എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കാൻ അദ്ദേഹം കാണിച്ച കരുതലും ഒരിക്കലും മറക്കാൻ കഴിയില്ല. ആ അപ്പച്ചനെ പോലും തെറി വിളിക്കുകയും അക്രമിക്കുകയും ചെയ്ത മിസ്റ്റർ വിജയകുമാറിനെ ഞാൻ മരിക്കുന്നത് വരെ അച്ഛൻ എന്ന രൂപത്തിൽ കാണുവാൻ എനിക്ക് സാധിക്കില്ല.അദ്ദേഹത്തിന്റെ ശരികളല്ല എന്റെ ശരികൾ.
അദ്ദേഹം കണ്ട സിനിമയോ സിനിമക്കാരെയോ അല്ല ഞാൻ കണ്ടത്. ഞാൻ സിനിമയിൽ നിൽക്കുന്നത് ആ പ്രഫഷനെ ബഹുമാനിക്കുന്നത് കൊണ്ടാണ്. ഇത്രയും പുച്ഛമാണ് ഈ ജോലിയോട് എങ്കിൽ എന്തിന് വർഷങ്ങളായി അദ്ദേഹം ഇതിൽ തുടരുന്നു? അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിൽ ഒരു ജെൻഡർ മാത്രം വിചാരിച്ചാൽ ആണോ വ്യഭിചാരമോ സെക്ഷ്വൽ ആക്ടിവിറ്റിയോ നടക്കുന്നത്?
ലൈംഗിക അതിക്രമം പ്രായഭേദമന്യേ ഏത് ജോലിയിലും ഏത് സമയത്തും സ്വന്തം വീട്ടിൽ പോലും സംഭവിച്ചേക്കാം. അതിന് സിനിമയിൽ തന്നെ ജോലി ചെയ്യണമെന്നില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങളോട് എതിർപ്പ് പറയുവാനും ഏതെങ്കിലും രീതിയിൽ എവിടെവച്ച് ആണെങ്കിലും എന്നെ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ അവർക്കെതിരെ പ്രതികരിക്കാനും ഉള്ള ധൈര്യവും പിൻതുണയും എനിക്കുണ്ട്. ജീവിതത്തിലുടനീളം എന്റെ കുടുംബത്തെ ഉപേക്ഷിച്ച് കാത്തുരക്ഷിക്കാതെ വിട്ടിട് നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം എന്നെ അന്വേഷിക്കുന്ന മിസ്റ്റർ വിജയകുമാറിന്റെ സഹായവും കരുതലും എനിക്ക് ആവശ്യമില്ല.
Content Highlight: #ardhana #vijayakumar #malayalam #film #actress #actor




































