---
title: "ജനപ്രിയ പാട്ടുകളുടെ അമരക്കാരന് വിട "
english_title: "Farewell to the composer of popular songs"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12833/farewell-to-the-composer-of-popular-songs"
published_at: "2021-11-26T07:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a03bb11556a_bichu.jpg"
keywords: []
---

# ജനപ്രിയ പാട്ടുകളുടെ അമരക്കാരന് വിട 

> **Lead Summary:** ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്.

## Article Content

ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്.

1962-ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തിൽ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്.എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു. സി.ആർ.കെ. നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങൾ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എൻ.പി. അബുവിന്‍റെ സ്ത്രീധനവും പുറത്തു വന്നില്ല.

നടന്‍ മധു നിര്‍മ്മിച്ച അക്കല്‍ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയർത്തി. പിന്നീടങ്ങോട്ട് മൈനാകം കടലില്‍ നിന്നുണരുന്നുവോ...., ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....., വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം...,., ശ്രുതിയില്‍ നിന്നുയരും..., മൈനാകം..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ...തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങള്‍ ആ തൂലികയിൽ നിന്നു പിറന്നു.

ഏതൊരാളുടേയും മനസ്സിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളായിരുന്നു ബിച്ചുതിരുമലയുടെ മുഖമുദ്ര. ശ്യാം, എടി ഉമ്മർ, രവീന്ദ്രൻ, ദേവരാജൻ, ഇളയരാജ അടക്കമുള്ളവരുമായി ബിച്ചു തീർത്തത് ഹിറ്റ് പരമ്പരകൾ. കുഞ്ഞ് ഉറങ്ങണമെങ്കിൽ ബിച്ചുവിൻറെ പാട്ട് നിർബന്ധമാകും വിധം തീർത്തത് താരാട്ടുപാട്ടുകളുടെ വിസ്മയം.വഴുതക്കാടും ശാസ്തമംഗലത്തുമെല്ലാം നടന്നും ഓട്ടോയിൽ സഞ്ചരിച്ചുമെല്ലാം സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിച്ച അസാമാന്യ പാട്ടെഴുത്തുകാരൻ ബിച്ചുതിരുമലക്ക് വിട.

### Related Links & Sources
- [Original Story Source](https://moviemax.in/news/12833/farewell-to-the-composer-of-popular-songs)