---
title: "സുധി മെഡിക്കല്‍ കോളേജിലാണോ?, അതിരാവിലെ ഉറക്കത്തിനിടയിലാണ് ആ വാര്‍ത്ത അറിയുന്നത് - നസീര്‍ സംക്രാന്തി  "
english_title: "Naseer writes in Sankranti Vanita about a call he received on the eve of Sudhi's death."
publisher: "moviemax.in"
canonical_url: "https://moviemax.in/news/125020/naseer-writes-in-sankranti-vanita-about-a-call-he-received-on-the-eve-of-sudhis-death"
published_at: "2023-06-25T21:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64986acf3edb4_kollam_sudhi.jpg"
keywords: []
---

# സുധി മെഡിക്കല്‍ കോളേജിലാണോ?, അതിരാവിലെ ഉറക്കത്തിനിടയിലാണ് ആ വാര്‍ത്ത അറിയുന്നത് - നസീര്‍ സംക്രാന്തി  

> **Lead Summary:** മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു കൊല്ലം സുധി. സ്റ്റാര്‍ മാജിക്കിലൂടെയാണ് സുധി മലയാളികളുടെ വീടുകളിലേക്ക് എത്തുന്നത്. തങ്ങളെ എന്നും ചിരിപ്പിച്ചിരുന്ന സുധിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇപ്പോഴും മുക്തരായിട്ടില്ല.

## Article Content

മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു കൊല്ലം സുധി. സ്റ്റാര്‍ മാജിക്കിലൂടെയാണ് സുധി മലയാളികളുടെ വീടുകളിലേക്ക് എത്തുന്നത്. തങ്ങളെ എന്നും ചിരിപ്പിച്ചിരുന്ന സുധിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇപ്പോഴും മുക്തരായിട്ടില്ല.

സുധിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടനും മിമിക്രി താരവുമായ നസീര്‍ സംക്രാന്തി. സുധി മരിക്കുന്നതിന്റെ തലേന്ന് തനിക്ക് വന്നൊരു കോളിനെക്കുറിച്ചാണ് നസീര്‍ സംക്രാന്തി വനിതയില്‍ എഴുതുന്നത്.

സുധി സുഖമില്ലാതെ ആശുപത്രിയിലാണല്ലോ എന്ന് ചോദിച്ചായിരുന്നു നസീര്‍ സംക്രാന്തിയ്ക്ക് കോള്‍ വരുന്നത്. എ്ന്നാല്‍ ആ സമയത്ത് സുധി റിഹേഴ്‌സല്‍ ക്യാംപിലായിരുന്നു. പിറ്റേദിവസം രാവിലെ എഴുന്നേല്‍ക്കുന്നത് സുധിയുടെ മരണ വാര്‍ത്തയിലേക്കാണെന്നാണ് നസീര്‍ സംക്രാന്തി പറയുന്നത്.

''സുധിയുടെ അപകടം നടന്നതിന്റെ തലേന്ന് എനിക്ക് പരിചയമില്ലാത്ത ആരോ വിളിച്ചു. ചേട്ടാ കൊല്ലം സുധി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണോ? ഞാന്‍ പറഞ്ഞു അങ്ങനെയാണെങ്കില്‍ മെഡിക്കല്‍ കോളേജിന്റെ അടുത്ത് താമസിക്കുന്ന ഞാന്‍ അറിയേണ്ടേ. സുധിയെ വിളിച്ച് നീ ആശുപത്രിയിലാണോ എന്ന് ചോദിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് ഞാന്‍ ചില സുഹൃത്തുക്കളെ വിളിച്ചു.

സുധി ഏതോ പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാംപിലാണെന്ന് മനസിലായി'' നസീര്‍ സംക്രാന്തി പറയുന്നു. പിറ്റേന്ന് എനിക്ക് മഴവില്‍ മനോരമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. രാത്രി വൈകി നല്ല ക്ഷീണത്തോടെ കിടന്നുറങ്ങി. അതിരാവിലെ ഉറക്കത്തിനിടയിലാണ് ആ വാര്‍ത്ത അറിയുന്നത്.

കേട്ടപ്പോള്‍ തന്നെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. സുധി എനിക്ക് അത്രയ്ക്കും വേണ്ടപ്പെട്ട സുഹൃത്തായിരുന്നു. കഴിഞ്ഞ മാസം സൗദി അറേബ്യയില്‍ ഞങ്ങള്‍ ഒരുമിച്ച് പരിപാടിക്ക് പോയിരുന്നുവെന്നാണ് നസീര്‍ പറയുന്നത്. യാത്രകളിലാണ് കുടുംബകാര്യങ്ങളും മറ്റു വിശേഷങ്ങളുമൊക്കെ വിശദമായി സംസാരിക്കുന്നത്.

പലപ്പോഴും അവന്റെ വിഷമങ്ങളാണ് പറഞ്ഞിരുന്നത്. ഇന്നു പക്ഷെ ഒരുപാട് കാലമായി തുഴയുന്ന വഞ്ചി കര കണ്ടു തുടങ്ങുന്ന സന്തോഷത്തിലായിരുന്നു. അഞ്ചു സെന്റ് സ്ഥലം, അതിലൊരു ചെറിയ വീട്, മക്കളുടെ പഠനം ഇതൊക്കെയായിരുന്നു അവന്റെ കൊച്ചു കൊച്ചു സ്വപ്‌നങ്ങളെന്നാണ് താരം ഓര്‍ക്കുന്നത്. ''ആദ്യം കാണുന്നവരോട് പോലും വളരെ കാലത്തെ സൗഹൃദമുണ്ട് എന്ന് രീതിയിലാണു സുധി ഇടപെട്ടിരുന്നത്.

ഇല്ലായ്മകളും വല്ലായ്മകളുമൊക്കെ എന്നോട് പങ്കുവെക്കാന്‍ കാരണം ഞാനും അതേ സാഹചര്യങ്ങളിലൂടെ കടന്നു വന്ന ആളാണല്ലോ അതുകൊണ്ടാകും. വിദേശത്ത് പോകുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും എന്തെങ്കിലും വാങ്ങുമെന്നല്ലാതെ സ്വന്തമായി അവനൊന്നും വാങ്ങാറില്ലായിരുന്നു''. ''പുതിയ ഡ്രസിന്റെ മണമടിച്ചാല്‍ എനിക്ക് തലവേദന വരും എന്നൊക്കെ പറയും.

അതുകൊണ്ടാകാം സുധിയുടെ മൃതദേഹത്തില്‍ പുതിയ കോട്ടും സ്യൂട്ടും ഒക്കെ അണിയിച്ചപ്പോള്‍ അവന്റെ ഭാര്യ ചോദിച്ചത് പതിവില്ലാതെ പുതിയ ഡ്രസൊക്കെയിട്ട് എങ്ങോട്ടാണ് പോകുന്നത് എന്ന്. ആദ്യ ഭാര്യ പിരിഞ്ഞു പോകുമ്പോള്‍ കുഞ്ഞിന് ഒന്നര രണ്ട് വയസാണ് പ്രായം. കുഞ്ഞിന് പത്ത് വയസു കഴിഞ്ഞിട്ടാണ് സുധി പിന്നെ വിവാഹം കഴിച്ചത്. ആ വിവാഹം അവന് വലിയ ആശ്വാസവും സന്തോഷവുമായിരുന്നു''.

സുധിയെക്കുറിച്ച് ഒരുപാട് ഓര്‍ക്കാനുണ്ട്. എങ്കിലും കൊല്ലം സുധി കോട്ടയം മെഡിക്കല്‍ കോളേജില്‍ സുഖമില്ലാതെ കിടക്കുകയാണോ എന്ന് ചോദിച്ച് എന്നെ വിളിച്ചത് ആരാണ്? എന്ന് ചോദിച്ചു കൊണ്ടാണ് നസീര്‍ സംക്രാന്തി കുറിപ്പ് അവസാനിപ്പിക്കുന്നത്. ആ ഫോണ്‍ കോളിന് പിന്നില്‍ ആരെന്ന് ഇന്നും അദ്ദേഹത്തിന് അറിയില്ല. സുധിയുടെ മരണവുമായി ബന്ധപ്പെട്ടൊരു യാദൃശ്ചികതയായി നസീറിന്റെ മനസില്‍ ആ ഫോണ്‍ കോള്‍ എന്നും നിലനില്‍ക്കുമെന്നുറപ്പാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/125020/naseer-writes-in-sankranti-vanita-about-a-call-he-received-on-the-eve-of-sudhis-death)