---
title: "എന്റെ മോൾക്ക് കിട്ടിയില്ലെന്ന് അമ്മ പറഞ്ഞപ്പോൾആകെ തകർന്നുപോയി; അനുഭവം പങ്കു വച്ച് ശോഭന"
english_title: "I was devastated when my mother told me that she didn't get my mole; Shobhana shares her experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124201/i-was-devastated-when-my-mother-told-me-that-she-didnt-get-my-mole-shobhana-shares-her-experience"
published_at: "2023-06-22T12:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493f08b9211b_sobhana_1.jpg"
keywords: []
---

# എന്റെ മോൾക്ക് കിട്ടിയില്ലെന്ന് അമ്മ പറഞ്ഞപ്പോൾആകെ തകർന്നുപോയി; അനുഭവം പങ്കു വച്ച് ശോഭന

> **Lead Summary:** മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന നായികമാരിൽ ഒരാളാണ് ശോഭന. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരം ഇപ്പോൾ അത്ര സജീവമല്ല. വല്ലപ്പോഴും വന്ന് ഒന്നോ രണ്ടോ സിനിമകൾ സമ്മാനിച്ച് വീണ്ടും നൃത്തത്തിന്റെ ലോകത്തേക്ക് തിരിച്ചു പോകുന്നതാണ് നടിയുടെ പതിവ്. എങ്കിലും മലയാളികൾക്ക് ശോഭനയോടുള്ള ഇഷ്ടത്തിൽ യാതൊരു കുറവും ഇല്ല എന്നതാണ് സത്യം. 53-ാം വയസ്സിലും പഴയ അതേ ഊർജ്ജത്തോടെ നൃത്ത ലോകത്ത് തിളങ്ങുകയാണ് ശോഭന.

## Article Content

മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന നായികമാരിൽ ഒരാളാണ് ശോഭന. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരം ഇപ്പോൾ അത്ര സജീവമല്ല. വല്ലപ്പോഴും വന്ന് ഒന്നോ രണ്ടോ സിനിമകൾ സമ്മാനിച്ച് വീണ്ടും നൃത്തത്തിന്റെ ലോകത്തേക്ക് തിരിച്ചു പോകുന്നതാണ് നടിയുടെ പതിവ്. എങ്കിലും മലയാളികൾക്ക് ശോഭനയോടുള്ള ഇഷ്ടത്തിൽ യാതൊരു കുറവും ഇല്ല എന്നതാണ് സത്യം. 53-ാം വയസ്സിലും പഴയ അതേ ഊർജ്ജത്തോടെ നൃത്ത ലോകത്ത് തിളങ്ങുകയാണ് ശോഭന.

ഇപ്പോൾ സ്റ്റേജ് ഷോകളും ഡാൻസ് സ്‌കൂളുമൊക്കെയായി തിരക്കിലാണ് താരം. ഒപ്പം മറ്റു തെന്നിന്ത്യൻ ഭാഷകളിലും ശോഭന സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് ശോഭന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഒരു വർഷം 15 സിനിമകളിൽ വരെ ശോഭന അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ കൊണ്ടാടിയ മണിച്ചിത്രത്താഴ് എന്ന സിനിമയാണ് ശോഭനയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തത്.

ഫാസിൽ സംവിധാനം ചെയ്ത സിനിമയിൽ ഗംഗയായും നാഗവല്ലിയായും ശോഭന പകർന്നാടി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സിനിമയിലൂടെ ശോഭനയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. പുരസ്‌കാര പ്രഖ്യാപനത്തിന്റെ ദിവസമുണ്ടായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് ശോഭന ഇപ്പോൾ. മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി അവസാന പട്ടികയിൽ ഉൾപ്പെട്ടു എന്ന വിവരം ശോഭന നേരത്തെ അറിഞ്ഞിരുന്നു. വേളാങ്കണ്ണിയിലും, വീടിനടുത്തുള്ള മറ്റൊരു പള്ളിയിലും പോയി ശോഭന മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു.

പക്ഷെ വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ പ്രതികരണം തന്നെ തകർത്തു എന്നാണ് ശോഭന പറയുന്നത്. തിരിച്ചെത്തിയപ്പോഴേക്കും പുരസ്‌കാര നിർണയം കഴിഞ്ഞിരുന്നു. 'എന്റെ മോൾക്ക് കിട്ടിയില്ല' എന്നായിരുന്നു അമ്മയുടെ പ്രതികരണം. ഇത് തന്നെ ആകെ തളർത്തി എന്ന് ശോഭന പറയുന്നു. ഒരു തമാശ ഒപ്പിക്കാൻ മാത്രമേ അമ്മ കരുതിയിരുന്നുള്ളൂ. എന്നാൽ ആ വാക്കുകൾ തളർത്തി.

പക്ഷേ അച്ഛൻ അത്യന്തം ആഹ്‌ളാദത്തോടെ മകൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കുകയും ചെയ്തുവെന്ന് ശോഭന പറഞ്ഞു.വീണ്ടും ശോഭനയെ സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇടയ്ക്ക് ടെലിവിഷൻ പരിപാടികളിൽ അതിഥിയായും മറ്റും താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. സോഷ്യൽമീഡിയയിലൂടെ നൃത്ത വീഡിയോകളും വിശേഷങ്ങളുമെല്ലാം ശോഭ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124201/i-was-devastated-when-my-mother-told-me-that-she-didnt-get-my-mole-shobhana-shares-her-experience)