---
title: "എനിക്ക് കിട്ടാത്ത സ്നേഹം രേണു അമ്മ തന്നു, അച്ഛൻ‌ നല്ലൊരു ഫാമിലിയെ തന്നിട്ടാണ് പോയത്'; സുധിയുടെ മകൻ "
english_title: "My mother gave me the love I couldn't get, my father left me with a good family'; Son of Sudhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123305/my-mother-gave-me-the-love-i-couldnt-get-my-father-left-me-with-a-good-family-son-of-sudhi"
published_at: "2023-06-18T20:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f18046fcea_sudi1.jpg"
keywords: []
---

# എനിക്ക് കിട്ടാത്ത സ്നേഹം രേണു അമ്മ തന്നു, അച്ഛൻ‌ നല്ലൊരു ഫാമിലിയെ തന്നിട്ടാണ് പോയത്'; സുധിയുടെ മകൻ 

> **Lead Summary:** **മി**മിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വേർപാട് ഉൾക്കൊള്ളാൻ കലാലോകത്തിന് ഇനിയും സാധിച്ചിട്ടില്ല. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് സുധിയുടെ മരണവാർത്ത എത്തുന്നത്. പലരും ആദ്യം വിശ്വസിക്കാൻ തയ്യാറായില്ല. കേട്ടതൊന്നും സത്യമായിരിക്കരുതേയെന്ന് പ്രാർത്ഥിച്ചവർ വരെയുണ്ട്.രണ്ടാഴ്ച മുമ്പ് വടകരയിൽ 24 ന്യൂസിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് തൃശ്ശൂരിൽ വെച്ച് കൊല്ലം സുധിയും കൂട്ടുകാരും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

## Article Content

**മി**മിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വേർപാട് ഉൾക്കൊള്ളാൻ കലാലോകത്തിന് ഇനിയും സാധിച്ചിട്ടില്ല. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് സുധിയുടെ മരണവാർത്ത എത്തുന്നത്. പലരും ആദ്യം വിശ്വസിക്കാൻ തയ്യാറായില്ല. കേട്ടതൊന്നും സത്യമായിരിക്കരുതേയെന്ന് പ്രാർത്ഥിച്ചവർ വരെയുണ്ട്.രണ്ടാഴ്ച മുമ്പ് വടകരയിൽ 24 ന്യൂസിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് തൃശ്ശൂരിൽ വെച്ച് കൊല്ലം സുധിയും കൂട്ടുകാരും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

സുധിക്കായിരുന്നു ​ഗുരുതര പരുക്ക്.രക്തം വാർന്നൊഴുകി അവശനിലയിലായിരുന്ന താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം അപകടത്തിൽപ്പെട്ട മൂന്നുപേരും സുഖം പ്രാപിച്ച് വരുന്നു. ​ഗുരുതരമായി പരുക്കേറ്റ നടൻ ബിനു അടിമാലി കുറച്ച് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. വാക്കറിന്റെ സഹായത്തോടെയാണ് ബിനു അടിമാലി നടക്കുന്നത്. കഴിഞ്ഞ ദിവസം സുധിയുടെ കുടുബത്തെ സന്ദർശിക്കാൻ ബിനു കുടുംബത്തോടൊപ്പം എത്തിയിരുന്നു.

എല്ലാം നേരിൽ കണ്ട ആഘാതമുള്ളതിനാൽ രാത്രികളിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുണ്ടെന്ന് ബിനു അടിമാലി പറയുന്നു.സുധിയുടെ മരണം ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഒരാൾ താരത്തിന്റെ മൂത്തമകൻ രാഹുലാണ്. മകൻ കൂടി സമ്മതം പറഞ്ഞതുകൊണ്ട് മാത്രമാണ് അവന് ഒരു അമ്മയുടെ സ്നേഹം കിട്ടട്ടെയെന്ന് കരുതി കുറച്ച് വർഷം മുമ്പ് രേണുവിനെ സുധി വിവാ​ഹം ചെയ്തത്. രേണുവിൽ സുധിക്ക് മൂന്ന് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്.

സുധിയുടെ വേർപാടോടെ രേണുവിനും കുഞ്ഞിനും താങ്ങായി നിൽക്കുന്നത് രാ​ഹുലാണ്. അച്ഛൻ ഇല്ലെന്ന് കരുതി അമ്മ തന്നെ ഒഴിവാക്കിയിട്ടില്ലെന്നും അവരുടെ സ്നേഹം ഇപ്പോഴും ലഭിക്കുന്നതുകൊണ്ടാണ് അവർക്കൊപ്പം താൻ താമസിക്കുന്നെതെന്നും പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും പറയുകയാണ് രാഹുൽ‌. പൊതുവെ സ്റ്റേജ് ഷോകൾക്ക് പോകുമ്പോൾ സുധിക്കൊപ്പം രാഹുലും ഉണ്ടാകും.

കുഞ്ഞായിരുന്നപ്പോൾ മകനെ സ്റ്റേജിന് പിറകിൽ ഉറക്കി കിടത്തി സ്കിറ്റ് കളിക്കേണ്ട സാഹചര്യം വരെയുണ്ടായിരുന്നുവെന്ന് സുധി തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. രാ​ഹുൽ കുഞ്ഞായിരിക്കുമ്പോഴാണ് ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ച് പോയത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സുധിയും രേണുവും പ്രണയിച്ച് വിവാഹിതരായത്.

അച്ഛൻ കൂടെയില്ലെന്നൊരു തോന്നലില്ലെന്നും രേണു തനിക്ക് രണ്ടാനമ്മയല്ല... അമ്മ തന്നെയാണെന്നും രാഹുൽ പറയുന്നു. 'അച്ഛൻ കൂടെയില്ലെന്നൊരു തോന്നലില്ല. അച്ഛന് അപകടം പറ്റിയെന്ന് അനൂപേട്ടനാണ് ആദ്യം പറഞ്ഞത്. അപകടം സംഭവിച്ചു... പക്ഷെ അച്ഛനെ രക്ഷിക്കാൻ പറ്റിയില്ലെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ആദ്യം ഞാൻ പ്രാങ്കാണെന്നൊക്കെ കരുതി. അമ്മയോട് പറയാനും എനിക്ക് ധൈര്യമില്ലായിരുന്നു. മരണ വാർത്ത കേട്ടശേഷം ചുറ്റും നടക്കുന്നതൊന്നും മനസിലായില്ല.'

'എന്തൊക്കയോ ചെയ്തുവെന്ന് മാത്രം. ആദ്യം ട്രെയിനിൽ പോകാനായിരുന്നു അച്ഛൻ തീരുമാനിച്ചിരുന്നത്. പിന്നീടാണ് കാറിലാണ് പോകുന്നതെന്ന് അറിയിച്ചത്. അച്ഛനാണ് എന്നോട് വരണ്ടെന്ന് പറഞ്ഞത്. സാധാരണ ഞാനും അച്ഛനൊപ്പം പോകാറുള്ളതായിരുന്നുവെന്നും', രാഹുൽ പറയുന്നു. 'യാത്ര തിരിക്കും മുമ്പ് വിളിച്ചിരുന്നുവെന്നും അ‍ഞ്ച് മണിക്കൂർ കൊണ്ട് എത്താമെന്ന് പറഞ്ഞ് വെച്ചതാണെന്നും പുലർച്ചെ വിളിച്ചപ്പോൾ അച്ഛൻ കോൾ എടുത്തില്ലെന്നും', ​രാഹുൽ പറയുന്നു.

കൊല്ലം സുധിയുടെ മരണശേഷം സോഷ്യൽമീഡിയയിൽ വരുന്ന ചില കമന്റുകളും വാർത്തകളും അമ്മ രേണുവിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നും രാഹുൽ പറയുന്നു. 'ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് രേണു അമ്മ വന്നത്. അമ്മയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. അപ്പോൾ തന്നെ ഈ അമ്മ മതിയെന്ന് ഞാൻ അച്ഛനോട് പറഞ്ഞു.

എനിക്ക് കിട്ടാത്ത സ്നേഹം രേണു അമ്മ തന്നു. രണ്ടാനമ്മയൊന്നും അല്ല സ്വന്തം അമ്മ തന്നെയാണ്. ആ സ്നേഹത്തിന് ഇപ്പോഴും കുറവില്ല. അച്ഛൻ‌ നല്ലൊരു ഫാമിലിയെ എനിക്ക് തന്നിട്ടാണ് പോയത്.' 'മോശം കമന്റ് കണ്ട് അമ്മ സങ്കടപ്പെടുമ്പോൾ ഞാൻ ആശ്വസിപ്പിക്കാറുണ്ട്. കോട്ടയത്ത് നിൽക്കാനാണ് എനിക്കും അച്ഛനും എന്നും ഇഷ്ടം. അച്ഛന്റെ ആ​ഗ്രഹങ്ങളെല്ലാം സാധ്യമാക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും', രാഹുൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/123305/my-mother-gave-me-the-love-i-couldnt-get-my-father-left-me-with-a-good-family-son-of-sudhi)