---
title: "മമ്മൂട്ടി ചിത്രം ഡിസംബര്‍ 16 മുതല്‍"
english_title: "Mammootty movie from December 16"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12296/mammootty-movie-from-december-16"
published_at: "2021-11-23T10:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c75732ad21_.jpg"
keywords: []
---

# മമ്മൂട്ടി ചിത്രം ഡിസംബര്‍ 16 മുതല്‍

> **Lead Summary:** മമ്മൂട്ടി ആരാധകരുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമം. മമ്മൂട്ടി – കെ. മധു – എസ്.എന്‍. സ്വാമി ടീമിന്റെ സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രത്തിന് നവംബര്‍ 25 തിങ്കളാഴ്ച എറണാകുളത്ത് തുടക്കമാകും. സി.ബി.ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ എന്ന ബ്രാന്‍ഡ് വീണ്ടും അവതരിപ്പിക്കുമ്പോള്‍ പഴയ തലമുറയും പുതു തലമുറയും ഒരേ ആവേശത്തോടെ കാത്തിരിക്കുകയാണ്.

## Article Content

മമ്മൂട്ടി ആരാധകരുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമം. മമ്മൂട്ടി – കെ. മധു – എസ്.എന്‍. സ്വാമി ടീമിന്റെ സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രത്തിന് നവംബര്‍ 25 തിങ്കളാഴ്ച എറണാകുളത്ത് തുടക്കമാകും. സി.ബി.ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ എന്ന ബ്രാന്‍ഡ് വീണ്ടും അവതരിപ്പിക്കുമ്പോള്‍ പഴയ തലമുറയും പുതു തലമുറയും ഒരേ ആവേശത്തോടെ കാത്തിരിക്കുകയാണ്.

ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം വരുന്നതും ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും അഞ്ച് ഭാഗങ്ങളിലും ഒന്നിക്കുന്നതും മലയാള സിനിമയില്‍ ഇതാദ്യമാണ്.

ഡിസംബര്‍ 16ന് സി.ബി.ഐ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. മമ്മൂട്ടിക്കൊപ്പം രണ്‍ജി പണിക്കര്‍, സായ്കുമാര്‍, രമേഷ് പിഷാരടി, ആശാശരത്ത് എന്നിവരാണ്‌സി.ബി.ഐ അഞ്ചാം ഭാഗത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനമൊരുക്കുന്നത് പുതുതലമുറയിലെ ശ്രദ്ധേയനായ ജേക്‌സ് ബിജോയ് ആണ്.

സി.ബി.ഐയുടെ മുന്‍ ഭാഗങ്ങളിലെപ്പോലെ ശ്യാം ഒരുക്കിയ ഐക്കണിക് തീം മ്യൂസിക്ക് കാലാനുസൃതമായ മാറ്റങ്ങളോടെ അഞ്ചാം ഭാഗത്തില്‍ പുനഃസൃഷ്ടിക്കപ്പെടുന്നുണ്ട്. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ് ഉള്‍പ്പെടെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ കാമറാമാനായ അഖില്‍ ജോര്‍ജാണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1988ല്‍ ആണ് സി.ബി.ഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്തത്. കേരളത്തിലും കേരളത്തിന് പുറത്തും ഉജ്ജ്വല വിജയം നേടിയ ചിത്രം കേരളത്തിന് പുറത്ത് മലയാള സിനിമയുടെ കീര്‍ത്തിയും മാര്‍ക്കറ്റ് വാല്യുവും ഉയര്‍ത്തിയ സിനിമയാണ്.

പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സി.ബി.ഐ പുതിയ തലമുറ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

സി.ബി.ഐ സീരീസിലെ ഏറ്റവും വലിയ പണവാരിപ്പടമായ സേതുരാമയ്യര്‍ സി.ബി.ഐ മാറി. തൊട്ടടുത്ത വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ നാലാം ഭാഗമായ നേരറിയാന്‍ സി.ബി.ഐ സാമാന്യവിജയത്തിലൊതുങ്ങി. സംവിധായകന്‍ കെ. മധുവിന്റെ ബാനറായ കൃഷ്ണകൃപയാണ്ഇരുചിത്രങ്ങളും നിര്‍മ്മിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12296/mammootty-movie-from-december-16)