---
title: "അന്ന് അതൊക്കെ കാണുമ്പോൾ എനിക്ക് നാണക്കേട് തോന്നുമായിരുന്നു, ഇന്ന് ഞാനും ചേച്ചിയെ പോലെ മാറി; ഉർവ്വശി"
english_title: "I used to feel ashamed when I saw all that, today I have become like sister; Urvashi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122227/i-used-to-feel-ashamed-when-i-saw-all-that-today-i-have-become-like-sister-urvashi"
published_at: "2023-06-14T10:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64894ba3e6387_urvashi.jpg"
keywords: []
---

# അന്ന് അതൊക്കെ കാണുമ്പോൾ എനിക്ക് നാണക്കേട് തോന്നുമായിരുന്നു, ഇന്ന് ഞാനും ചേച്ചിയെ പോലെ മാറി; ഉർവ്വശി

> **Lead Summary:** പ്രേക്ഷർക്ക് പ്രിയങ്കരിയായ നടിയാണ് ഉർവ്വശി . അഭിനയിച്ച എല്ലാ സിനിമകളും എന്നും മലയാളി മനസ്സുകളിൽ കാത്തുസൂക്ഷിക്കാൻ കഴിയുന്നതാണ് . നായിക, സഹനടി, നെ​ഗറ്റീവ് കഥാപാത്രങ്ങൾ തുടങ്ങി ഏതുതരം വേഷവും ഉർവ്വശി അവതരിപ്പിക്കുമായിരുന്നു. 

## Article Content

പ്രേക്ഷർക്ക് പ്രിയങ്കരിയായ നടിയാണ് ഉർവ്വശി . അഭിനയിച്ച എല്ലാ സിനിമകളും എന്നും മലയാളി മനസ്സുകളിൽ കാത്തുസൂക്ഷിക്കാൻ കഴിയുന്നതാണ് . നായിക, സഹനടി, നെ​ഗറ്റീവ് കഥാപാത്രങ്ങൾ തുടങ്ങി ഏതുതരം വേഷവും ഉർവ്വശി അവതരിപ്പിക്കുമായിരുന്നു. 

ഇന്നത്തെ യുവനടിമാർക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്ത കഥാപാത്രം പതിമൂന്നാം വയസിൽ മുന്താണൈ മുടിച്ച് എന്ന സിനിമയിൽ അവതരിപ്പിച്ച് തെന്നിന്ത്യയെ തന്നെ വിസ്മയിപ്പിക്കാൻ ഉർവ്വശിക്ക് സാധിച്ചിരുന്നു. ഇന്നും ഉർവ്വശിയെ റോൾ മോഡലായി കാണുന്ന, ആരാധിക്കുന്ന നിരവധി അഭിനേതാക്കളുണ്ട്. 

ചാൾസ് എന്റർപ്രൈസസാണ് ഉർവ്വശിയുടേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ.  സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങൾ ഉർവ്വശി പങ്കുവെച്ചു.

ഒട്ടും താൽപര്യമില്ലാതെ അഭിനയിക്കാൻ പോയിരുന്ന കാലഘട്ടമുണ്ടായിരുന്നുവെന്നും ഉർവ്വശി പറയുന്നു. 'പതിമൂന്നാം വയസിലാണ് മുന്താണൈ മുടിച്ച് ചെയ്തത്. ആ പ്രായത്തിൽ നായിക വേഷം ചെയ്ത് ഇൻകം ടാസ്ക് അടച്ച നായിക ചിലപ്പോൾ ഞാൻ മാത്രമായിരിക്കും.' 

'തുടക്കകാലത്ത് അഭിനയിക്കാൻ സിനിമാ സെറ്റുകളിലേക്ക് പോയിരുന്നത് ഒട്ടും താൽപര്യമില്ലാതെയാണ്. സംവിധായകരെ പരമാവധി ഇറിറ്റേറ്റ് ചെയ്യുമായിരുന്നു. എന്നെ അവർ സിനിമയിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തിരുന്നത്. പക്ഷെ ഒന്നും ഫലം കണ്ടില്ല.

അമ്പത് പടം കഴിയുന്നത് വരെ അഭിനയം എന്റെ പ്രൊഫഷനായി ഞാൻ എടുത്തിരുന്നില്ല.' 'നൂറ് സിനിമയൊക്കെ കഴിഞ്ഞശേഷമാണ് ഇനി പഠനമൊന്നും ഇല്ല... എല്ലാം സിനിമയും അഭിനയവും തന്നെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്', ഉർവ്വശി പറയുന്നു. സഹോദരി കൽപ്പനയുടെ രസകരമായ ഓർമകളും ഉർവ്വശി പങ്കുവെച്ചു. വിദേശത്ത് പോകുമ്പോൾ നാട്ടിലെ ഭക്ഷണം കഴിക്കാനുള്ള കൊതികൊണ്ട് കാണാൻ വരുന്നവരോടെല്ലാം ഹോംലി ഫുഡ് ഉണ്ടോയെന്ന് കൽപ്പന ചോ​ദിക്കുമായിരുന്നുവെന്നാണ് ഉർവ്വശി പറയുന്നത്. 

'ഞങ്ങൾ വിദേശത്തൊക്കെ പോകുമ്പോൾ സന്തോഷം പ്രകടിപ്പിക്കാനും അഭിപ്രായം പറയാനുമൊക്കെ ആളുകൾ വരും. അവിടുത്തെ ഭക്ഷണം കഴിച്ച് മടുത്തതുകൊണ്ട് കൽപ്പന ആ​ദ്യം ഹോംലി ഫുഡിനെ കുറിച്ച് ചോദിച്ച് അവരുടെ പക്കൽ നിന്നും വാങ്ങി കഴിക്കും. കൽപ്പന ചേച്ചിക്ക് ഒരു മടിയും അക്കാര്യത്തിൽ ഇല്ല.'

'അന്ന് അതൊക്കെ കാണുമ്പോൾ എനിക്ക് നാണക്കേട് തോന്നുമായിരുന്നു. അമ്മയോട് ഇതിന്റെ പേരിൽ ഞാൻ കൽപ്പനയെ കുറിച്ച് പരാതിപ്പെടുകയും ചെയ്യുമായിരുന്നു. ഇന്ന് ഞാനും ചേച്ചിയെ പോലെ മാറി. വിദേശത്ത് പോയാൽ പരിചയപ്പെടാൻ വരുന്നവരോട് ഹോംലി ഫുഡിനെ കുറിച്ച് ചോദിച്ച് അവർ ഉണ്ടാക്കി തരുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും', ഉർവ്വശി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/122227/i-used-to-feel-ashamed-when-i-saw-all-that-today-i-have-become-like-sister-urvashi)