---
title: "കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റില്‍ പീഡന ശ്രമമുണ്ടായി; വെളിപ്പെടുത്തലുമായി  നിര്‍മാതാവ്  ദിനേശ് പണിക്കര്‍ "
english_title: "There was an attempted rape on the sets of Kunchacko Boban; Revealed by producer Dinesh Panicker"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119611/there-was-an-attempted-rape-on-the-sets-of-kunchacko-boban-revealed-by-producer-dinesh-panicker"
published_at: "2023-06-04T19:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c9f8c30560_dinesh_panikkar.jpg"
keywords: []
---

# കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റില്‍ പീഡന ശ്രമമുണ്ടായി; വെളിപ്പെടുത്തലുമായി  നിര്‍മാതാവ്  ദിനേശ് പണിക്കര്‍ 

> **Lead Summary:** നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ താൻ നിര്‍മിച്ചതും അഭിനയിച്ചതുമായി സിനിമകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ് . എന്നാൽ ഇപ്പോൾ താൻ നിര്‍മിച്ച സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവമാണ് ദിനേശ് പണിക്കര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

## Article Content

നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ താൻ നിര്‍മിച്ചതും അഭിനയിച്ചതുമായി സിനിമകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ് . എന്നാൽ ഇപ്പോൾ താൻ നിര്‍മിച്ച സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവമാണ് ദിനേശ് പണിക്കര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

തന്റെ ഒരു സിനിമാ സെറ്റില്‍ പീഡന ശ്രമമുണ്ടായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ദിനേശ് പണിക്കര്‍ നിര്‍മിച്ച ഹിറ്റ് സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായ 'മയില്‍പ്പീലിക്കാവ്'. ചിത്രത്തിന്റെ വിശേഷങ്ങള്‍ പറയവേയാണ് ദിനേശ് പണിക്കര്‍ ആ ഞെട്ടിച്ച സംഭവവും വെളിപ്പെടുത്തിയത്.

അന്ന് 'മയില്‍പ്പീലിക്കാവി'ന്റെ ഷൂട്ടിംഗിന് കുറേ കുട്ടികള്‍ വന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും. കുട്ടികള്‍ക്കൊപ്പം ചാക്കോച്ചൻ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോള്‍ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല.

പക്ഷേ ഒരു മുറിയില്‍ കൊണ്ടുപോയി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇയാളുടെ ഉദ്ദേശ്യം മോശമാണ് എന്ന് ആ പ്രായത്തില്‍ തന്നെ കുട്ടി മനസ്സിലാക്കുകയും ബഹളം വച്ച് ഓടി പുറത്തേക്ക് വരികയും ചെയ്തപ്പോള്‍ സെറ്റില്‍ എല്ലാവരും ഇതറിഞ്ഞു. ബഹളംകേട്ട് അന്നത്തെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രഞ്‍ജിത്ത് എത്തി.ഞാനടക്കം അന്തംവിട്ട് നോക്കിനില്‍ക്കുമ്പോള്‍ കാണുന്നത് എന്തെന്ന് വെച്ചാല്‍ രഞ്‍ജിത്ത് പോയി പടേയെന്നും പറഞ്ഞ് ആ പയ്യന്റെ മുഖത്ത് ഒരു അടി കൊടുക്കുകയും ചെയ്തു .

മാത്രമല്ല രഞ്‍ജിത്ത് ആ പയ്യനെ ഈ സെറ്റില്‍ ഇനി ഒരു സെക്കൻഡ് പോലും നിന്നെ കണ്ടുപോകരുത് ഇറങ്ങിപ്പോടാ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ പറഞ്ഞുവിട്ടു . അങ്ങനെ അന്ന് മാതൃക കാണിക്കാൻ അവിടെ രഞ്‍ജിത്ത് എന്ന കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. അതിനുശേഷം ആ സെറ്റ് മികച്ചതായിരുന്നു. ഒപ്പം അന്ന് അങ്ങനെ ചെയ്ത ആ പയ്യന്റെ പേരു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ദിനേശ് പണിക്കര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/119611/there-was-an-attempted-rape-on-the-sets-of-kunchacko-boban-revealed-by-producer-dinesh-panicker)