---
title: "'ലൊക്കേഷനില്‍ വന്ന് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു; ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി 'ബൈനറി' സിനിമയുടെ അണിയറക്കാര്‍"
english_title: "The director and crew of the movie 'Binary' have made serious allegations against actor and director Joy Mathew."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117488/the-director-and-crew-of-the-movie-binary-have-made-serious-allegations-against-actor-and-director-joy-mathew"
published_at: "2023-05-27T13:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471ba3a2c6bc_joy.jpg"
keywords: []
---

# 'ലൊക്കേഷനില്‍ വന്ന് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു; ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി 'ബൈനറി' സിനിമയുടെ അണിയറക്കാര്‍

> **Lead Summary:** നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ‘ബൈനറി’ സിനിമയുടെ സംവിധായകനും അണിയറപ്രവര്‍ത്തകരും. ലൊക്കേഷനില്‍ വന്ന് ജോയ് മാത്യു സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു.

## Article Content

നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ‘ബൈനറി’ സിനിമയുടെ സംവിധായകനും അണിയറപ്രവര്‍ത്തകരും. ലൊക്കേഷനില്‍ വന്ന് ജോയ് മാത്യു സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു.

തിരക്കഥ മാറ്റിയെഴുതണം എന്ന് പറഞ്ഞു. കോസ്റ്റിയൂം വരെ വലിച്ചെറിഞ്ഞു എന്നാണ് സംവിധായകനും ചിത്രത്തിന്റെ സംഗീത സംവിധായകനും പറയുന്നത്. ”ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ പ്രൊമോഷന് വേണ്ടി സഹകരിച്ചിട്ടില്ല.

സിനിമയില്‍ അഭിനയിച്ച ജോയ് മാത്യു പ്രൊമോഷനില്‍ സഹകരിക്കാത്തതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന, ജോയ് മാത്യു എന്റെ വാക്കുകള്‍ക്ക് ഒരു പ്രതികരണവും നല്‍കിയിട്ടില്ല. ഷിജോയ് വര്‍ഗീസ്, കൈലാഷ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ട്.”

”അവരും പ്രൊമോഷനില്‍ സഹകരിച്ചില്ല. മുഴുവന്‍ പ്രതിഫലവും വാങ്ങിയിട്ടാണ് അവര്‍ അഭിനയിക്കാന്‍ വരുന്നത്. ഒരു രൂപ കുറഞ്ഞാല്‍ വരില്ല. സിനിമയ്ക്ക് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഫലം പറയുന്നത്. അത് അക്കൗണ്ടില്‍ വന്നതിന് ശേഷമാണ് അവര്‍ ഷൂട്ടിംഗിന് വരുന്നത്” എന്നാണ് സംവിധായകന്‍ ജാസിക് അലി പറയുന്നു.

”രണ്ടാം ഷെഡ്യൂളില്‍ സിനിമ മുടങ്ങുന്ന ഒരു അവസ്ഥ വന്നു എന്നാണ് സംഗീത സംവിധായകന്‍ രജേഷ് ബാബു പറയുന്നത്. ആദ്യത്തെ നിര്‍മ്മാതാവ് ജോയ് മാത്യുവിനെയാണ് ആദ്യം ചെന്ന് കണ്ടത്. തിരക്കഥ കൊടുത്തപ്പോള്‍ കൊള്ളാം, നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.

പക്ഷേ ലൊക്കേഷനില്‍ വന്നിട്ട് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു. എനിക്ക് ചെയ്യാന്‍ പറ്റില്ല, ഈ ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ല, മാറ്റിയെഴുതണം എന്ന് പറഞ്ഞു.” ”എട്ട്, ഒമ്പത് മാസം ഇരുന്ന് കഷ്ടപ്പെട്ട് എഴുതിയ സ്‌ക്രിപ്റ്റ് മാറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

അനീഷ് രവിയും കൈലാഷും ചേര്‍ന്നാണ് തിരക്കഥ തിരുത്തി എഴുതിയത്. മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു വന്നത് അര ദിവസമാണ്. സാമ്പാറിന്റെ അംശം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു. ഈ ക്യാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ല എന്നും പറഞ്ഞു.”

”ഒരു അഭിനേതാവിന് ഇത് പറയേണ്ട ആവശ്യമുണ്ടോ, എനിക്കറിയില്ല. ഈ സിനിമയില്‍ അഭിനയിച്ചവരൊന്നും ബാങ്കബിള്‍ ആര്‍ട്ടിസ്റ്റുകളല്ല. അവരെ വച്ച് സാറ്റലൈറ്റ്, ഒ.ടി.ടി ബിസിനസ് ഒന്നും നടക്കില്ല. അവരുടെ ഉത്തരവാദിത്തമാണ് സിനിമ പ്രൊമോട്ട് ചെയ്യുക എന്നത്. അത് ഉണ്ടായില്ല” എന്നാണ് രാജേഷ് ബാബു പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117488/the-director-and-crew-of-the-movie-binary-have-made-serious-allegations-against-actor-and-director-joy-mathew)