മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി . പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമാണ് മമ്മൂട്ടിയുടേത് എന്ന പ്രചാരണം സിനിമയിലുണ്ടെങ്കിലും അങ്ങനെയല്ലെന്ന് സഹതാരങ്ങള്‍ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവച്ചെത്തിയ നടന്‍ വിനോദ് കോവൂരിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ‘വര്‍ഷം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എടാ എന്ന് വിളിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ മമ്മൂട്ടി ദേഷ്യപ്പെട്ടു എന്നാണ് വിനോദ് കോവൂര്‍ പറയുന്നത്.

വര്‍ഷത്തില്‍ ഞാന്‍ മമ്മൂക്കയെ എടാ എന്ന് വിളിക്കുന്ന രംഗമുണ്ട്. പക്ഷേ മമ്മൂക്കയെ എടാ എന്ന് വിളിക്കാന്‍ തോന്നുന്നില്ല. ഇത്രയും ബഹുമാനിക്കുന്ന ഒരു നടനെ കേറി എങ്ങനെ എടാ എന്ന് വിളിക്കും.
സംവിധായകനോട് സംസാരിച്ചപ്പോള്‍ ‘കഥാപാത്രമല്ലേ വിനോദേ, വിളിക്കാതിരിക്കാന്‍ പറ്റുമോ’ എന്ന് സംവിധായകന്‍ ചോദിച്ചു. എന്നാല്‍ അത് വിളിച്ചതിന്റെ പേരില്‍ ഒരുപാട് പൊല്ലാപ്പുണ്ടായി. മമ്മൂക്ക പിണങ്ങി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് ഒക്കെ നിര്‍ത്തി വച്ചു. മമ്മൂക്കയുടെ കയ്യില്‍ പിടിക്കുന്ന സീന്‍ എടുക്കണം.

പക്ഷേ മമ്മൂക്ക കൈ തരാതെ മാറി നിന്നു. സംവിധായകന്‍ കട്ട് പറഞ്ഞു. എന്താ കൈ പിടിക്കാഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക കൈ തന്നില്ല എന്ന് താന്‍ പറഞ്ഞു. മമ്മൂക്കാ, കൈ കൊടുക്കണം എന്ന് സംവിധായകന്‍ പറഞ്ഞു.
‘ഞാന്‍ അവന് കൈ കൊടുക്കില്ല, അവന്‍ എന്നെ എടാ പോടാന്ന് വിളിച്ചത് കേട്ടില്ലേ’ എന്നായി മമ്മൂക്ക. താനും ഡയറക്ടറുമൊക്കെ സോറി പറഞ്ഞു. ക്യാമറമാനൊക്കെ ഇറങ്ങി വന്നു. ആകെ പ്രശ്നമായി. മമ്മൂക്ക ആരും പറയുന്നത് കേള്‍ക്കുന്നില്ല. ‘മമ്മൂക്കാ, എന്റെ കഥാപാത്രമാണ് പറഞ്ഞത് ഞാനല്ല’ എന്ന് ഞാന്‍ പറഞ്ഞു. ‘ഓ, അതാണ് കാര്യമല്ലേ, എന്നാല്‍ പിന്നെ കൈ പിടിച്ചോ’ എന്ന് പറഞ്ഞ് മമ്മൂക്ക കൈ തന്നു.
അദ്ദേഹം ഒരു നമ്പര്‍ കാണിച്ചതായിരുന്നു. ഒരു അഞ്ച് മിനുട്ടത്തേക്ക് എല്ലാവരും പേടിച്ചു പോയി. സംവിധായകനും മമ്മൂക്കയും അഭിനയിച്ചതാണ്. പക്ഷേ ബാക്കി എല്ലാവരും പേടിച്ചു പോയി എന്നാണ് വിനോദ് കോവൂര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
Content Highlight: The words of actor Vinod Kovoor, who shared his experience with Mammootty, are now gaining attention.


































