---
title: "മരിച്ച ജോഗിയുടെ മുഖം ഞാന്‍ കണ്ടിട്ടില്ല, മുഖമൊക്കെ വികൃതമായിട്ടുണ്ടെന്നാണ് പറഞ്ഞു കേട്ടത്; മനസ്സ് തുറന്ന് ജിജി"
english_title: "I have not seen the dead Jogi's face; Open your mind jiji"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117304/i-have-not-seen-the-dead-jogis-face-open-your-mind-jiji-new"
published_at: "2023-05-26T17:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647098de60496_jiji.jpg"
keywords: []
---

# മരിച്ച ജോഗിയുടെ മുഖം ഞാന്‍ കണ്ടിട്ടില്ല, മുഖമൊക്കെ വികൃതമായിട്ടുണ്ടെന്നാണ് പറഞ്ഞു കേട്ടത്; മനസ്സ് തുറന്ന് ജിജി

> **Lead Summary:** സന്തോഷ് ജോഗിയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച നടന്‍. 

## Article Content

സന്തോഷ് ജോഗിയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച നടന്‍. 

ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോഗിയെക്കുറിച്ചും ജോഗിയുടെ സാന്നിധ്യമില്ലാതെ ജീവിതത്തില്‍ താന്‍ താണ്ടിയ ദൂരത്തെക്കുറിച്ചുമൊക്കെ ജിജി മനസ് തുറക്കുകയാണ്. തീര്‍ത്തും കാല്‍പ്പനികമായി ജീവിച്ചു വന്ന ഘട്ടത്തില്‍ നിന്നുമാണ് ബാധ്യതകളുടെ ലോകത്തേക്ക് വീണു പോകുന്നത് എന്നാണ് ജിജി പറയുന്നത്.

അതിനേക്കാള്‍ അപ്പുറത്തായി പ്രണയം കൂടെയില്ലാത്ത ഒരു യാത്രയായിരുന്നുവെന്നും ജിജി പറയുന്നു. സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ജപ്തി നോട്ടീസ് ഒട്ടിച്ച വീട്ടിലാണ് ജോഗി മരിക്കുമ്പോള്‍ താമസിച്ചിരുന്നത്. അവിടെ നിന്നും മക്കളേയും മാതാപിതാക്കളേയും കൂട്ടി ഇറങ്ങി. ശരിക്കും തെരുവിലേക്കാണ് ഇറങ്ങിയത് എന്നാണ് ജിജി പറയുന്നത്. 

തുടര്‍ന്നങ്ങോട്ട് ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടമായിരുന്നു ജിജിയുടെ ജീവിതം. സ്വന്തമായൊരു വീടും സംരംഭങ്ങളുമൊക്കെ ഉണ്ടാക്കിയെടുക്കാന്‍ ജിജി രാപകലില്ലാതെ അധ്വാനിച്ചു. 18ഉം 20ഉം മണിക്കൂര്‍ ജോലി ചെയ്താണ് വീടുണ്ടാക്കുന്നത്. പതിയെ പതിയെ ഇഷ്ടങ്ങളിലേക്കും അടുത്ത തലങ്ങളിലേക്കും മാറാന്‍ ജീവിതം പ്ലാന്‍ ചെയ്തു. ഇപ്പോഴും ആ യാത്രയിലാണ്. പക്ഷെ ജീവിതത്തെ മാനേജ് ചെയ്യാന്‍ പഠിച്ചിട്ടുണ്ട് ഈ യാത്രയിലൂടെ എന്ന് ജിജി പറയുന്നു.

ജപ്തി നോട്ടീസ് അടിച്ച വീട്ടിലായിരുന്നു ജോഗി മരിക്കുമ്പോള്‍ ജിജിയും കുടുംബവും. ജോഗിയ്ക്ക് ഒരു ഷോര്‍ട്ട് ഫിലിമില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ വേണ്ടി ലോണ്‍ എടുത്തതായിരുന്നു. പക്ഷെ അത് തിരിച്ചടക്കാനായില്ലെന്നാണ് ജിജി പറയുന്നത്. ആദ്യത്തെ നാലഞ്ച് വര്‍ഷം പല ജോലികളും ചെയ്തു. ഡബ്ബിംഗും ഓണ്‍ലൈന്‍ ജോലിയും ആയുര്‍വേദ സ്ഥാപനത്തിലെ ജോലിയും ട്യൂഷനുമൊക്കെ ചെയ്തു. പിന്നെ സ്ട്രക്ചര്‍ മാത്രമുള്ളൊരു വീട്ടിലേക്ക് മാറി. തുടര്‍ന്നാണ് തന്റെ ഇഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും പബ്ലിക്കേഷന്‍സ് ആരംഭിക്കുന്നതെന്നും ജിജി പറയുന്നു.

തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയും അഭിമുഖത്തില്‍ ജിജി ഓര്‍ക്കുന്നുണ്ട്. ജിജി പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ജോഗിയെ കാണുന്നത്. രണ്ടു പേരും ഒരേ ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ്. സിനിമാറ്റിക് ആയൊരു കൂടിക്കാഴ്ച. രണ്ടു പേരും ഒരേ സമയം, ട്രൂപ്പിന്റെ വാനില്‍ ഇരുന്ന് ഒരേ പുസ്തകം വായിക്കുകയാണ്.

അതിന് മുമ്പ് പരിചയപ്പെട്ടിട്ടേയില്ല. അങ്ങനെ തുടങ്ങിയ കണക്ഷനാണ്. പിന്നീടത് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമൊക്കെ എത്തി. ആത്മഹത്യ പ്രവണതയുണ്ടായിരുന്നു ജോഗിയ്ക്ക് ചെറുപ്പം മുതല്‍ക്കെ. അതിനൊക്കെ ശേഷമാണ് ഞാന്‍ കണ്ടുമുട്ടുന്നത്. ഞാന്‍ കാണുമ്പോള്‍ രണ്ട് കൈ ഞരമ്പുകളിലും തുന്നിക്കെട്ടുണ്ടായിരുന്നു. അതിന് തൊട്ട് മുമ്പ് നടന്നൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു. പക്ഷെ പിന്നീടുള്ള ഏഴെട്ട് വര്‍ഷങ്ങളില്‍ യാതൊരു ശ്രമവുമുണ്ടായിട്ടില്ലെന്നും ജിജി ഓര്‍ക്കുന്നുണ്ട്. 

എന്താണ് മരണ കാരണമെന്ന് ജഡജ് ചെയ്യാന്‍ സാധിക്കില്ല. എക്‌സ്ട്രീം അവസ്ഥയിലുള്ള ജോഗിയേ മാത്രമേ കണ്ടിട്ടുള്ളൂ. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും. നമുക്ക് നിസാരമെന്ന് തോന്നുന്ന കാര്യമായിരിക്കും പ്രൊവോക്കിംഗ് ആയി തോന്നുക. അവസാന സമയത്തൊക്കെ അല്‍ക്കഹോളിക് ആയിരുന്നു. ജീവിതം അവസാനിപ്പിക്കുക, എന്നത് ജോഗിയുടെ ഹിസ്റ്ററിയുടെ തുടര്‍ച്ചയായിരിക്കാമെന്നും ജിജി പറയുന്നു.

മരിച്ച ജോഗിയുടെ മുഖം ഞാന്‍ കണ്ടിട്ടില്ല. രണ്ട് ദിവസം കഴിഞ്ഞാണ് ബോഡി കണ്ടെടുക്കുന്നത്. മുഖമൊക്കെ വികൃതമായിട്ടുണ്ടെന്നാണ് പറഞ്ഞു കേട്ടത്. ഞാന്‍ കണ്ടത് വെളുത്ത തുണയില്‍ എമ്പാം ചെയ്ത രൂപമാണ്. അതുകൊണ്ട് അതിന് തൊട്ട് മുമ്പ് കണ്ട അതേ പ്രായത്തിലാണ് എന്റെ മനസിലെ ജോഗിയ്ക്ക് ഇപ്പോഴും എന്നാണ് ജിജി പറയുന്നത്. ''ജോഗി മരിക്കുമ്പോഴുണ്ടായിരുന്നതിനേക്കാള്‍ പ്രായമുണ്ട് എനിക്ക് ഇന്ന്. 36-ാം വയസിലാണ് ജോഗി മരിക്കുന്നത്. എനിക്കിപ്പോള്‍ 38 വയസാണ്. എനിക്കിനി എത്ര പ്രായമായാലും എന്റെ മനസിലെ ജോഗി ആ 36 കാരനാണ്'' ജിജി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117304/i-have-not-seen-the-dead-jogis-face-open-your-mind-jiji-new)