---
title: "കക്കുകളി നാടകം കേരള സ്റ്റോറിയുടെ മറുവശം; മതസ്ഥാപനങ്ങളിലെ സ്ത്രീ വിരുദ്ധതയെ നമ്മള്‍ തൊടരുത്; അപ്രഖ്യാപിത നിരോധനത്തെ വിമര്‍ശിച്ച് സജിത മഠത്തില്‍"
english_title: "Kakukali drama is the other side of the Kerala story; Let us not touch on misogyny in religious institutions; In Sajita Math criticizing the undeclared ban"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115965/kakukali-drama-is-the-other-side-of-the-kerala-story-let-us-not-touch-on-misogyny-in-religious-institutions-in-sajita-math-criticizing-the-undeclared-ban"
published_at: "2023-05-20T12:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468773c960f1_sajitha_madaththil.jpg"
keywords: []
---

# കക്കുകളി നാടകം കേരള സ്റ്റോറിയുടെ മറുവശം; മതസ്ഥാപനങ്ങളിലെ സ്ത്രീ വിരുദ്ധതയെ നമ്മള്‍ തൊടരുത്; അപ്രഖ്യാപിത നിരോധനത്തെ വിമര്‍ശിച്ച് സജിത മഠത്തില്‍

> **Lead Summary:** വിവാദമായ കക്കുകളി നാടകം പിന്‍വലിച്ചതില്‍ പ്രതിഷേധവുമായി നാടകപ്രവര്‍ത്തകയും അഭിനേത്രിയുമായ സജിത മഠത്തില്‍. ഇരുപതോളം അരങ്ങ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അതിന്റെ സംഘാടകരായ പുന്നപ്ര പറവൂര്‍ പബ്ലിക്ക് ലൈബ്രറി ഇനി നാടകം ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കുന്നു.

## Article Content

വിവാദമായ കക്കുകളി നാടകം പിന്‍വലിച്ചതില്‍ പ്രതിഷേധവുമായി നാടകപ്രവര്‍ത്തകയും അഭിനേത്രിയുമായ സജിത മഠത്തില്‍. ഇരുപതോളം അരങ്ങ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അതിന്റെ സംഘാടകരായ പുന്നപ്ര പറവൂര്‍ പബ്ലിക്ക് ലൈബ്രറി ഇനി നാടകം ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കുന്നു.

ഇതത്ര ചെറിയ കാര്യമല്ലെന്ന് നമുക്കറിയാം. കേരള കത്തോലിക്ക് ബിഷപ്പ് കൗണ്‍സിലിന് നാടകം ഇഷ്ടമായില്ലെങ്കില്‍,സാംസ്‌കാരിക വകുപ്പിന്റെ ധനസഹായത്തോടെ ചെയ്‌തെടുത്ത നാടകമാണെങ്കിലും നിരോധിക്കപ്പെടും. ഗവണ്‍മെന്റ് നിരോധിച്ചോ? ഇല്ല. പക്ഷെ നാടകം ഇനി കളിക്കണ്ട. അതിനുള്ള പണി അടിയിലൂടെ ചെയ്തു. അത്രമാത്രം. മതസ്ഥാപനങ്ങളെ അതിലെ സ്ത്രീ വിരുദ്ധതയെ നമ്മള്‍ തൊടരുത്. കൈപൊള്ളുമെന്ന് സജിത ഫേസ്ബുക്കില്‍ കുറിച്ചു

**ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:**

കേരള സ്റ്റോറിയുടെ മറുവശം

1-കക്കുകളി നാടകം – ഇരുപതോളം അരങ്ങ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അതിന്റെ സംഘാടകരായ പുന്നപ്ര പറവൂര്‍ പബ്ലിക്ക് ലൈബ്രറി ഇനി നാടകം ചെയ്യേണ്ടതില്ല എന്നു തീരുമാനിക്കുന്നു. ഇതത്ര ചെറിയ കാര്യമല്ലെന്ന് നമുക്കറിയാം.

കേരള കത്തോലിക്ക് ബിഷപ്പ് കൗണ്‍സിലിന് നാടകം ഇഷ്ടമായില്ലെങ്കില്‍,സാംസ്‌കാരിക വകുപ്പിന്റെ ധനസഹായത്തോടെ ചെയ്‌തെടുത്ത നാടകമാണെങ്കിലും നിരോധിക്കപ്പെടും. ഗവണ്‍മെന്റ് നിരോധിച്ചോ? ഇല്ല. പക്ഷെ നാടകം ഇനി കളിക്കണ്ട. അതിനുള്ള പണി അടിയിലൂടെ ചെയ്തു. അത്രമാത്രം. മതസ്ഥാപനങ്ങളെ അതിലെ സ്ത്രീ വിരുദ്ധതയെ നമ്മള്‍ തൊടരുത്. കൈപൊള്ളും.

2-കോഴിക്കോട് ജില്ലാസ്‌കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച റഫീഖ് മംഗലശേരി സംവിധാനം ചെയ്തകിത്താബ് എന്ന നാടകം പിന്‍വലിച്ചു. ഇസ്ലാമിക വിരുദ്ധമാണ് നാടകം എന്നാരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു തീരുമാനം.

മുസ്്‌ലിം സ്ത്രീകളെ പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്നതായിരുന്നു കിത്താബ് എന്ന നാടകത്തിന്റെ പ്രധാന പ്രമേയം. നാടകം പിന്‍വലിച്ചു അതും നാടക സംഘാടകരായ മേമുണ്ട സ്‌കൂള്‍ മാനേജ്‌മെന്റ് . ഗവണ്‍മെന്റ് നിരോധിച്ചോ? ഏയ് ഇല്ല.

3-കുറച്ചു കൂടി പഴയ കാലത്തേക്ക് പോകാം.1986-ല്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം പി.എം. ആന്റണിയാണ് രചനയും സംവിധാനം ചെയ്തത്. കസന്‍ദ്‌സക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയെ ആധാരമാക്കിയായിരുന്നു നാടകത്തിന്റെ രചന. വിരലിലെണ്ണാവുന്ന കളികള്‍.

ശേഷം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും സര്‍ക്കാര്‍ ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. ക്രമസമാധാനം തകരുമെന്നു പറഞ്ഞു നാടകം കളിക്കുന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാര്‍ നാടകം നിരോധനം ഏര്‍പ്പെടുത്തി.

മഹാരാഷ്ട്രയിലെ മലയാളികള്‍ അവിടെ നാടകം അവതരിപ്പിക്കാന്‍ ക്ഷണിച്ചെങ്കിലും കന്യസ്ത്രീകളും അച്ചന്‍മാരും നാടകത്തിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്ന് അവിടെയും നിരോധിക്കപ്പെട്ടു. സംഘാടകര്‍ ബോംബെ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. ഇന്ത്യ മുഴുവന്‍ നിരോധനമായിരുന്നു സുപ്രീം കോടതി വിധി .

4-രാഷ്ട്രീയ കാരണങ്ങളാല്‍ നിരോധിക്കപ്പെട്ട നാടകങ്ങളായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. പക്ഷെ 1952 ഡിസംബറില്‍ നിരോധിക്കപ്പെട്ട നാടകം 1953 മാര്‍ച്ചില്‍ വീണ്ടും കളിക്കാന്‍ ഉത്തരവ് കിട്ടി. പതിനായിരക്കണക്കിനു സ്റ്റേജുകളില്‍ പിന്നീട് അവതരിപ്പിക്ക പ്പെട്ടു. എഴുപതുകളില്‍ നാടുഗദ്ധിക നിരോധിച്ചതും ആദിവാസി പെണ്‍കുട്ടികളടക്കം ജയിലിലടക്കപ്പെട്ടതും നായനാര്‍ ഗവണ്‍മെന്റിന്റെ കാലത്തായിരുന്നു.

5 -നാടകം കേരളത്തിനെ മാറ്റിയെടുത്ത കഥയുമായി ഇനി ആരും വരരുത്. നാടകം മരിച്ചു പോയോ നാടകത്തിന് ഇന്ന് കാഴ്ചക്കാരുണ്ടോ എന്ന വിഡ്ഢി ചോദ്യങ്ങള്‍ നിരത്തരുത്. ഞങ്ങള്‍ നിറഞ്ഞ സദസ്സിലാണ് ഈ നാടകങ്ങള്‍ എല്ലാം ചെയ്യുന്നത്.

6-കക്കുകളി നാടകം നിര്‍ത്തിച്ചതിലൂടെ അതു മുന്നോട്ടു വെച്ച ആശയങ്ങളെ മാത്രമല്ല നിങ്ങള്‍ മുനയൊടിച്ചത്. കുറെ കലാകാരന്മാരുടെ സ്വപ്നങ്ങളെ കൂടിയാണ്. അവരുടെ തൊഴിലാണ് ഇല്ലാതാക്കിയത്. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്ന നിസ്സഹായത ഉണ്ടല്ലോ അതാണ് ഈ നിമിഷത്തിലെ ഏറ്റവും വലിയ വേദന. മാളുവിന്റെ നതാലിയയുടെ സങ്കടം അസ്വസ്ഥപ്പെടുത്തേണ്ടത് ആരെയാണോ അത് സംഭവിച്ചിരിക്കുന്നു. ഒരു നടിക്ക്, നാടക സംഘത്തിന് ഇതില്‍പരം എന്തു നേടാനാണ്? സ്‌നേഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/115965/kakukali-drama-is-the-other-side-of-the-kerala-story-let-us-not-touch-on-misogyny-in-religious-institutions-in-sajita-math-criticizing-the-undeclared-ban)