---
title: "ഉപദ്രവിക്കരുതെന്ന് പറഞ്ഞ് ഒറ്റ ഓട്ടം ഓടി, അവരെന്നെ ശപിക്കുകയായിരുന്നു; ഷോബി തിലകൻ "
english_title: "Shobhi Thilakan's words are getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115827/shobhi-thilakans-words-are-getting-attention"
published_at: "2023-05-19T17:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64676822b6a24_shobi_thilakan.jpg"
keywords: []
---

# ഉപദ്രവിക്കരുതെന്ന് പറഞ്ഞ് ഒറ്റ ഓട്ടം ഓടി, അവരെന്നെ ശപിക്കുകയായിരുന്നു; ഷോബി തിലകൻ 

> **Lead Summary:** മലയാളികൾക്ക് മറക്കാനാവാത്ത നടനാണ് തിലകൻ. അഭിനയ മികവ് പ്രേക്ഷക പ്രീതി നേടി തിലകന് ശേഷം മറ്റൊരു നടനും ഈ സ്ഥാനത്തേക്ക് ഉയരാൻ പറ്റിയില്ല. മരിച്ചിട്ട് വർഷങ്ങളായെങ്കിലും തിലകനെ മറക്കാൻ മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. 

## Article Content

മലയാളികൾക്ക് മറക്കാനാവാത്ത നടനാണ് തിലകൻ. അഭിനയ മികവ് പ്രേക്ഷക പ്രീതി നേടി തിലകന് ശേഷം മറ്റൊരു നടനും ഈ സ്ഥാനത്തേക്ക് ഉയരാൻ പറ്റിയില്ല. മരിച്ചിട്ട് വർഷങ്ങളായെങ്കിലും തിലകനെ മറക്കാൻ മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. 

തിലകന്റെ മക്കളിൽ രണ്ട് പേരാണ് ഷമ്മി തിലകനും ഷോബി തിലകനും. രണ്ട് പേരും സിനിമാ രം​ഗത്ത് തന്നെ പ്രവർത്തിക്കുന്നു. ഷമ്മി അഭിനയ രം​ഗത്താണ് സജീവമെങ്കിൽ ഷോബി അഭിനയത്തിനൊപ്പം ഡബ്ബിം​ഗ് രം​ഗത്തും പ്രസിദ്ധനാണ്. 

സീരിയൽ ടുഡേ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷോബി തിലകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബാലേട്ടൻ എന്ന സിനിമയിൽ റിയാസ് ഖാന് വേണ്ടി ഡബ് ചെയ്ത ശേഷമാണ് തന്നെ ആളുകൾ തിരിച്ചറിഞ്ഞത്. ആ കഥാപാത്രം തനിക്കിഷ്ടമാണെന്ന് ഷോബി തിലകൻ പറഞ്ഞു. അച്ഛൻ തിലകൻ‌ അവാർഡുകളെക്കുറിച്ച് പറഞ്ഞ വാക്കുകളെക്കുറിച്ചും ഷോബി ഓർത്തു. 'ദേശീയ അവാർഡ് ഒരു ചിത്രശലഭം ആണെങ്കിൽ ഞാനൊരിക്കലും ആ ചിത്രശലഭത്തിന്റെ പിറകെ പോവില്ല. ഞാനെന്റെ കർമ്മങ്ങൾ ചെയ്യും. ആ ചിത്രശലഭം എന്റെ തോളത്ത് വന്നിരിക്കും എന്നാണ് അച്ഛൻ പണ്ട് പറഞ്ഞത്.

പെരുന്തച്ചൻ എന്ന സിനിമയ്ക്ക് ദേശീയ അവാർഡ് നിഷേധിക്കപ്പെട്ടപ്പോൾ അച്ഛൻ പ്രസം​ഗിച്ചതാണിത്,' ഷോബി തിലകൻ പറഞ്ഞു. പരസ്പരം സീരിയലിൽ വില്ലൻ കഥാപാത്രം ചെയ്തതിന്റെ പേരിൽ തനിക്കുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചും ഷോബി തിലകൻ സംസാരിച്ചു. 'ഓച്ചിറ അമ്പലത്തിൽ ഭജന ഇരിക്കാൻ പോയിരുന്നു. മൂന്ന് പ്രാവശ്യം പോയി തൊഴുത് ഭജനമുറിയിൽ പ്രാർത്ഥനയോടെ ഇരിക്കലാണ്. ഞാനിങ്ങനെ ഓച്ചിറ അമ്പലത്തിൽ തൊഴുതോണ്ടിരിക്കുകയാണ്. നിറയെ ആളുകളാണ്. പ്രായമുള്ള ഒരു അമ്മച്ചി വന്ന് എന്നെ നോക്കി'

'എന്തിനാടാ താെഴുന്നത്. ഇങ്ങനെ തൊഴുതാലും നിനക്ക് മോക്ഷം കിട്ടുമോ എന്നൊക്കെ ചോദിച്ച് ഇവരെന്നെ ചീത്ത വിളിക്കാൻ തുടങ്ങി. ഇവർ പറയുന്നത് പരസ്പരം സീരിയലിൽ ഞാൻ ദീപ്തി ഐപിഎസിനെ ടോർച്ചർ ചെയ്യുന്ന സീനുകളാണ്. ഇവരെന്നെ തല്ലുമെന്ന് കരുതി. മുഴുവൻ ആളുകളും എന്നെ നോക്കി ചിരിച്ചു. ഇവരെ പിടിച്ചു മാറ്റുമെന്നും പോട്ടെ, സീരിയലല്ലേ എന്ന് പറയുമെന്നും വിചാരിച്ചു'.

'പക്ഷെ അവരാരും പറയുന്നില്ല. അവസാനം ഞാൻ അമ്മച്ചിയെ തൊഴുതു. ദയവ് ചെയ്ത് എന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് ഒറ്റ ഓട്ടം ഓടി. എന്റെ പിറകെ വന്നു. അവരെന്നെ ശപിക്കുകയാണ്' അമ്പലത്തിൽ പോവുന്നത് ഇത് പോലുള്ളവരുടെ ശാപം മൂലമാണെന്നും ഷോബി തിലകൻ ചിരിച്ച് കൊണ്ട് പറഞ്ഞു. പിതാവ് തിലകനാണ് തനിക്ക് ജീവിതത്തിൽ മാതൃകയെന്നും ഷോബി തിലകൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/115827/shobhi-thilakans-words-are-getting-attention)