---
title: "ഭക്ഷണമൊക്കെ തനിയെ വാരി കഴിക്കാൻ തുടങ്ങിയിട്ടുണ്ട്, ഞാനും രാഹുലും ഒരുപോലെയാണ് കുഞ്ഞിനെ നോക്കുന്നത്; അഭിരാമി"
english_title: "Abhirami is talking about the adoption of the baby and the changes in her life after the birth of her daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115819/abhirami-is-talking-about-the-adoption-of-the-baby-and-the-changes-in-her-life-after-the-birth-of-her-daughter"
published_at: "2023-05-19T16:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64675eb06cb80_abhirami.jpg"
keywords: []
---

# ഭക്ഷണമൊക്കെ തനിയെ വാരി കഴിക്കാൻ തുടങ്ങിയിട്ടുണ്ട്, ഞാനും രാഹുലും ഒരുപോലെയാണ് കുഞ്ഞിനെ നോക്കുന്നത്; അഭിരാമി

> **Lead Summary:** മലയാളികൾക്ക് സുപരിചിതയാണ് നടി അഭിരാമി. ഇപ്പോൾ ഒരു അമ്മയായതിന്റെ സന്തോഷത്തിലാണ് അഭിരാമി. കഴിഞ്ഞ ദിവസമായിരുന്നു താനും പങ്കാളി രാഹുലും ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

## Article Content

മലയാളികൾക്ക് സുപരിചിതയാണ് നടി അഭിരാമി. ഇപ്പോൾ ഒരു അമ്മയായതിന്റെ സന്തോഷത്തിലാണ് അഭിരാമി. കഴിഞ്ഞ ദിവസമായിരുന്നു താനും പങ്കാളി രാഹുലും ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

മാതൃദിനത്തിലെ അഭിരാമിയുടെ പ്രഖ്യാപനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ, കുഞ്ഞിനെ ദത്തെടുത്തതിനെ കുറിച്ചും മകൾ വന്ന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഭിരാമി. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. കുഞ്ഞിനെ ദത്തെടുത്തത് എങ്ങനെയാണെന്ന് പറഞ്ഞാണ് അഭിരാമി തുടങ്ങിയത്. 

കുഞ്ഞിനെ ദത്തെടുക്കുന്നത് എങ്ങനെ ആണെന്നൊക്കെ എനിക്ക് മുൻപേ അറിവുണ്ടായിരുന്നു. അതിന് CARA (സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി) എന്നൊരു നാഷണൽ ബോഡിയുണ്ട്. നമ്മുക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് അവിടെ രജിസ്റ്റർ ചെയ്യുക എന്നതാണ്. എല്ലാ വിവരങ്ങളും അവിടെ നിന്നറിയാം. കുറെ മാനദണ്ഡങ്ങളും അതിനുണ്ട്. വളരെ അലോചിച്ച് എടുക്കേണ്ട തീരുമാനം കൂടിയാണ്.

അങ്ങനെ ആർക്കെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ വെബ് സൈറ്റിൽ നോക്കിയാൽ മതിയാകുമെന്ന് അഭിരാമി പറഞ്ഞു. കൽക്കി സുഖമായി ഇരിക്കുന്നു. ഭയങ്കര കുറുമ്പിയാണ്. അവൾ വിചാരിക്കുന്നതെ നടത്തുകയുള്ളൂ എന്ന വാശിയൊക്കെ ഉണ്ട്. ഒരു വയസ്സ് ആകുന്നത് ഉള്ളൂ.

ഭക്ഷണമൊക്കെ തനിയെ വാരി കഴിക്കാൻ തുടങ്ങിയിട്ടുണ്ട്. നമ്മൾ വാരി കൊടുത്താൽ കൈ ഒക്കെ തട്ടിക്കളയും. നടക്കാൻ ഒക്കെ തുടങ്ങി. കുറച്ചു ദിവസം മുൻപേ സ്റ്റെയർ കയറാനൊക്കെ പഠിച്ചു. ഇപ്പോൾ കണ്ണ് തെറ്റിയാൽ അപ്പോൾ പടി കയറാൻ തുടങ്ങും. എപ്പോഴും ഒരാൾ കൂടെ ഉണ്ടാകണം. 

ഷൂട്ടിന് പോകുമ്പോൾ ഇടയ്ക്കൊക്കെ എന്റെ കൂടെ വരാറുണ്ട്. ഞാനും രാഹുലും ഒരുപോലെയാണ് കുഞ്ഞിനെ നോക്കുന്നത്. രാഹുലിന്റെ പേരന്റ്സ് ഒക്കെ ഉണ്ട് സഹായിക്കാൻ വേണ്ടിയിട്ട്. എല്ലാം നമ്മൾ അഡ്ജസ്റ്റ് ചെയ്തു പോകുന്നു, എല്ലാം നല്ല രസകരമായിട്ടാണ് പോകുന്നതെന്നും അഭിരാമി പറഞ്ഞു.

കുഞ്ഞിനെ ദത്തെടുത്ത കാര്യം എന്തുകൊണ്ടാണ് നേരത്തെ ആരെയും അറിയിക്കാതിരുന്നതെന്നതിന്റെ കാരണവും അഭിരാമി പറഞ്ഞു. ഒരു വർഷം ആയിട്ടില്ല മോൾ നമ്മുടെ കൈയ്യിൽ വന്നിട്ട്. കുറച്ചു മാസങ്ങൾ ആയിട്ടൂള്ളൂ. പക്ഷേ നമ്മുടെ കുഞ്ഞ് എന്ന് പറയുന്നതിന് മുൻപ് ചില ലീഗൽ ഫോർമാലിറ്റീസ് ഒക്കെയുണ്ട്. അതൊക്കെ കഴിഞ്ഞിട്ടേ നമ്മൾക്ക് പുറത്തു പറയാൻ കഴിയുന്നത്. പിന്നെ പറയുന്നത് ഒരു നല്ല ദിവസം ആയിരിക്കണം എന്നുണ്ടായിരുന്നു അതുകൊണ്ടാണ് മദേഴ്‌സ് ഡേ തെരഞ്ഞെടുത്തത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115819/abhirami-is-talking-about-the-adoption-of-the-baby-and-the-changes-in-her-life-after-the-birth-of-her-daughter)