---
title: "കുട്ടി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല; ഡോക്ടർ വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി "
english_title: "Suresh Gopi visited Dr. Vandana's house"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114769/suresh-gopi-visited-dr-vandanas-house"
published_at: "2023-05-14T22:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646114aa811f5_vandhana.jpg"
keywords: []
---

# കുട്ടി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല; ഡോക്ടർ വന്ദനയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി 

> **Lead Summary:** മലയാളികൾ ഏറെ ഞെട്ടലോടെ ആയിരുന്നു യുവ ഡോക്ടർ വന്ദനയുടെ കൊലപാതക വാർത്ത കേട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആയിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

## Article Content

മലയാളികൾ ഏറെ ഞെട്ടലോടെ ആയിരുന്നു യുവ ഡോക്ടർ വന്ദനയുടെ കൊലപാതക വാർത്ത കേട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആയിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

ജോലി ചെയ്യുന്നതിനിടയിൽ ആയിരുന്നു ഇവർ സന്ദീപ് എന്ന അധ്യാപകന്റെ കുത്തേറ്റു മരിച്ചത്. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ആയിരുന്നു കേരളത്തിൽ നിന്നും ഉണ്ടായത്. രാഷ്ട്രീയ സിനിമ മേഖലയിലെ നിരവധി പ്രമുഖർ ഇവരുടെ വീട് സന്ദർശിക്കുകയും ചെയ്തു.

ഇപ്പോൾ കൊല്ലപ്പെട്ട വന്ദനയുടെ വീട് സന്ദർശിക്കുകയാണ് നടനും ബിജെപി നേതാവുമായ സുരേഷ്. കൊല്ലം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് ഇദ്ദേഹം കുടുംബത്തെ കണ്ടത്. മാതാപിതാക്കളെ ഇദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നര മണിയോടെ ആയിരുന്നു ഇദ്ദേഹം കോട്ടയത്തെ വീട്ടിൽ എത്തിയത്. ഇതിനുശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ട് എന്ന് വന്ദനയുടെ കുടുംബം അറിയിച്ചു എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. മുഖ്യമന്ത്രിയെ കണ്ട് അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിക്കും എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. വലിയ രീതിയിൽ ഒരു സാമൂഹിക ശുദ്ധീകരണം അത്യാവശ്യമാണ് എന്നും ചില തിരുത്തലുകൾ വരുത്തേണ്ട സമയമായിരിക്കുന്നു എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

കുട്ടി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിക്കും ചെറിയ പ്രായത്തിൽ ഒരു കുട്ടിയെ നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം എന്ത് കാര്യമാണ് വന്ദനയുടെ മാതാപിതാക്കൾ സുരേഷ് ഗോപിയോട് മുഖ്യമന്ത്രിയെ ധരിപ്പിക്കുവാൻ പറഞ്ഞത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/114769/suresh-gopi-visited-dr-vandanas-house)