---
title: "കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് മകളാണ്, രാത്രിയൊക്കെ ഉറങ്ങാതെ അതിനെ ഇങ്ങനെ വെച്ചുകൊണ്ട് ഇരിപ്പാണ്; ഗിന്നസ് പക്രു"
english_title: "It is the daughter who takes care of all the baby's affairs and sits up all night without sleeping, Guinness pakru"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113343/it-is-the-daughter-who-takes-care-of-all-the-babys-affairs-and-sits-up-all-night-without-sleeping-Guinness-pakru"
published_at: "2023-05-08T13:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458a611c15dd_ginnas_pakru.jpg"
keywords: []
---

# കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് മകളാണ്, രാത്രിയൊക്കെ ഉറങ്ങാതെ അതിനെ ഇങ്ങനെ വെച്ചുകൊണ്ട് ഇരിപ്പാണ്; ഗിന്നസ് പക്രു

> **Lead Summary:** മലയാളികളുടെ വീട്ടിലെ അംഗത്തെപോലെ സ്നേഹിക്കുന്ന ഒരു നടനാണ് ഗിന്നസ് പക്രു . തനിക്ക് ഒരു മകൾ കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. നടൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 

## Article Content

മലയാളികളുടെ വീട്ടിലെ അംഗത്തെപോലെ സ്നേഹിക്കുന്ന ഒരു നടനാണ് ഗിന്നസ് പക്രു . തനിക്ക് ഒരു മകൾ കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. നടൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 

മൂത്ത മകള്‍ ദീപ്ത കീർത്തിയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. 

ഇപ്പോഴിതാ, വീണ്ടുമൊരു മകൾ കൂടി വന്നതിന് ശേഷമുള്ള തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കുകയാണ് ഗിന്നസ് പക്രു. കോഡെക്സ് മീഡിയക്ക് വേണ്ടി നടി സാധിക വേണുഗോപാലുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. 'ഏറ്റവും പുതിയ വിശേഷം ഒരു മോൾ കൂടി ജനിച്ചു എന്നതാണ്. മൂത്ത മകളുമായി പത്തുപതിനഞ്ചു വയസ്സിന്റെ വ്യത്യാസം ഉണ്ട്.

എന്നെക്കാളും കൂടുതൽ ത്രില്ലും എക്സൈറ്റ്മെന്റും അവൾക്കാണ്. ഈ അവധിക്കാലത്തുകിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അത്, അതുകൊണ്ടു തന്നെ അതുമായി പുള്ളിക്കാരത്തി ഫുൾ ബിസിയാണ്. പല സ്ഥലങ്ങളും പോകാൻ വേണ്ടി നമ്മൾ പ്ലാൻ ചെയ്തിരുന്നു. എന്നാൽ വാവ വന്നത് പ്രമാണിച്ചുകൊണ്ട് വേറെ എങ്ങും പോകുന്നില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്,' ഗിന്നസ് പക്രു പറഞ്ഞു.

എല്ലാ കാര്യങ്ങളും നോക്കുന്നതും കുഞ്ഞിനെ ടേക്ക് കെയർ ചെയ്യുന്നതും എല്ലാം മോളാണ്. ഇപ്പോൾ രാത്രിയൊക്കെ ഉറങ്ങാതെ അതിനെ ഇങ്ങനെ വച്ചുകൊണ്ട് ഇരിപ്പാണ്. വളരെ സന്തോഷം ഉണ്ട്. വിഷു കൈനീട്ടം എന്നല്ല അപ്രതീക്ഷിതമായി കിട്ടിയ വലിയ ദൈവാനുഗ്രഹം ആണ് രണ്ടാമത്തെ മകളെന്നും പക്രു പറഞ്ഞു. 

തന്റെ അമ്മ നൽകിയ പ്രോത്സാഹനമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും പക്രു അഭിമുഖത്തിൽ പറഞ്ഞു. 'ശാരീരികത പരിമിതികളോടെ ജനിച്ചു വീഴുന്ന ഓരോ കുട്ടികളുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന രണ്ടു വ്യക്തികളാകും അച്ഛനും അമ്മയും. അവർക്ക് രണ്ടു തീരുമാനം എടുക്കാം ഇങ്ങനെ ഒരു കുഞ്ഞു ജനിച്ചു കഴിയുമ്പോൾ വളർത്താം, പ്രോത്സാഹിപ്പിക്കാം, അല്ലെങ്കിൽ അവനെ നിരുത്സാഹപ്പെടുത്താം ഇതിൽ എന്റെ അമ്മ ആദ്യ കാറ്റഗറിയിൽ ആയിരുന്നു,' 

'എന്റെ കഴിവുകൾ കണ്ടെത്തി ഒരുപാട് വേദികളിൽ കൊണ്ട് നടന്നത് അമ്മയാണ്. ഞാൻ എവിടെ പോയാലും ശാരീരിക പരിമിതികൾ ഉള്ള കുഞ്ഞുങ്ങളുടെ അമ്മമാരേ കണ്ടാൽ പറയും ഒരിക്കലും നിങ്ങൾ വിഷമിക്കരുത് എന്ന്. കാരണം നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ മാത്രമേ അത്തരം കുഞ്ഞുങ്ങളെ ദൈവം നിങ്ങളെ ഏൽപിക്കൂ. കാരണം അത് ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണെന്ന്. അവർക്ക് വേണ്ടുന്ന പ്രോത്സാഹനം നൽകി മറ്റുള്ള കുട്ടികളുടെ ഒപ്പം വിടണം എന്നും പറയാറുണ്ട്,' പക്രു പറഞ്ഞു. 

മുൻപ് പല സിനിമകളിലും താനാണ് നായകൻ എന്ന് അറിയുമ്പോൾ മുൻനിര നായികമാരിൽ പലരും പിൻവാങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും ഒരുപാട് പേരുടെ സ്നേഹം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പക്രു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/113343/it-is-the-daughter-who-takes-care-of-all-the-babys-affairs-and-sits-up-all-night-without-sleeping-Guinness-pakru)