മലയാള സിനിമയിലെ യുവ താരങ്ങളുടെ അച്ചടക്കമില്ലായ്മയും നിരുത്തരവാദിത്വവും സിനിമാ ലോകത്ത് ഏറെ ചർച്ചയായിരിക്കുകയാണ്. യുവതാരങ്ങളിൽ പലരും ലഹരിക്കടിമകളാണെന്നും സംസാരമുണ്ട്. ടിനി ടോം, ബാബുരാജ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.
ഇതിനിടെ അന്തരിച്ച നടൻ തിലകന്റെ മദ്യപാനത്തെക്കുറിച്ച് ശാന്തിവിള ദിനേശൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തിലകനുൾപ്പെടെയുള്ള നടൻമാർ മദ്യപിക്കുമായിരുന്നെങ്കിലും സെറ്റിൽ അത് മൂലം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ശാന്തിവിള ദിനശേൻ വ്യക്തമാക്കി. ഇന്നത്തെ നടൻമാർ ഇത്തരം ശീലങ്ങൾ മൂലം ഷൂട്ടിംഗ് മുടക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഷമ്മിക്കും ഷോബിക്കുമുള്ള അത്രയും സ്ഥാനം തിലകൻ ചേട്ടൻ മനസ് കൊണ്ട് എനിക്ക് തന്നിരുന്നു. 32 ദിവസം ആശുപത്രിയിൽ കിടന്നപ്പോൾ 28 ദിവസം ആശുപത്രിയിൽ പോയി ഷോബിയുടെ കൂടെ ഇരുന്ന ആളാണ് ഞാൻ. ഞാൻ വർക്ക് ചെയ്ത ഒരു സെറ്റിലും തിലകൻ ചേട്ടനോട് പിണങ്ങേണ്ടി വന്നിട്ടില്ല' 'എന്നെ ദിനേശെന്ന് വിളിക്കില്ല, നിങ്ങളെന്നേ വിളിക്കൂ. തിലകൻ ചേട്ടൻ അഭിനയിക്കാൻ ഒരു ചുവന്ന ബ്രീഫ് കെയ്സുമായി വരും.
ബ്രേക്ക് വരുമ്പോൾ പെട്ടി തുറന്ന് ഒഴിക്കും. ബൈപ്പാസ് കഴിഞ്ഞ ആളല്ലേ എന്ന് ഞാൻ. രണ്ട് പെഗ് കഴിക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് പറയും. ഉച്ചയ്ക്കുള്ള ബ്രേക്കിനും കഴിക്കും' 'പക്ഷെ തിലകൻ ചേട്ടൻ മദ്യപിച്ചിട്ടുണ്ടെന്ന് ഒരു കുഞ്ഞ് അറിയില്ല.
സോമൻ ചേട്ടൻ മദ്യപിച്ചിട്ടുണ്ടെന്നും ഒരാളും അറിയില്ല. കണ്ണ് തുറക്കുമ്പോൾ രാവിലെ അടിക്കുന്ന ആളാണ് സോമൻ ചേട്ടൻ. അകാലത്തിൽ പോയവരൊക്കെ നന്നായി മദ്യപിക്കുമായിരുന്നു. പക്ഷെ സെറ്റിൽ നൂറ് ശതമാനവും സംവിധായകന് വഴങ്ങുന്നവരായിരുന്നു' .
'സത്യൻ ചേട്ടൻ വിവരക്കേടാണെങ്കിലും ക്യാമറയുടെ മുന്നിൽ അഭിനയിക്കും. പിന്നീട് ഡോ, വിവരമില്ലേ ഇങ്ങനെയാണോ എടുക്കുന്നതെന്ന് ചോദിക്കും. ആ ഡിസിപ്ലിൻ ഇന്നില്ല'. കോടികൾ മുടക്കുന്നിടത്ത് വന്ന് ഭാവന വരാൻ വേണ്ടി വലിച്ചോട്ടെ എന്ന് പറയരുതെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു. അതേസമയം സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഈ പഴി കേട്ട വ്യക്തിയാണ് തിലകനും. സെറ്റിൽ തിലകനുണ്ടാക്കുന്ന വഴക്കുകളെക്കുറിച്ച് നേരത്തെ പ്രമുഖ ഫിലിം മേക്കേർസ് അടുത്തിടെ പോലും സംസാരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്ന് തിലകനെ വിലക്കുകയും ചെയ്തു.
Content Highlight: Shanthivila Dinesan's earlier words about late actor Thilakan's drinking are getting attention now.

































