---
title: "മെലിഞ്ഞൊരാളെ കളിയാക്കുന്നതിനായി ഇന്ദ്രൻസ് എന്ന് തമാശയാക്കിയിരുന്ന കാലം; അതേ ശരീരം വച്ച് പ്രേക്ഷകരെ പിടിച്ചിരുത്തി ഇന്ദ്രൻസ്... "
english_title: "Indrans captured the audience by making fun of his slim body"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112542/indrans-captured-the-audience-by-making-fun-of-his-slim-body"
published_at: "2023-05-04T17:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64539dab0a5ff_indarnsf.jpg"
keywords: []
---

# മെലിഞ്ഞൊരാളെ കളിയാക്കുന്നതിനായി ഇന്ദ്രൻസ് എന്ന് തമാശയാക്കിയിരുന്ന കാലം; അതേ ശരീരം വച്ച് പ്രേക്ഷകരെ പിടിച്ചിരുത്തി ഇന്ദ്രൻസ്... 

> **Lead Summary:** **ക**ഥ ഇവിടെ തുടങ്ങുകയാണ്...! ഉറച്ച ശരീരമുള്ള വില്ലനും വെളുത്ത് സുമുഖ ശരീരമുള്ള നായകനും മലയാളസിനിമയിൽ അരങ്ങുവാണിരുന്ന കാലത്ത്... മലയാളിയെ ചിരിപ്പിക്കാൻ ഈ ശരീരമൊന്നുമില്ലാത്ത മെലിഞ്ഞ് കഴുത്തു നീണ്ട ഒരു നടനെ അവതരിപ്പിച്ചു. തിരുവനന്തപുരം പാലവിളവീട്ടിൽ കൊച്ചുവേലു മകൻ സുരേന്ദ്രൻ കൊച്ചു വേലു അഥവാ ഇന്ദ്രൻസ്.

## Article Content

**ക**ഥ ഇവിടെ തുടങ്ങുകയാണ്...! ഉറച്ച ശരീരമുള്ള വില്ലനും വെളുത്ത് സുമുഖ ശരീരമുള്ള നായകനും മലയാളസിനിമയിൽ അരങ്ങുവാണിരുന്ന കാലത്ത്... മലയാളിയെ ചിരിപ്പിക്കാൻ ഈ ശരീരമൊന്നുമില്ലാത്ത മെലിഞ്ഞ് കഴുത്തു നീണ്ട ഒരു നടനെ അവതരിപ്പിച്ചു. തിരുവനന്തപുരം പാലവിളവീട്ടിൽ കൊച്ചുവേലു മകൻ സുരേന്ദ്രൻ കൊച്ചു വേലു അഥവാ ഇന്ദ്രൻസ്.

കഥ...അവിടെ തുടങ്ങുകയാണ്... കുമാരപുരത്തെ അമച്വർ നാടകക്ലബ്ബുകളിൽ അഭിനയക്കൊതി തീർത്തിരുന്ന ഇന്ദ്രൻസ് മിനിസ്ക്രീനിലെത്തുന്നത് ദൂരദർശൻ സീരിയലായിരുന്ന കളിവീടിലൂടെയാണ്. പ്രേം നസീർ ചിത്രം ചൂതാട്ടത്തിലൂടെ വസ്ത്രാലങ്കാര സഹായിയായ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തുവച്ച ഇന്ദ്രൻസ് ആദ്യ സിനിമയിൽ തന്നെ ആൾക്കൂട്ട നടനായി.

സിപി വിജയകുമാർ ചിത്രം സമ്മേളനത്തിലൂടെ സ്വതന്ത്ര വസ്ത്രാലങ്കാരകനായ്. പിന്നീട് ചെറുവേഷങ്ങളിലൂടെ പ്രേക്ഷകന്റെ മനസിൽ ഇടം ഉറപ്പാക്കികൊണ്ടിരുന്ന ഇന്ദ്രൻസിന്റെ ആദ്യ മുഴുനീള വേഷം CID ഉണ്ണികൃഷ്ണൻ BA.B-edലെ നെത്തോലിയാണ്. പിന്നീട് നായകശരീരത്തിനും വില്ലൻ ശരീരത്തിനുമിടയിൽ ആ മെലിഞ്ഞ ശരീരത്തിൽ കുടക്കമ്പിയെ തിരയുകയായിരുന്നു മലയാള സിനിമയും പ്രേക്ഷകനും.

വാർപ്പു മാതൃകയിലുള്ള കഥാ പരിസരങ്ങളിൽ നായകന്റെ സുഹൃത്തായ് അയാളുടെ കളിയാക്കലുകൾക്കും മാനംകെടുത്തലുകളും ഭേദ്യങ്ങളുമേറ്റു വാങ്ങി നായകന്റെ പ്രാധാന്യമുറപ്പുവരുത്താനുള്ള ആ കഥാപാത്രങ്ങൾ. നമ്മൾ പ്രേക്ഷകർക്ക് ചിരിക്കാൻ ആ നടനിൽ നിന്നും വേണ്ടതും അതായിരുന്നു. ശരീരവും ശരീര ഭാഷയും കോമഡി ഉണ്ടാക്കിയിരുന്ന കാലത്തായിരുന്നു ഇന്ദ്രൻസിന്റെ ആദ്യ സ്ക്രീൻ പ്രസൻസ് തുടങ്ങുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

സുമുഖനായ ഒരാളെ മമ്മൂട്ടിയുടെ സൗന്ദര്യം എന്ന് വിശേഷിപ്പിക്കുന്നത് പോലെ അൽപം മെലിഞ്ഞൊരാളെ കളിയാക്കാനായ് ഇന്ദ്രൻസെന്ന് വിളിക്കുന്ന തമാശ ആകാലത്ത് പൊതു സമൂഹത്തിന് ഒരു തമാശ മാത്രമായിരുന്നു. എന്നാൽ പരിഹാസ്യമാകുന്ന അതെ ശരീരമാണ് ആദ്യഘട്ടത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ ഇന്ദ്രൻസ് ഉപയോഗിച്ചത്... തമാശ കഥാപാത്രങ്ങളിൽ കുടുങ്ങിക്കിടന്ന അദ്ധേഹത്തിന്റെ ഉള്ളിലെ സ്വഭാവികനടനത്തിന്റെ ചെറുതരിയെ ഊതി കനലാക്കാൻ ആരും ശ്രമിച്ചില്ല.

അഭിനയ സാധ്യതകളുള്ള ക്ലൈമാക്സ് രംഗങ്ങളിൽ നിന്ന് രംഗത്തിന്റെ വൈകാരികതയും പ്രാധാന്യവും നഷ്ടപ്പെടാതിരിക്കാനെന്ന പേരിൽ തന്നെ ഒഴിവാക്കുമായിരുന്നുവെന്ന് അദ്ദേഹം തന്നെ പിന്നീട് ആ നിഷ്കളങ്കമായ ചിരിയോടെ പറഞ്ഞിട്ടുണ്ട്. കഥാവശേഷനിലെ കള്ളൻ വേഷമായിരുന്നു ആദ്യമായ് ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. തുടക്കമായിരുന്നു അത്. കോമിഡിയുടെ കെട്ടുപാടിൽ നിന്ന് പുറത്തു ചാടിയ ഭാസിയും ബഹദൂരും പപ്പുവും ജഗതിയും മാളയും കൽപ്പനയും, മാമുക്കോയയും, ഇന്ദ്രൻസിന് വഴികാട്ടികളായി.

ഇന്ദ്രൻസിന്റെ ആ പുതുവഴി നടത്തം പ്രേക്ഷകൻ ആസ്വദിക്കുകയായിരുന്നു. സംസ്ഥാന, അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഈ പുതുവഴിയുടെ മാറ്റ് കൂട്ടികൊണ്ടേയിരുന്നു. ഒരിക്കൽ ഒഴിവാക്കിയിരുന്ന വൈകാരികരംഗങ്ങളിൽ ശബ്ദമൊന്നും മില്ലാതെ ചെറു മുഖചലനങ്ങളിലൂടെ അദ്ധേഹം പ്രേക്ഷകനെ കരയിപ്പിക്കുന്നു. ശരീരത്തിനപ്പുറത്തേക്ക് തനിക്ക് പൊക്കാൻ കഴിയുന്ന വേഷങ്ങളെ വളരെ മനോഹരവും ലളിതവുമായി പൊക്കുക എന്ന നടന തത്വത്തിലൂടെ അദ്ദേഹം മുന്നോട്ട് പോവുകയാണ്.. ആളൊരുക്കവും വെയിൽ മരങ്ങളും, അഞ്ചാം പാതിരയും മാലിക്കും ഹോമും എല്ലാം ഇന്ദ്രൻസിലെ നടന്റ ആരംഭമാണ്....കഥ ഇവിടെ തുടങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/112542/indrans-captured-the-audience-by-making-fun-of-his-slim-body)