---
title: "മലയാള സിനിമയുടെ ഒരേയൊരു ‘മാസ്റ്റർ’ "
english_title: "The only 'master' of Malayalam cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112142/the-only-master-of-malayalam-cinema"
published_at: "2023-05-02T15:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6450e74aa5ba1_sathyan1.jpg"
keywords: []
---

# മലയാള സിനിമയുടെ ഒരേയൊരു ‘മാസ്റ്റർ’ 

> **Lead Summary:** **1912** നവംബർ 9ന് ചെറുവിളാകത്ത് വീട്ടിൽ മാനുവലിന്റെയും എമിലിയുടെയും അഞ്ചു മക്കളിൽ ഒന്നാമത്തെ മകനായ് പിറന്ന ആ യുവാവ് വിദ്വാൻ പരീക്ഷ പാസായി തിരുവുതാംകൂറിയിലെ സെന്റ് ജോസഫ് ഹൈസ്കൂളിൽ അധ്യാപക ജീവിതം ആരംഭിച്ചു. ഇടയ്ക്ക് കേരള സെക്രട്ടേറിയറ്റിൽ ഗുമസ്തനായി അയാൾ ജോലി നോക്കി. ഒരു വർഷത്തിന് ശേഷം, കൃത്യമായിപ്പറഞ്ഞാൽ 1941-ൽ അയാൾ സൈന്യത്തിൽ ചേർന്നു. ഇന്ത്യൻ വൈസ്രോയിയുടെ കമ്മീഷൻഡ് ഓഫീസറായി നിയമിതനായി.

## Article Content

**1912** നവംബർ 9ന് ചെറുവിളാകത്ത് വീട്ടിൽ മാനുവലിന്റെയും എമിലിയുടെയും അഞ്ചു മക്കളിൽ ഒന്നാമത്തെ മകനായ് പിറന്ന ആ യുവാവ് വിദ്വാൻ പരീക്ഷ പാസായി തിരുവുതാംകൂറിയിലെ സെന്റ് ജോസഫ് ഹൈസ്കൂളിൽ അധ്യാപക ജീവിതം ആരംഭിച്ചു. ഇടയ്ക്ക് കേരള സെക്രട്ടേറിയറ്റിൽ ഗുമസ്തനായി അയാൾ ജോലി നോക്കി. ഒരു വർഷത്തിന് ശേഷം, കൃത്യമായിപ്പറഞ്ഞാൽ 1941-ൽ അയാൾ സൈന്യത്തിൽ ചേർന്നു. ഇന്ത്യൻ വൈസ്രോയിയുടെ കമ്മീഷൻഡ് ഓഫീസറായി നിയമിതനായി.

ലോകമഹായുദ്ധ സമയത്ത് മണിപ്പൂരിലും, മ്യാൻമാറിലും, മലേഷ്യയിലും അയാൾ ബ്രിട്ടീഷ് സൈന്യത്തെ സേവിച്ചു. സൈനിക സേവനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ അയാൾ അന്നത്തെ തിരുവിതാംകൂർ സ്റ്റേറ്റ് പോലീസിൽ പോലീസ് ഇൻസ്പെക്ടറായി ചേർന്നു. പുന്നപ്ര വയലാർ സമരകാല ഘട്ടമായ 1946ൽ ആലപ്പുഴയിലായിരുന്നു അയാൾ നിയമിതനായത്. സർ സിപിയുടെ കീഴിൽ ആ നാടാർ ഇൻസ്പെക്ട്ടർ കമ്മൂണിസ്റ്റുകാരെ നിർദ്ദയം വേട്ടയാടി.

കമ്മൂണിസ്റ്റ് നേതാക്കളായ അച്ചുദാനന്ദൻ, എം.എം ലോറൻസ്, സാരംഗപാണി, എസ്.ഏൽ പുരം സാദാന്ദൻ തുടങ്ങിയവരെല്ലാം അയാൾ വേട്ടയാടി. തൊഴിലാളി യൂണിയൻ നേതാവായ കൊച്ചു നാരായണനെ പരസ്യമായി മർദ്ദിച്ച് അവശനാക്കിയ... തന്റെ കൈ കരുത്തു കൊണ്ടും കാൽകരുത്തു കൊണ്ടും കമ്മ്യൂണിസ്റ്റുകാരുടെ പേടിസ്വപ്നമായ് തീർന്നു ആ കറുത്ത് പൊക്കം കുറഞ്ഞ പോലീസുകാരൻ.

സത്യനേശൻ നാടാരെന്ന അയാളുടെ തലയ്ക്ക് വിലപറഞ്ഞ ചുവരെഴുത്തുകൾ ആലപ്പുഴയിലെ ചുവരുകളിൽ നിറഞ്ഞിരുന്നു. നിരന്തര ഭീഷണികളെ തുടർന്ന് അയാളെ പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റേണ്ടി വന്നു എന്നത് ചരിത്രം. ഇൻസ്പെക്ടര് ആയിരിക്കുന്ന കാലത്തും അയാളുടെയുള്ളിൽ അഭിനയത്തിനോട് അടങ്ങാത്ത അഭിവാജ്ഞയുണ്ടായിരുന്നു. അമച്വർ നാടകങ്ങളിൽ തല കാണിച്ച് സത്യനേശന് അഭിനയത്തിനോടുള്ള തന്റെ ത്വര നില നിർത്തി. പക്ഷേ അതൊന്നും അയാളിലെ നടനെ തൃപ്തിപ്പെടുത്തിയില്ല.

ആലപ്പുഴ നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെ ചലച്ചിത്ര സംഗീതജ്ഞനായ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരെ സത്യനേശന് പരിചയപ്പെട്ടു. ഭാഗവതർ അയാളെ വിവിധ ചലച്ചിത്ര പ്രവർത്തകർക്ക് പരിചയപ്പെടുത്തി. ഒടുവിൽ പത്ര പ്രവർത്തകനായ ബാലകൃഷ്ണൻ എഴുതി നിർമ്മിക്കുന്ന ത്യാഗസീമ എന്ന ചിത്രത്തിലെ നായക കഥാപാത്രം ആയാളെ തേടിയെത്തി. പടം പക്ഷേ പുറത്തിറങ്ങിയില്ല എന്നാൽ മലയാള സിനിമയ്ക്ക് ഒരു നടനെ ലഭിക്കുകയായിരുന്നു.

മുന്നെ നടന്നവർ കാണിക്കാത്ത അഭിനയത്തിന്റെ മറ്റൊരു പാത സത്യനേശൻ വെട്ടിത്തുറന്നു. കറുത്ത്.. അധികം പൊക്കമില്ലാത്ത.. ആരെയും കൂസാത്ത, പരുക്കനായ ക്ഷുഭിതനായ നായകൻ മലയാളി മനസ്സിൽ പുതിയ നായക സങ്കൽപ്പം തുറന്നിട്ടു. മലയാള സിനിമയുടെ ഉമ്മറത്തേക്ക് അയാളൊരു കസേര വലിച്ചിട്ടിരുന്നു. അയാളെ പിന്നീട് മലയാള സിനിമ മാസ്റ്റർ എന്നു വിളിച്ചു. മലയാള സിനിമയുടെ ഒരേയൊരു മാസ്റ്റർ...സത്യൻ മാസ്റ്റർ.

ത്യാഗസീമയിൽ സത്യനൊപ്പം മറ്റൊരു നായകനും അരങ്ങേറിയിരുന്നു. മലയാള സിനിമയുടെ നിത്യഹരിത നായകൻ...ഒരേയൊരു പ്രേംനസീർ. സത്യന്റെ ആദ്യ റിലീസ് ആത്മസഖി 1952 ൽ പുറത്തിറങ്ങി. ചിത്രം വ്യാവസായികമായി വിജയമായി. അതോടെ സത്യനെ മലയാളസിനിമ ശ്രദ്ധിച്ചു. എന്നാൽ 1954 ൽ ഉറൂബിന്റെ രചനയിൽ രാമു കാര്യാട്ടും പി ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്ത നീലക്കുയിൽ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായി മാറി ഒപ്പം സത്യന്റെയും.

രജതകമൽ പുരസ്‌കാരം ലഭിച്ചതോടെ ദേശീയ അംഗീകാരം നേടുന്ന ആദ്യ മലയാള ചിത്രമായി ഈ ചിത്രം മാറി. സത്യന്റെ അഭിനയവും ദേശീയ ശ്രദ്ധ നേടി. മലയാള സിനിമയിലെ അന്നേ വരെ കണ്ടതോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ സമകാലികരോ പിൻതുടർന്ന അഭിനയ മാതൃകകളല്ലായിരുന്നു സത്യൻ പിൻതുടർന്നത്. ഏച്ച് കെട്ടലുകളില്ലാതെ സ്വഭാവികമായിരുന്നു അദ്ദേഹത്തിന്റെ അഭിനയം.

അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ അല്പം കള്ളു സേവിക്കാനായി സത്യന്റെ ചെല്ലപ്പനും പ്രേംനസീറിന്റെ ഗോപാലനും എത്തുന്നു. മുന്നിലെത്തിയ കള്ള് ശ്രദ്ധയോടെ ചെല്ലപ്പൻ ഗ്ലാസ്സിൽ ഒഴിക്കുന്നു. തുടർന്ന് ഗോപാലനോട് സംസാരിച്ച് കൊണ്ട് തന്നെ ഗ്ലാസ്സിലെ കള്ളിൽ കിടക്കുന്ന പ്രാണികളെ ശ്രദ്ധയോടെ വിരൽ കൊണ്ട് മാറ്റുന്നു. ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കി. ഒന്നു തുപ്പി പ്ലേറ്റയിലുള്ളത് ഒന്ന് തൊട്ട്കൂട്ടി മുഖം ചുളിക്കുന്നു... ഒരു രംഗം ഏറ്റവും മനോഹരമാക്കുന്നത് ആ രംഗത്ത് അ കഥാപാത്രം എന്തെല്ലാം ചെയ്യാം എന്നത് നടന് കൃത്യമായി മനസിലാക്കാൻ സാധിക്കുമ്പോഴാണ്.

സത്യൻ അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളെയും തന്റെ മനസിലേക്കും ശരീരത്തിലേക്കും ആവാഹിച്ചിരുന്നു. കഥപാത്രം ചിന്തിക്കുന്ന വഴികളിലൂടെ അദ്ദേഹവും സഞ്ചരിച്ചു. നായകാനാവുക എന്നതിലുപരി അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളായിരുന്നു സത്യൻ തിരഞ്ഞെടുത്തത്. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് പപ്പു, ദാഹത്തിലെ ജയരാജൻ , മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ ത്രില്ലർ യക്ഷിയിലെ പ്രൊഫ. ശ്രീനി, വാഴ്വേ മായത്തിലെ പ്രാകൃതകഥാപാത്രം തുടങ്ങിയവയും.

ഉദ്യോഗസ്ഥ, സ്നേഹസീമ, നായരു പിടിച്ച പുലിവാലു, വീട്ടു മൃഗം, മുടിയനായ പുത്രൻ, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, അടിമകൾ, കരകാനക്കടൽ, തച്ചോളി ഒതേനൻ തുടങ്ങിയ ചിത്രങ്ങയിലെ കാഥാപാത്രങ്ങളും അതിനു ഉദാഹരണങ്ങളാണ്. കമ്മ്യൂണിസ്റ്റ്കാരെ...യൂണിയൻ നേതാക്കളെ വേട്ടയാടിയ പഴയ നാടാർ ഇൻസ്പെകടർ..പിന്നീട് സത്യനായപ്പോൾ അതേ വേഷങ്ങൾ എടുത്തണിയേണ്ടി വന്നത് ചരിത്രത്തിന്റെ കൗതുകമായിരുന്നു.

അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ യൂണിയൻ നേതാവായ ചെല്ലപ്പൻ അത്തരത്തിലൊരു കഥാപാത്രമായിരുന്നു. ശരീരത്തിലേക്ക് രക്താർബുദം അതിന്റെ വിത്തുകൾ പാകിയപ്പോഴും.. അവ അദ്ദേഹത്തിന്റെ ശരീരത്തെ ക്ഷീണിപ്പിച്ചപ്പോഴും തന്നിലേ കലാകാരനെ അദ്ദേഹം ഊർജ്ജസ്വലനായി നിലനിർത്തി. സെറ്റുകളിൽ നിന്നും ഹോസ്പിറ്റലിലേക്കും ഹോസ്പിറ്റലിൽ നിന്ന് സിനിമ സെറ്റുകളിലേക്കും അദ്ദേഹം തന്റെ കറുത്ത ഫിയറ്റ് കാറിൽ പൊയ്ക്കൊണ്ടേയിരുന്നു.

പകൽ മുഴുവൻ അഭിനയിച്ച് രാത്രി ഒറ്റക്ക് ഹോസ്പിറ്റലിൽ എത്തി രക്തം മാറ്റി. ആ രക്തത്തിന്റെ ഊർജത്തിൽ അടുത്ത പകലിലേക്ക് കടക്കുന്ന സത്യനെ അഭിനയത്തിനോടുള്ള അടങ്ങാത്ത സ്നേഹമാണ്. രോഗത്തിന്റെതായ ഒരു സൂചനകള്ലും അവസാന നാളുകളിലും അദ്ദേഹത്തിന്റെ അഭിനയത്തിലുണ്ടായിരുന്നില്ല. 1971 ജൂൺ 15 നായിരുന്നു സത്യൻ വിടവാങ്ങിയത്. മലയാള സിനിമയിൽ തിക്കുറിശ്ശിക്ക് ശേഷം സൂപ്പർ സ്റ്റാറായി പരിഗണിക്കപ്പെട്ട സത്യൻ അതിനുമപ്പുറം മികച്ച നടനായിരുന്നു.

ഇന്ത്യൻ സിനിമയ്ക്ക് മലയാള സിനിമ നൽകിയ മാസ്റ്ററായിരുന്നു സത്യൻ.. കാലഘട്ടത്തിന്റെ ചരിത്രകാരൻ എന്നറിയപ്പെട്ട സത്യന്റെ അഭിനയം കണ്ട ബംഗാളി സംവിധായകൻ ഉദ്ബൽ ദത്ത് പറഞ്ഞത് ഞാനിന്നൊരു നടനെ കണ്ടു എന്നായിരുന്നു. അനുകരണ കലാകാരൻമാർ വക്രീകരിച്ച് തലമുറകൾക്ക് പരിചയപ്പെടുത്തുന്ന സത്യൻ അവശേഷിപ്പിച്ച അഭിനയത്തിന്റെ സിംഹാസനം ഇന്നും മലയാളസിനിമയിൽ ഒഴിഞ്ഞു തന്നെ കിടക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/112142/the-only-master-of-malayalam-cinema)