---
title: "ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് വീട്ടിൽ അംഗീകരിച്ചിട്ടില്ല;  വിൻസി പറയുന്നു "
english_title: "Doing intimate scenes is not accepted at home; Vince says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111350/doing-intimate-scenes-is-not-accepted-at-home-vince-says"
published_at: "2023-04-27T20:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a8be24b6d8_vincy.jpg"
keywords: []
---

# ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് വീട്ടിൽ അംഗീകരിച്ചിട്ടില്ല;  വിൻസി പറയുന്നു 

> **Lead Summary:** മലയാളത്തിലെ യുവ നായികമാരിലെ ശ്രദ്ധേയ താരമാണ് നടി വിൻസി അലോഷ്യസ്. റിയാലിറ്റി ഷോയിൽ നിന്നുമാണ് വിൻസി സിനിമയിലേക്ക് എത്തിയത്. വികൃതി എന്ന സിനിമയിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയ വിൻസിയെ പിന്നെ നല്ല സിനിമകൾ തേടി എത്തുകയായിരുന്നു. 

## Article Content

മലയാളത്തിലെ യുവ നായികമാരിലെ ശ്രദ്ധേയ താരമാണ് നടി വിൻസി അലോഷ്യസ്. റിയാലിറ്റി ഷോയിൽ നിന്നുമാണ് വിൻസി സിനിമയിലേക്ക് എത്തിയത്. വികൃതി എന്ന സിനിമയിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയ വിൻസിയെ പിന്നെ നല്ല സിനിമകൾ തേടി എത്തുകയായിരുന്നു. 

ജന​ഗണമന, സൗദി വെള്ളക്ക, കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തി വിൻസി തിളങ്ങി. ചെറുതെങ്കിലും പ്രേക്ഷകരിലേക്കെത്താൻ പാകത്തിലുള്ള കഥാപാത്രങ്ങളാണ് വിൻസി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വളരെ കുറച്ചു സിനിമകളിലൂടെ തൻറേതായ ഒരിടം കണ്ടെത്താൻ വിൻസിക്ക് സാധിച്ചു. രേഖയാണ് വിൻസിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് വിൻസി എത്തിയത്. 

ഇപ്പോഴിതാ, മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വിൻസി തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ചും നടി പറയുന്നുണ്ട്. സിനിമ നടി ആകണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്നാണ് വിന്‍സി പറയുന്നത്. അച്ഛന്‍ ഒരു ഡ്രൈവറാണ്.

ഒരു ഡ്രൈവറുടെ മകള്‍ക്ക് കാണാന്‍ പറ്റിയ സ്വപ്‌നമല്ല സിനിമ എന്നാണ് എന്റെ അമ്മ പറഞ്ഞിരുന്നത്. എന്നാൽ അവിടെ എത്തുമെന്ന് താൻ മനസ്സില്‍ ഉറപ്പിച്ചിരുന്നുവെന്ന് വിൻസി പറയുന്നു. നായികാ നായകന്റെ ആദ്യ ഒഡിഷന് പരാജയപ്പെട്ടിരുന്നു. പിന്നീട് ലഭിച്ച അവസരത്തിൽ പിടിച്ചു കയറുകയായിരുന്നു.

തുടക്കത്തിലൊക്കെ നെഗറ്റീവ് കമന്റുകളാണ് താൻ കേട്ടിരുന്നത്. ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞവർക്ക് ചെയ്ത് കാണിച്ചുകൊടുക്കണം എന്ന വാശിയായിരുന്നു ഉണ്ടായിരുന്നതെന്നും വിൻസി പറയുന്നു. നായികാ നായകന്‍ കഴിഞ്ഞാൽ സിനിമകളുടെ പ്രവാഹമായിരിക്കും എന്ന് കരുതി. പക്ഷേ ഒൻപത് മാസം വെറുതെ ഇരിക്കേണ്ടി വന്നു. ഒരു തരത്തിലുള്ള ഡിപ്രഷനിലൂടെയാണ് അന്ന് കടന്നു പോയതെന്ന് വിനിസി ഓർക്കുന്നു. 

ആ സമയത്ത് സിനിമകൾ വന്നില്ല എന്നല്ല, വന്നിരുന്നു. പക്ഷെ അതെല്ലാം ചെയ്യാൻ ആഗ്രഹിക്കാത്ത വിധമുള്ള വേഷങ്ങളായിരുന്നു. അങ്ങനെയുള്ള കഥാപാത്രങ്ങളാവാൻ താൽപര്യം ഇല്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നു.

ഒരു മികച്ച തുടക്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നെന്നും താരം പറയുന്നു. സിനിമയില്‍ നിന്ന് ഒരുപാട് റിജക്ഷനുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. തടിയുടെ കാര്യം പറഞ്ഞും അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ എനിക്കുള്ളത് എന്നെ തേടി വരും എന്ന വിശ്വാസത്തില്‍ ഉറച്ചു നിൽക്കുകയായിരുന്നു എന്ന് വിൻസി പറയുന്നു. 

സിനിമയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ഒരുപാട് മാറി. നടി ആകമെന്ന് പറയുമ്പോള്‍ പണം പ്രശസ്തി എന്നൊക്കെയായിരുന്നു കരുതിയത്. പക്ഷെ ഇപ്പോള്‍ നല്ല വേഷങ്ങള്‍ ചെയ്യണം, ഞാന്‍ ചെയ്ത കഥാപാത്രം നന്നായിരുന്നു എന്ന് ആരെങ്കിലും പറയുന്നത് കേള്‍ക്കണം എന്നതൊക്കെയാണ് ആഗ്രഹം. ഓരോ ദിവസവും താൻ അഭിനയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വിൻസി പറയുന്നു. 

രേഖയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും വിൻസി സംസാരിച്ചു. സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിച്ചതില്‍ തനിക്ക് ഒരു കുറ്റബോധവും ഇല്ലെന്നും വിൻസി പറഞ്ഞു. പറയുന്നവര്‍ക്ക് എന്തും പറയാം.

കഥ വായിച്ച് എനിക്ക് കണ്‍വിന്‍സിങ് ആയ ശേഷം മാത്രമാണ് ചെയ്യുന്നത്. അങ്ങനെ ഒരു രംഗമുണ്ടെന്ന് അറിഞ്ഞപ്പോള്‍ വീട്ടുകാരോട് ഞാന്‍ പറഞ്ഞിരുന്നു. പല തരത്തിലുള്ള വിമര്‍ശനങ്ങളും പ്രതീക്ഷിച്ചിരുന്നു. വീട്ടുകാര്‍ ഇപ്പോഴും അത് പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. പക്ഷെ അവർ പറഞ്ഞാലും ഞാൻ കേൾക്കില്ല. വീട്ടുകാര്‍ എതിര്‍ത്താലും ചെയ്യേണ്ടത് താൻ ചെയ്യുമെന്ന് വിന്‍സി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/111350/doing-intimate-scenes-is-not-accepted-at-home-vince-says)