---
title: "ഉമ്മയുടെ വിയോഗം,  മമ്മൂട്ടിയെ ആശ്വസിപ്പിക്കാൻ എത്തി  ദിലീപ് "
english_title: "Dileep comes to console Mammootty after his mother's death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110226/dileep-comes-to-console-mammootty-after-his-mothers-death"
published_at: "2023-04-21T16:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442736049f3a_dileep.jpg"
keywords: []
---

# ഉമ്മയുടെ വിയോഗം,  മമ്മൂട്ടിയെ ആശ്വസിപ്പിക്കാൻ എത്തി  ദിലീപ് 

> **Lead Summary:** നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മയിലിന്റെ മരണത്തിൽ‌ സിനിമാ രം​ഗത്തുള്ള നിരവധി പേർ അനുശോചനമറിയിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.

## Article Content

നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മയിലിന്റെ മരണത്തിൽ‌ സിനിമാ രം​ഗത്തുള്ള നിരവധി പേർ അനുശോചനമറിയിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.

സംസ്കാരം ഇന്ന് വൈകുന്നേരം വൈക്കം ചെമ്പിൽ നടക്കും. 93ാം വയസ്സിലാണ് മമ്മൂട്ടിയുടെ ഉമ്മ വിട പറയുന്നത്. തന്റെ അടുത്ത സുഹൃത്തായിരുന്നു ഉമ്മയെന്ന് നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു. 

മമ്മൂട്ടിയുൾപ്പെടെ ആറ് മക്കളാണ് അന്തരിച്ച ഫാത്തിമയ്ക്ക്. സിനിമാ-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിർമാതാവ് സക്കറിയ, ആമിന സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കൾ. ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്ബൂൽ സൽമാൻ, സുറുമി തുടങ്ങിയവർ കൊച്ചുമക്കളാണ്. മമ്മൂട്ടിയുടെ വീട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വന്ന താരങ്ങളിൽ ദിലീപിന്റെ സാന്നിധ്യമാണ് ശ്രദ്ധ നേടുന്നത്. 

ബോഡി​ ​ഗാർഡുകളുടെ അകമ്പടിയോടെയാണ് ദിലീപെത്തിയത്. സിനിമാ ലോകത്ത് മമ്മൂട്ടിയുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു ദിലീപ്. എന്നാൽ പിന്നീട് ദിലീപ്-മമ്മൂട്ടി ബന്ധത്തിൽ ചില വിള്ളലുകൾ വീണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിസ്ഥാനത്ത് വന്ന ശേഷമായിരുന്നു ഇത്.

അന്ന് ദിലീപിനെ അമ്മ സംഘടനയിൽ നിന്നും അം​ഗത്വം റദ്ദാക്കിയിരുന്നു. സംഘടയ്ക്കുള്ളിൽ ക്രിമിനലുകൾ ഉള്ളത് നാണക്കേടാണെന്നും സംഘടനയിൽ അഴിച്ച് പണി നടത്തുമെന്നും മമ്മൂട്ടി അന്ന് പറഞ്ഞു. എന്നാൽ ദിലീപിന്റെ പേരെടുത്ത് പറഞ്ഞില്ല. പിന്നീട് ദിലീപിനെ തിരിച്ചെടുത്ത സാഹചര്യവുമുണ്ടായി. കുറച്ച് മാസങ്ങൾക്കുള്ളിൽ ദിലീപ് സംഘടനയിൽ നിന്ന് സ്വയം രാജിവെക്കുകയും ചെയ്തു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളുമായി ദിലീപിന് ഇപ്പോഴും അടുത്ത സൗഹൃദമുണ്ടോയെന്നതിൽ വ്യക്തതയില്ല. ഇവരാരും പൊതുവേദികളിൽ ഇപ്പോൾ ദിലീപിനെക്കുറിച്ച് സംസാരിക്കാറില്ല. 

### Related Links & Sources
- [Original Story Source](https://moviemax.in/news/110226/dileep-comes-to-console-mammootty-after-his-mothers-death)