---
title: "കാത്തിരുന്ന് ജനിച്ച മകൻ, എനിക്കെന്നും അവൻ മമ്മൂഞ്ഞാണ്; മമ്മൂട്ടിയുടെ ഉമ്മ പറഞ്ഞ വാക്കുകൾ"
english_title: "A son born waiting; The words of Mammootty's mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110158/a-son-born-waiting-the-words-of-mammoottys-mother"
published_at: "2023-04-21T12:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64422f3a6761d_mammooty1.jpg"
keywords: []
---

# കാത്തിരുന്ന് ജനിച്ച മകൻ, എനിക്കെന്നും അവൻ മമ്മൂഞ്ഞാണ്; മമ്മൂട്ടിയുടെ ഉമ്മ പറഞ്ഞ വാക്കുകൾ

> **Lead Summary:** നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മയിൽ മരിച്ചെന്ന വാർത്ത മലയാളികളെ വിഷമിപ്പിച്ചിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 93 വയസ്സായിരുന്നു. പരേതനായ പാണപറമ്പിൽ ഇസ്മയിലിന്റെ ഭാര്യയാണ് ഫാത്തിമ. ഇബ്രാഹിംകുട്ടി, സക്കറിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മമ്മൂട്ടിയുടെ സഹോദരങ്ങൾ. മമ്മൂട്ടിയുടെ കരയറിലെ തുടക്ക കാലത്തെ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നിരുന്ന വ്യക്തിയായിരുന്നു ഉമ്മ ഫാത്തിമ. 

## Article Content

നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മയിൽ മരിച്ചെന്ന വാർത്ത മലയാളികളെ വിഷമിപ്പിച്ചിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 93 വയസ്സായിരുന്നു. പരേതനായ പാണപറമ്പിൽ ഇസ്മയിലിന്റെ ഭാര്യയാണ് ഫാത്തിമ. ഇബ്രാഹിംകുട്ടി, സക്കറിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മമ്മൂട്ടിയുടെ സഹോദരങ്ങൾ. മമ്മൂട്ടിയുടെ കരയറിലെ തുടക്ക കാലത്തെ പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നിരുന്ന വ്യക്തിയായിരുന്നു ഉമ്മ ഫാത്തിമ. 

അമ്മ തന്റെ അടുത്ത സുഹൃത്താണെന്ന് മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. പൊതുവെ തന്റെ കുടുംബ വിശേഷങ്ങൾ മമ്മൂട്ടി പൊതുവേദികളിൽ അധികം സംസാരിക്കാറില്ല. മമ്മൂട്ടിയെക്കുറിച്ച് ഉമ്മ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാതൃഭൂമിയിലെഴുതിയ കുറിപ്പിലായിരുന്നു ഇത്. 

വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലത്തിന് ശേഷം ജനിച്ച മകനാണ് മമ്മൂട്ടിയെന്ന് അന്ന് ഉമ്മയോർത്തു. അഞ്ച് കൊല്ലമാണ് ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ കാത്തിരുന്നത്. അത്രയും കൊതിച്ചുണ്ടായ കുട്ടിയായതിനാൽ എല്ലാവരും ഏറെ പുന്നാരിച്ചിരുന്നു. വല്ല്യപ്പയും വല്ല്യുമ്മയുമാണ് അവനെ വളർത്തിയത്. ജനിച്ച് എട്ടാം മാസത്തിൽ അവൻ മുലകുടി നിർത്തി. പാലൊക്കെ അന്നേ കുടിച്ച് തീർത്തത് കൊണ്ടാവാം അവൻ കട്ടൻ ചായ മാത്രമാണ് കുടിക്കുന്നതെന്നും ഉമ്മ തമാശയോടെ പറഞ്ഞു. 

എനിക്കെന്നും അവൻ മമ്മൂഞ്ഞാണ്. വല്യുപ്പയുടെ പേരാണ് അവനിട്ടത്. മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. മമ്മൂട്ടി എന്ന് പേര് മാറ്റിയപ്പോൾ മകനെ ഒരുപാട് വഴക്ക് പറഞ്ഞിരുന്നു. ഇന്ന് ആ പേരിൽ ഉമ്മയും സന്തോഷിക്കുന്നുണ്ടെങ്കിലും തനിക്ക് മാത്രം അവൻ അന്നും ഇന്നും മമ്മൂഞ്ഞാണെന്നും ഉമ്മ അന്ന് പറഞ്ഞു.

ചെറുപ്പത്തിലേ മമ്മൂട്ടിയുടെ മനസ്സിൽ സിനിമയായിരുന്നു. ആദ്യമായി സിനിമ കാണിക്കുന്നത് ബാപ്പയാണ്. പിന്നെ അനിയൻമാരുടെ കൂടെപ്പോയി. ഒരു സിനിമ പോലും വിടുമായിരുന്നില്ല. കേളേജിലെത്തിയപ്പോഴേക്കും അഭിനയിച്ച് തുടങ്ങിയിരുന്നെന്നും ഉമ്മ ഓർത്തു. ​ദൈവ നിശ്ചയം കൊണ്ടാണ് മകൻ വലിയ ആളായത്.

അതിൽ പങ്കില്ല. ഇപ്പോൾ മകനെ കാണാൻ സാധിക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രമേ ഉള്ളൂയെന്നും ഉമ്മ അന്ന് പറഞ്ഞു. പക്ഷെ അവൻ തിരക്കുകൾ മറ്റാരേക്കാളും നന്നായി അറിയാം. പിന്നെ വിരൽ കൊണ്ട് ഒന്നമർത്തിയാൽ അവനെ കാണാമെന്നും ടിവിയിൽ എത്ര പ്രാവശ്യം വന്ന് പോവുന്നെന്നും മമ്മൂട്ടിയുടെ ഉമ്മ അന്ന് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/110158/a-son-born-waiting-the-words-of-mammoottys-mother)