മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര. കുറച്ചു കാലങ്ങളായി നിർമ്മാണ രംഗത്ത് നിന്നൊക്കെ വിട്ടു നിൽക്കുകയായിരുന്നു സാന്ദ്ര ഇപ്പോഴിതാ, പുതിയ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. പുരുഷന്മാർ മാത്രം അഭിനേതാക്കളായ 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രമാണ് സാന്ദ്ര നിർമ്മിക്കുന്നത്. അതിനിടെ സാന്ദ്ര നൽകിയ ഒരു അഭിമുഖവും ശ്രദ്ധ നേടുകയാണ്. മലയാള സിനിമയിലെ സ്ത്രീ നിർമ്മാതാക്കൾ അടക്കമുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് പറയുകയാണ് സാന്ദ്ര തോമസ്.

ഏറ്റവും കൂടുതൽ പുരുഷാധിപത്യമുള്ള മേഖലയാണ് സിനിമയെന്നും സിനിമയിൽ ഉള്ള പുരുഷന്മാർ പത്ത് മുപ്പത് വർഷം പിന്നിലാണെന്നുമാണ് സാന്ദ്ര പറയുന്നത്. താൻ കഴിഞ്ഞ 12 വർഷമായി സിനിമയിൽ സജീവമാണെന്നും എന്നാൽ ഇതുവരെ അതിൽ ഒരു മാറ്റം വന്നിട്ടില്ലെന്നും സാന്ദ്ര പറയുന്നുണ്ട്. സ്ത്രീ നിർമ്മാതാവെന്ന നിലയിൽ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു സാന്ദ്ര. ഒരു നിർമാതാവായി വളർന്നുവന്നപ്പോഴും ഇപ്പോൾ തിരിച്ചു വരുമ്പോഴും ഞാൻ മനസ്സിലാക്കുന്ന ഏറ്റവും പ്രധാന പ്രശ്നം ആളുകളെ കൈകാര്യം ചെയ്യുന്ന വിധമാണെന്ന് സാന്ദ്ര പറയുന്നു.

ഏറ്റവുമധികം പുരുഷാധിപത്യമുള്ള മേഖലയാണ് സിനിമ. ഞാനൊരു സ്ത്രീയാണെന്ന് ഇതുവരെ എവിടെയും സ്വയം കാണിച്ചിട്ടില്ല. സിനിമ മേഖലയിൽ ഒരു സ്ത്രീക്ക് ഒരു പ്രശ്നമുണ്ടായാൽ പരാതിയുമായി ചെല്ലുന്ന അസോസിയേഷനുകളിൽ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ പോലും വഹിക്കുന്നത് പുരുഷന്മാരാണെന്നും സാന്ദ്ര പറഞ്ഞു. പ്രധാനപ്പെട്ട ഒരു സംഘടനയിലും സ്ത്രീക്ക് പ്രാധാന്യമുള്ള റോളുകളില്ല. ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകൾ അവരുടെ അംഗങ്ങളുെട പ്രശ്നങ്ങൾ മാത്രമേ കേൾക്കൂകയുള്ളുവെന്നും എല്ലാ സ്ത്രീകളുടെയും പ്രശ്നങ്ങളിൽ അവര്‍ ഇടപെടാറില്ലെന്ന വിമർശനവും സാന്ദ്ര ഉന്നയിക്കുന്നുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളുടെ പ്രശ്നങ്ങൾ യഥാർഥത്തിൽ മനസ്സിലാക്കുവാൻ പലപ്പോഴും സാധിക്കുന്നില്ലെന്നും അവർ പറഞ്ഞു.

നമ്മുടെ സമൂഹത്തിലെ പുരുഷന്മാർ ഇപ്പോൾ പുരോഗമനപരമായി മാറിയിട്ടുണ്ട്. പക്ഷേ, സിനിമാ മേഖലയിലുള്ള പുരുഷന്മാർ ഇപ്പോഴും 10-30 വർഷം പിറകിലാണെന്ന് സാന്ദ്ര പറഞ്ഞു. സ്ത്രീകളെന്നാൽ അടിമകൾ എന്നാണവർ ഇപ്പോഴും കരുതുന്നത്. ഒരു കാര്യം സാധിച്ചു കിട്ടുവാൻ നമ്മൾ കെഞ്ചിപ്പറയണം എന്ന അവസ്ഥയാണ്. 2011 ൽ ഈ രംഗത്ത് എത്തിയ ആളാണ് ഞാൻ. കഴിഞ്ഞ 12 വർഷങ്ങളിൽ പ്രത്യേകിച്ചൊരു മാറ്റവും ഇവിടെ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു. പുരുഷമേധാവിത്വം ഉണ്ട് എന്ന് പറയുമ്പോഴും അവർ സ്ത്രീയെ ഭയക്കുന്നുമുണ്ട്. ഒരു വനിതാ പ്രവർത്തക പരാതിയുമായി രംഗത്തെത്തിയാൽ അവളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ്. എനിക്കും അത്തരം അനുഭവങ്ങൾ നിരവധി തവണ ഉണ്ടായിട്ടുണ്ട്.

ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. ഈ രീതികൾക്കൊക്കെ ഒരു മാറ്റം വരണം. കൂടുതൽ സ്ത്രീകൾ സിനിമയുടെ വിവിധ മേഖലകളിലേക്ക് വന്നാല്‍ മാത്രമേ ഈ മാറ്റം സാധ്യമാകൂവെന്നും സാന്ദ്ര തോമസ് പറഞ്ഞു. നടിയായി സിനിമയിൽ എത്തിയതാണ് സാന്ദ്ര തോമസ്. 1991ൽ പുറത്തിറങ്ങിയ ഞെട്ടിപ്പട്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് 2012ൽ ഫ്രൈഡേ എന്ന ചിത്രം നിർമ്മിച്ച് കൊണ്ടായിരുന്നു നിർമ്മാണ രംഗത്തേക്കുള്ള വരവ്. വിജയ് ബാബുവിനൊപ്പം ചേർന്ന് തുടങ്ങിയ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ സ്ഥാപനത്തിന് കീഴിലായി ആറോളം സിനിമകളാണ് ഇരുവരും നിർമ്മിച്ചത്. അതിൽ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു. തുടർന്ന് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇവർ വേർപിരിയുകയായിരുന്നു.
Content Highlight: Film is a patriarchal field and men in film are still 10-30 years behind; Sandra Thomas


































