---
title: "മരണത്തിന് മുന്നിലും ഇങ്ങനെ പറയാന്‍ ഇന്നസെന്റിനേ കഴിയൂ; ശ്രീനിവാസന്‍"
english_title: "Now actor Srinivasan is sharing funny memories with Innocent."
publisher: "moviemax.in"
canonical_url: "https://moviemax.in/news/109348/now-actor-srinivasan-is-sharing-funny-memories-with-innocent"
published_at: "2023-04-17T11:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ce82235a89_innocentandsreenivasan.jpg"
keywords: []
---

# മരണത്തിന് മുന്നിലും ഇങ്ങനെ പറയാന്‍ ഇന്നസെന്റിനേ കഴിയൂ; ശ്രീനിവാസന്‍

> **Lead Summary:** മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ഇന്നസെന്റ്. നടന്റെ വിയോഗം മലയാള സിനിമയ്ക്കും മലയാളികൾക്കും തീരാ നഷ്ടം തന്നെയാണ് . ക്യാന്‍സറിനെ പലവട്ടം ചിരിച്ചു കൊണ്ട് തോല്‍പ്പിച്ച ഇന്നസെന്റ് കഴിഞ്ഞ മാസമാണ് മരണപ്പെടുന്നത്. ഇപ്പോഴിതാ ഇന്നെസന്റുമായുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ ശ്രീനിവാസന്‍. വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം മനസ് തുറന്നത്. 

## Article Content

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ഇന്നസെന്റ്. നടന്റെ വിയോഗം മലയാള സിനിമയ്ക്കും മലയാളികൾക്കും തീരാ നഷ്ടം തന്നെയാണ് . ക്യാന്‍സറിനെ പലവട്ടം ചിരിച്ചു കൊണ്ട് തോല്‍പ്പിച്ച ഇന്നസെന്റ് കഴിഞ്ഞ മാസമാണ് മരണപ്പെടുന്നത്. ഇപ്പോഴിതാ ഇന്നെസന്റുമായുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ ശ്രീനിവാസന്‍. വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം മനസ് തുറന്നത്. 

സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപാലാകൃഷ്ണ പണിക്കര്‍ക്ക് കുഞ്ഞിക്കണ്ണന്‍നായര്‍ മുദ്രപത്രത്തില്‍ സമ്മതം എഴുതി കൊടുക്കുന്ന സീനുണ്ട്. ഇന്നസെന്റാണ് കുഞ്ഞിക്കണ്ണന്‍ നായര്‍. ഷൂട്ടിന് വേണ്ടി യഥാര്‍ത്ഥ മുദ്രപത്രത്തിലാണ് ഞാന്‍ നോട്ട് തയ്യാറാക്കിയത്. ഇരിങ്ങാലക്കുട തെക്കേത്തല വീട്ടില്‍ വറീതിന്റെ മകന്‍ ഇന്നസെന്റ് തന്റെ സ്ഥാവരജംഗമ വസ്തുക്കള്‍ പാട്യം ശ്രീനിവാസന് എഴുതിക്കൊടുക്കുന്നു എന്നാണ് എഴുതിയത്. ഒന്നും നോക്കാതെ ഇന്നസെന്റ് ഒപ്പിട്ട് അഭിനയിച്ചു.

സീന്‍ കഴിഞ്ഞപ്പോള്‍ സത്യനാണെന്നു തോന്നുന്നു ഇന്നസെന്റിനോട് ചോദിച്ചു, ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നുവോ ഇന്നസെന്റേ ഇത്രയും നാള്‍ കഷ്ടപ്പെട്ട മുതലൊക്കെ പോയില്ലേ, കാര്യം മനസിലായപ്പോള്‍ കക്ഷി നേരെ എന്റെയടുത്ത് വന്നു എടാ നീ എന്റെ ഭാര്യേം മക്കളേം വഴിയാധാരമാക്കും അല്ലേ എന്ന് പറഞ്ഞ് എന്നെ ചീത്തവിളിച്ചുവെന്നാണ് ശ്രീനിവാസന്‍ ഓര്‍ക്കുന്നത്.

ഇന്നസെന്റിന്റെ വേര്‍പാടിന് രണ്ടാഴ്ച മുമ്പാണ് ഞങ്ങള്‍ സംസാരിച്ചത്. എടാ നടക്കാന്‍ പ്രയാസമാണ്. മെയ്ല്‍ നഴ്‌സിന്റെ സഹായത്തോടെയാണ് നടക്കുന്നത്. നിനക്ക് ഒരു വിഷമം ഉണ്ടാകരുതെന്ന് കരുതിയാണ് മെയ്ല്‍ നഴ്‌സ് എന്ന് എടുത്തു പറഞ്ഞതു കെട്ടോ. മരണത്തിന് മുന്നിലും ഇങ്ങനെ പറയാന്‍ ഇന്നസെന്റിനേ കഴിയൂവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. 

ദൈവത്തിലും വിധിയിലുമൊക്കെ ഇപ്പോഴും വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഇന്നസെന്റ് നേരിട്ട പ്രധാന പ്രശ്‌നം കോവിഡിന്റെ അനന്തരഫലമാണെന്ന് ഡോ. ഗംഗാധരന്‍ പറഞ്ഞല്ലോ. അദ്ദേഹം അവസാനമായൊരു അമേരിക്കന്‍ യാത്ര നടത്തിയിരുന്നു. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയാല്‍ ഞങ്ങള്‍ പലരും വിലക്കിയതാണ്.

എന്നാല്‍ എനിക്ക് എന്റെ സഹോദരങ്ങളെ കണ്ടേ പറ്റൂ, ഇനി ചിലപ്പോള്‍ ഇങ്ങനൊരു യാത്ര നടന്നെന്ന് വരില്ല എന്നു പറഞ്ഞാണ് ഇന്നസെന്റ് പോയത്. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ഇനിയൊരു യാത്രയില്ലല്ലോ എന്നും ശ്രീനിവാസന്‍ പറയുന്നു. 

ഇന്നസെന്റിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് മൊബൈല്‍ ഫോണില്‍ ഒരു മെസേജ് വന്നു. ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ളത്. മലയാളികളുടെ പുതിയ മനോരോഗമാണല്ലോ ഇത്. അപ്പോള്‍ വിമല എന്നോട് പറഞ്ഞു.

സത്യേട്ടനെ ഒന്നു വിളിച്ച് ചോദിക്കൂ. ഈ കേള്‍ക്കുന്നത് സത്യമാണോ എന്ന്. ഞാന്‍ പറഞ്ഞു, സത്യനെ വിളിക്കുന്നില്ല. കാരണം ഇന്നസെന്റ് മരിക്കുന്നത് എനിക്കിഷ്്ടമല്ല. ഒരിക്കലും മരിക്കാത്ത ഇന്നസെന്റിനെയാണ് എനിക്കിഷ്ടം എന്നും ശ്രീനിവസന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/109348/now-actor-srinivasan-is-sharing-funny-memories-with-innocent)