---
title: "അധികാരം കിട്ടിയാല്‍ എല്ലാ രാഷ്ട്രീയക്കാരുടെയും തനിനിറം പുറത്തുവരും; ശ്രീനിവാസന്‍"
english_title: "Actor Srinivasan says that once the power is in hand, the individuality of all politicians will come out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/106764/actor-srinivasan-says-that-once-the-power-is-in-hand-the-individuality-of-all-politicians-will-come-out"
published_at: "2023-04-02T19:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642990bb56ac6_sreenivasan_and_pnarayi.jpg"
keywords: []
---

# അധികാരം കിട്ടിയാല്‍ എല്ലാ രാഷ്ട്രീയക്കാരുടെയും തനിനിറം പുറത്തുവരും; ശ്രീനിവാസന്‍

> **Lead Summary:** അധികാരം കയ്യില്‍ കിട്ടിയാല്‍ എല്ലാ രാഷ്ട്രീയക്കാരുടേയും തനിനിറം പുറത്തുവരുമെന്ന് നടന്‍ ശ്രീനിവാസന്‍. എല്ലാവരും ദരിദ്രരുടെ ഉന്നമനം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അധികാരം കൈയ്യിലെത്തിയാല്‍ സ്വഭാവം മാറുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

അധികാരം കയ്യില്‍ കിട്ടിയാല്‍ എല്ലാ രാഷ്ട്രീയക്കാരുടേയും തനിനിറം പുറത്തുവരുമെന്ന് നടന്‍ ശ്രീനിവാസന്‍. എല്ലാവരും ദരിദ്രരുടെ ഉന്നമനം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അധികാരം കൈയ്യിലെത്തിയാല്‍ സ്വഭാവം മാറുമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശകനായി മാറിയതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ശ്രീനിവാസന്റെ മറുപടി. നേരത്തെ ശ്രീനിവാസന്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നു പിണറായി വിജയന്‍. ‘ട്രെയിന്‍ യാത്രക്കിടെയാണ് ആദ്യമായി പിണറായി വിജയനെ കാണുന്നതും പരിചയപ്പെടുന്നതും.

പിണറായി വിജയന്‍ തന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അന്ന് എംഎല്‍എ ആയിരുന്നു പിണറായി. അവിടെപോയി കാണാമെന്ന് ഞാന്‍ അറിയിച്ചു. വളരെ ഊഷ്മളതയോടെ അദ്ദേഹം എന്റെ പിതാവിനെക്കുറിച്ച് സംസാരിച്ചു. ഞാന്‍ വികാരാധീനനായി. ആ സന്തോഷമാണ് ഞങ്ങളെ കുറേക്കാലം ബന്ധിപ്പിച്ചത്.’ ശ്രീനിവാസന്‍ പറഞ്ഞു.

അതിന് പിന്നാലെ അധികാരം രാഷ്ട്രീയക്കാരെ ദുഷിപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം താന്‍ മനസ്സിലാക്കിയെന്ന് ശ്രീനിവാസന്‍ പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം.’എന്റെ അച്ഛനും അമ്മയും സഹോദരനും ഉറച്ച കമ്മ്യൂണിസ്റ്റുകാരായിരുന്നു.

അതുകൊണ്ട് മാത്രമാണ് ഞാനൊരു കമ്മ്യൂണിസ്റ്റുകാരനായിരുന്നത്.എന്നാല്‍ അമ്മയുടെ കുടുംബത്തിന് കോണ്‍ഗ്രസ് അനുഭാവമായിരുന്നു. അവരുടെ സ്വാധീനത്തില്‍ കോളേജ് കാലഘട്ടത്തില്‍ ഞാനൊരു കെഎസ്യു പ്രവര്‍ത്തകനായി.

അപ്പോഴും കൃത്യമായ രാഷ്ട്രീയ ധാരണയുണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ പ്രേരണയില്‍ ഞാന്‍ എബിവിപിയില്‍ പ്രവര്‍ത്തിച്ചു. കോളേജില്‍ രാഖി ധരിച്ചെത്തിയ ആദ്യ വിദ്യാര്‍ത്ഥി ഞാനായിരുന്നു. കമ്മ്യൂണിസ്റ്റുകാരന്റെ മകന്‍ രാഖി ധരിച്ച് കോളേജില്‍ എത്തിയത് പലരേയും അത്ഭുതപ്പെടുത്തി. ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/106764/actor-srinivasan-says-that-once-the-power-is-in-hand-the-individuality-of-all-politicians-will-come-out)