ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തെ തുടര്‍ന്ന് ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളം. മാസങ്ങള്‍ക്ക് മുന്‍പാണ് ഉല്ലാസിന് ഭാര്യയെ നഷ്ടപ്പെടുന്നത്. ശേഷം വീണ്ടും പരിപാടികളിലേക്ക് സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് താരം. ജോലിയില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് താന്‍ തിരിച്ച് വന്നതെന്നാണ് താരമിപ്പോള്‍ പറയുന്നത്.
വേറെ ആരുമില്ലാത്തത് കൊണ്ട് മക്കളെ നോക്കണം. അതാണ് വീണ്ടും ഇതേ ജോലിയിലേക്ക് തന്നെ താന്‍ തിരികെ വന്നതെന്ന് ഉല്ലാസ് ബിഹൈന്‍ഡ്‌വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു. മാത്രമല്ല നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തെ കുറിച്ചും താരം സൂചിപ്പിച്ചിരുന്നു.

'വിഷമിച്ചിരിക്കുമ്പോഴും നമ്മുടെ സാഹചര്യം ഇങ്ങനെയായത് കൊണ്ടാണ് കോമഡി വേഷങ്ങള്‍ ചെയ്യുന്നത്. ജോലി ചെയ്യാതെ നമ്മള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലല്ലോ. നമ്മുടെ സാഹചര്യം അതായി പോയില്ലേ. എല്ലാം നിര്‍ത്തി വീട്ടില്‍ ഇരിക്കാന്‍ പറ്റാത്തവര്‍ പണിക്ക് പോയെ പറ്റൂ. പിന്നെ മക്കളുണ്ട് അവരെയൊക്കെ വളര്‍ത്തണം.
അതുകൊണ്ട് നമ്മുടെ പ്രയാസങ്ങള്‍ നമ്മള്‍ മാത്രം അറിഞ്ഞാല്‍ പോരെ. നമ്മുടെ ജോലി തുടര്‍ന്ന് കൊണ്ട് പോയില്ലെങ്കില്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ട് പോകും. അതുകൊണ്ടാണ് വീണ്ടും ഇറങ്ങി തിരിച്ചത്. ഞാന്‍ മാത്രം അല്ല എല്ലാവരും അങ്ങനെ തന്നെ ആയിരിക്കുമെന്ന്', ഉല്ലാസ് പറയുന്നു.
'ആ സമയത്തും സുഹൃത്തുക്കളുടെ വലിയ പിന്തുണ എനിക്ക് കിട്ടിയിരുന്നു. പരിപാടിക്ക് ഇറങ്ങണം, പഴയത് പോലെ സജീവം ആകണമെന്നും സുഹൃത്തുക്കള്‍ പറയുമായിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്ക് ഷോ യിലേക്ക് എന്നെ വിളിച്ചിരുന്നു. അവരോട് വരാമെന്ന് പറഞ്ഞെങ്കിലും തലേദിവസം വിളിച്ചിട്ട് ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്.
അപ്പോള്‍ ഷോ യുടെ ഡയറക്ടര്‍ പറഞ്ഞത്, ഉല്ലാസേ... അങ്ങനെ വിചാരിച്ചിരുന്നാല്‍ ശരിയാകില്ല. വെറുതെ വന്ന് ഫ്‌ളോറില്‍ ഇരിക്കുകയെങ്കിലും ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അത്തരത്തില്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നെ അടുത്ത ഷെഡ്യൂള്‍ മുതല്‍ ഞാന്‍ പോയി തുടങ്ങിയെന്ന്', ഉല്ലാസ് പറയുന്നു.
'ആ സംഭവത്തിന് ശേഷം ഞാന്‍ ആദ്യമായി പോയ സ്റ്റേജ് മസ്‌ക്കറ്റിലാണ്. ഒരുപാട് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നു കൊണ്ടാണ് ആ ഷോ ഞാന്‍ ചെയ്തത്. എന്നാല്‍ നമ്മള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അതൊക്കെ മറന്നിട്ട് ചെയ്യണമെന്ന് ഉല്ലാസ് പറയുന്നു.
ഇന്നത്തെ കാലത്ത് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒന്നിനും ഒരു അഭിപ്രായവും പറയാന്‍ പറ്റാത്ത സാഹചര്യം ആണ് നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ നമ്മള്‍ക്ക് പറയാന്‍ ഉള്ളത് നമ്മള്‍ പറയത്തില്ല. പറഞ്ഞാല്‍ രണ്ട് രീതിയില്‍ എടുക്കും. ആര്‍ട്ടിസ്റ്റുകള്‍ ഒരു അഭിപ്രായം പറയുന്നതിനെ വളച്ചൊടിക്കപ്പെട്ടാകും എത്തുന്നതെന്നും', താരം വ്യക്തമാക്കുന്നു.
Content Highlight: Having no one else to look after the children; Ullas Pandalam is about the broken moment after the separation of his wife

































