---
title: "തൂണില്‍ കെട്ടിപ്പിടിച്ച് കരഞ്ഞോണ്ട് ഞാന്‍ നിന്നിട്ടുണ്ട്, ശരിക്കും യത്തീം ഖാനയില്‍ ഉമ്മയാണ് എന്നെ കൊണ്ട് വിട്ടത്; നസീര്‍ സംക്രാന്തി"
english_title: "I have stood crying hugging the pillar, it was actually Umma who left me in Yatim Khana; Nazir Sankranti"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100097/i-have-stood-crying-hugging-the-pillar-it-was-actually-umma-who-left-me-in-yatim-khana-nazir-sankranti"
published_at: "2023-02-27T20:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcc5c7b56ec_naseer_samkrandhi.jpg"
keywords: []
---

# തൂണില്‍ കെട്ടിപ്പിടിച്ച് കരഞ്ഞോണ്ട് ഞാന്‍ നിന്നിട്ടുണ്ട്, ശരിക്കും യത്തീം ഖാനയില്‍ ഉമ്മയാണ് എന്നെ കൊണ്ട് വിട്ടത്; നസീര്‍ സംക്രാന്തി

> **Lead Summary:** മിമിക്രി വേദികളില്‍ നിന്നും പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച നടനാണ് നസീര്‍ സംക്രാന്തി. നിരവധി സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവ സാന്നിധ്യമായ നസീര്‍ പൊതുവേ ശാന്ത സ്വഭാവക്കാരനാണ്. 

## Article Content

മിമിക്രി വേദികളില്‍ നിന്നും പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച നടനാണ് നസീര്‍ സംക്രാന്തി. നിരവധി സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവ സാന്നിധ്യമായ നസീര്‍ പൊതുവേ ശാന്ത സ്വഭാവക്കാരനാണ്. 

ചെറിയ പ്രായത്തില്‍ ഒരു നിവൃത്തിയുമില്ലാതെ ജീവിക്കേണ്ട സാഹചര്യമായിരുന്നു നസീറിനുണ്ടായിരുന്നത്. അങ്ങനെയൊരു സാഹചര്യം വന്നപ്പോള്‍ തന്നെ അനാഥാലയത്തില്‍ കൊണ്ട് പോയി വിട്ടതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരമിപ്പോള്‍. അന്ന് തൂണില്‍ കെട്ടിപ്പിടിച്ച് നിന്ന് കരയേണ്ടി വന്ന സാഹചര്യമൊക്കെ ഉണ്ടായിട്ടുണ്ടെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നസീര്‍ പറഞ്ഞത്.

'പിതാവ് മരിച്ചതിന് ശേഷമാണ് എന്നെ യത്തീംഖാനയില്‍ കൊണ്ട് ചെന്നാക്കുന്നത്. അന്നെനിക്ക് പതിനൊന്ന് വയസേയുള്ളു. നിവൃത്തിയില്ലാത്തത് കൊണ്ടാണ് അവിടെ കൊണ്ട് വിട്ടതെന്ന് പിന്നീട് മനസിലായി. പക്ഷേ വല്ലാത്ത സങ്കടമുള്ള കാലഘട്ടമായിരുന്നു അതൊക്കെ.

കാരണം നോമ്പ് മാസം തുടങ്ങുമ്പോള്‍ എല്ലാവരെയും വിളിച്ച് കൊണ്ട് പോകും. ആ സമയത്ത് നമ്മളവിടെ ഒറ്റപ്പെട്ട് നില്‍ക്കേണ്ടി വരും. ഇവിടെ നിന്നും അവിടെ വന്ന് എന്നെ കൂട്ടികൊണ്ട് പോകാന്‍ നൂറ്റിയമ്പത് രൂപയുടെ ചിലവാകും. അതിന് വകുപ്പില്ലാത്തത് കൊണ്ട് ഞാന്‍ അവിടെ ഒറ്റയ്ക്ക് നില്‍ക്കും.

പലപ്പോഴും തൂണില്‍ കെട്ടിപ്പിടിച്ച് കരഞ്ഞോണ്ട് ഞാന്‍ നിന്നിട്ടുണ്ട്. അവിടുന്ന് എങ്ങോട്ടും പുറത്തൊന്നും പോകാന്‍ പറ്റില്ലായിരുന്നു. എന്നാല്‍ ഒരു അറബി വന്ന് പൈസ തന്നിരുന്നു. അത് മാനേജരുടെ കൈയ്യിലാണ് കൊടുക്കുക. അദ്ദേഹം നമുക്ക് ഒരു രൂപയോ രണ്ട് രൂപയോ ആയിട്ട് തരും. അതുകൊണ്ട് പുറത്ത് പോയി കപ്പയും മീന്‍ചാറും വാങ്ങി കഴിക്കും. അതല്ലാതെ പുറത്ത് പോയിട്ടൊന്നും കഴിക്കാന്‍ പറ്റത്തില്ല. ഇതെല്ലാം മാനസികമായി തളര്‍ത്തിയ കാര്യങ്ങളായിരുന്നുവെന്നാണ്', നസീര്‍ പറയുന്നത്. 

അവിടെ അവധി വന്നതിന് ശേഷമാണ് തിരികെ വീട്ടിലേക്ക് വരാന്‍ സാധിച്ചത്. അങ്ങനെ വീട്ടിലേക്ക് വന്നതിന് ശേഷം തിരികെ പോയില്ലെന്നും അതോടെ പഠിത്തം പോലും അവസാനിച്ചെന്നും താരം വെളിപ്പെടുത്തിയിരുന്നു. 'നോമ്പ് മാസത്തിലാണ് അവിടുത്തെ അവധി. ആ സയമത്ത് വീട്ടിലേക്ക് പോകാം. അങ്ങനൊരു അവധിയ്ക്ക് ഞാന്‍ വീട്ടിലേക്ക് പോയിട്ട് പിന്നെ തിരിച്ച് പോയില്ല. അതോട് കൂടി പഠനം നിര്‍ത്തി', നസീര്‍ പറയുന്നു. 

'ശരിക്കും യത്തീം ഖാനയില്‍ ഉമ്മയാണ് എന്നെ കൊണ്ട് വിട്ടത്. ഇടയ്ക്ക് ഇല്ലന്റിന് അകത്ത് ഒരു രൂപയൊക്കെ ഇട്ടിട്ട് ഉമ്മ അയച്ച് തരുമായിരുന്നു. ആ പൈസ കൊണ്ട് കുറേ ദിവസം അവിടെ ചിലവഴിച്ച് ജീവിക്കാന്‍ പറ്റും. ആകെ മൂന്ന് രൂപയുണ്ടെങ്കില്‍ ഒരു മാസം ചിലവുകളൊക്കെ കഴിയും. അങ്ങനെയായിരുന്നു തന്റെ യത്തീം ഖാനയിലെ ജീവിതമെന്നാണ്' നസീര്‍ സംക്രാന്തി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100097/i-have-stood-crying-hugging-the-pillar-it-was-actually-umma-who-left-me-in-yatim-khana-nazir-sankranti)