#Latest News #Pala Municipality #Congress Councillors #Diya Pulikkakandam
കോട്ടയം: ( www.truevisionnews.com ) പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് അഞ്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടിയാണ് പിന്തുണ പിൻവലിക്കാനുള്ള തീരുമാനമെടുത്തത്. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് നടപടി.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നേതൃത്വത്തെ അറിയിക്കും. ഒരുതരത്തിലും സ്വതന്ത്ര കൂട്ടായ്മയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നിലപാട്.
പാലാ കൊട്ടാരമറ്റം സ്റ്റാന്റ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിലേക്ക് എത്തിയത്. കോണ്‍ഗ്രസിനെ അപമാനിക്കുന്ന നടപടിയാണ് സ്വതന്ത്ര കൂട്ടായ്മയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം. ഭൂരിപക്ഷമുണ്ടാകാതിരിക്കാന്‍ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഈ മാസം എട്ട് മുതല്‍ പതിമൂന്ന് വരെയാണ് ഡിവൈഎഫ്‌ഐയുടെ ജില്ലാ സമ്മേളനം പാലയില്‍ വെച്ച് നടക്കുന്നത്. ഇതിന്റെ നടത്തിപ്പിന് കൊട്ടാരമറ്റം സ്റ്റാന്റ് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. പിന്നാലെ വിഷയത്തില്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കട്ടെ എന്നായിരുന്നു ചെയര്‍പേഴ്‌സന്റെ നിലപാട്.
എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് അസുഖബാധിതരായി എത്താന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും എത്തിയിരുന്നില്ല. തുടര്‍ന്നാണ് തീരുമാനം ഏകപക്ഷീയമായി മറുപക്ഷത്തേക്ക് പോകുമെന്ന് കണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയത്. ഭരണ സമിതിക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള കോൺഗ്രസ് തീരുമാനമുണ്ടായതോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമാകും.
Content Highlight: Congress councillors withdraw support for the Chairperson in Pala Municipality
#Latest News #Pala Municipality #Congress Councillors #Diya Pulikkakandam

































