#Latest News #KSU #PM Shri Project #Aloshious Xavier
തിരുവനന്തപുരം: ( www.truevisionnews.com ) പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെഎസ്‌യു. പിഎം ശ്രീ പദ്ധതി സംഘപരിവാറിന്റെ കുഞ്ഞാണെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ ഡോ. അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പിഎം ശ്രീയ്ക്ക് എതിരെ തെരുവില്‍ സമരം നടത്തി തല്ലുകൊണ്ടവരാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ എന്നും ഭരണം കിട്ടുമ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും കെഎസ്‌യുവിന് ഒറ്റ നിലപാട് മാത്രമേയുളളുവെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
സംഘപരിവാറിനോട് വിധേയപ്പെട്ട പിണറായി വിജയനോടുളള വിയോജിപ്പുകൊണ്ട് കൂടിയാണ് ജനം യുഡിഎഫിനെ അധികാരത്തിലേറ്റിയതെന്നും ഇക്കാര്യം യുഡിഎഫ് നേതൃത്വം മനസിലാക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അലോഷ്യസിന്റെ പ്രതികരണം.
'പിഎം ശ്രീ സംഘപരിവാറിന്റെ കുഞ്ഞാണ്. ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുളളത്. പാഠപുസ്തകങ്ങളില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മൗലാനാ അബുള്‍ കലാം ആസാദ് വരെയുളള നിരവധിയായ മനുഷ്യരെയും രാജ്യത്തിന്റെ സ്വാതന്ത്രസമര ചരിത്രവും മായ്ച്ചുകളഞ്ഞ് വരാനിരിക്കുന്ന തലമുറയെ കാവിവല്‍ക്കരിക്കാനുളള നീക്കത്തോടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് പൊരുത്തപ്പെട്ടത്.
ജനങ്ങള്‍ യുഡിഎഫിനെ അധികാരത്തിലേറ്റിയത് സംഘപരിവാറിന് വിധേയപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയങ്ങളോടുളള ശക്തമായ വിയോജിപ്പ് കൊണ്ട് കൂടിയാണ്. അത് യുഡിഎഫ് നേതൃത്വം മനസിലാക്കുന്നുണ്ട് എന്നുതന്നെയാണ് കെഎസ്‌യു വിശ്വസിക്കുന്നത്': അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
എല്‍ഡിഎഫ് റദ്ദാക്കിയ പിഎം ശ്രീ പദ്ധതി യുഡിഎഫ് നടപ്പിലാക്കുകയാണ് എന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞത്. പിഎം ശ്രീ നടപ്പിലാക്കാനുളള നീക്കം കേരളത്തിന്റെ മതനിരപേക്ഷ ബോധ്യത്തോടുളള വെല്ലുവിളിയാണെന്നും വിദ്യാര്‍ത്ഥികളില്‍ ആര്‍എസ്എസ് മൂല്യങ്ങള്‍ പ്രചരിപ്പിക്കാനുളള നീക്കമാണെന്നും പിഎസ് സഞ്ജീവ് പറഞ്ഞു.
'പിഎം ശ്രീ നടപ്പിലാക്കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണം. വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിക്കണം. കേരളം പിഎം ശ്രീ പണം വാങ്ങിയിട്ടില്ല. ഒരു പിഎം ശ്രീ നടപടിയും കേരളത്തില്‍ ഉണ്ടായിട്ടില്ല. യുഡിഎഫ് കഴിഞ്ഞ സര്‍ക്കാരിന്റെ മേല്‍ പഴി ചാരി രക്ഷപ്പെടുകയാണ്. പിഎം ശ്രീ പിന്‍വലിക്കണം. പുതിയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പിലാക്കിയെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.
സര്‍ക്കാരിനെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുവലിക്കാന്‍ എസ്എഫ്‌ഐ നിര്‍ബന്ധിതരാകും. എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കും': പി എസ് സഞ്ജീവ് പറഞ്ഞു. കെഎസ്‌യു പിഎം ശ്രീയ്‌ക്കെതിരെ പറഞ്ഞത് സ്വാഗതാര്‍ഹമാണെന്നും ഫേസ്ബുക്കില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നും സഞ്ജീവ് പറഞ്ഞു.
പിഎം ശ്രീയ്‌ക്കെതിരായ സമരത്തിന് കെഎസ്‌യുവിനെയും ഒപ്പം പ്രതീക്ഷിക്കുന്നുവെന്നും വി സിമാരുടെ നിയമനം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കൂടി കെഎസ്‌യു നിലപാട് വ്യക്തമാക്കണമെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
Content Highlight: KSU President Aloshious Xavier Against PM Shree Project


































