#Assembly elections #LDF #CPM #P. Rajeev
മലപ്പുറം: (https://truevisionnews.com/) നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ പാർട്ടിയുടെ വീഴ്ചകൾ തുറന്നുസമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിയ മുദ്രാവാക്യം ജനങ്ങളിൽ വിപരീതഫലമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു. മലപ്പുറത്ത് നടന്ന ഇ.എം.എസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയാണ്, പാർട്ടി നേരിട്ട രാഷ്ട്രീയ തിരിച്ചടിയിലുള്ള ആത്മപരിശോധനയുടെ ഭാഗമായി അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് മുന്നോട്ടുവെച്ച പ്രധാന മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു തരത്തിലുള്ള ബോധമാണ് സൃഷ്ടിച്ചതെന്ന് പാർട്ടി വിലയിരുത്തിയിട്ടുള്ളതായി പി. രാജീവ് വ്യക്തമാക്കി. 'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന ചോദ്യം ശരിയായ രീതിയിലല്ല ജനങ്ങളിലേക്ക് എത്തിയത്.
ഈ മുദ്രാവാക്യം ജനങ്ങളിൽ തെറ്റായ സന്ദേശം നൽകാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച മറ്റ് ചില സംഘടനാപരമായ വീഴ്ചകളും ഇ.എം.എസ് അനുസ്മരണ വേദിയിൽ അദ്ദേഹം വിശദീകരിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ട്.
ഇതിന് പുറമെ, ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലും ശക്തമായ നടപടികളെടുത്ത് മുന്നോട്ട് പോകേണ്ടതായിരുന്നു. അവിടെയും കാര്യമായ പാളിച്ചകൾ സംഭവിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ നയങ്ങളിലും പ്രചാരണ തന്ത്രങ്ങളിലും വന്ന ഇത്തരം വീഴ്ചകളാണ് ജനവിധി പ്രതികൂലമാക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
Content Highlight: Assembly elections, collapse of the party, CPM central committee member P. Rajeev, LDF


























