---
title: "അൻസിബയുടെ പരാതിയിൽ ഇനി പരസ്യ പ്രതികരണത്തിനില്ല; പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തീർക്കുമെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ"
english_title: "content highlights:- 'Amma' President Shweta Menon says issues will be resolved within the organization"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362470/content-highlights-amma-president-shweta-menon-says-issues-will-be-resolved-within-the-organization"
published_at: "2026-05-29T11:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68944887a38c3_Untitled-1-Recovered-Recovered.jpg"
keywords: ["Latest News", "Malayalam", "AMMA", "Shwethamenon"]
---

# അൻസിബയുടെ പരാതിയിൽ ഇനി പരസ്യ പ്രതികരണത്തിനില്ല; പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തീർക്കുമെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ

> **Lead Summary:** **കൊച്ചി: [ **നടി അൻസിബ ഹസ്സൻ ഉന്നയിച്ച പരാതികളുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾക്കില്ലെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ.

## Article Content

**കൊച്ചി: [ **നടി അൻസിബ ഹസ്സൻ ഉന്നയിച്ച പരാതികളുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾക്കില്ലെന്ന് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ.

സംഘടനയ്ക്കുള്ളിലെ വിഷയങ്ങളെക്കുറിച്ച് ഇനി കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലെന്നും, ഉയർന്നുവന്ന പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ശ്വേത വ്യക്തമാക്കി.

വിഷയത്തിൽ വ്യക്തത തേടി ബന്ധപ്പെട്ടപ്പോഴാണ് പ്രശ്നങ്ങൾ ആഭ്യന്തരമായിത്തന്നെ തീർക്കുമെന്ന നിലപാട് പ്രസിഡന്റ് വ്യക്തമാക്കിയത്. അൻസിബ പ്രധാനമായും രണ്ട് പരാതികളാണ് ഉന്നയിച്ചിട്ടുള്ളത്.

നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ ആഭ്യന്തര വകുപ്പിനും പോലീസിനും നൽകിയതാണ് ഇതിൽ ആദ്യത്തേത്. ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ തന്നെ അപമാനിച്ചു എന്നാണ് അൻസിബയുടെ ആക്ഷേപം.

നടൻ ടിനി ടോമിനെതിരെ താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നൽകിയ പരാതിയാണ് രണ്ടാമത്തേത്. ഈ പരാതി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്ന് അറിയിച്ചുകൊണ്ട്, ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ തെളിവുകൾ സഹിതം നേരിട്ടെത്താൻ അമ്മ ഭാരവാഹികൾ അൻസിബയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ തന്റെ പരാതി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയല്ല കേൾക്കേണ്ടതെന്നും, പകരം നിഷ്പക്ഷമായ ഒരു സമിതി വേണമെന്നുമാണ് അൻസിബയുടെ നിലപാട്. പുതിയ സമിതിക്കായി രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ പേരുകൾ അൻസിബ നിർദ്ദേശിക്കുകയും ചെയ്തു.

ഇവർക്ക് അസൗകര്യമുണ്ടെങ്കിൽ താനുമായി ആലോചിച്ച് മറ്റ് പേരുകൾ തീരുമാനിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. എങ്കിലും അൻസിബയുടെ ഈ ആവശ്യങ്ങൾ അമ്മ സംഘടന അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. പകരം, ടിനി ടോമിനെതിരായ പരാതി സംഘടനയുടെ ജനറൽ ബോഡിക്ക് വിടാനാണ് നിലവിൽ നീക്കം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362470/content-highlights-amma-president-shweta-menon-says-issues-will-be-resolved-within-the-organization)