(https://moviemax.in/) നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി കുറ്റവിമുക്‌തനാക്കിയ വിധിയിൽ പ്രതികരണവുമായി നടി റോഷ്‌ന ആൻ റോയ്. 'എല്ലായ്പ്പോഴും അവനൊപ്പം, കുറ്റം ചെയ്തവർ മാത്രം ശിക്ഷിക്കപ്പെടണം.'-റോഷ്‌ന ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.“എട്ടു വർഷത്തെ പോരാട്ടത്തിനൊടുവിൽ ഇന്ന് സത്യം ജയിച്ചു. സത്യത്തിന്റെ ശബ്ദം എപ്പോഴും ഉയർന്നുനിൽക്കുമെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു."-റോഷ്‌നയുടെ വാക്കുകൾ.
അതിജീവിതയെ ഓടുന്ന കാറിൽ ആക്രമിച്ച സംഭവത്തിൽ എട്ടു വർഷത്തിനു ശേഷമാണ് വിധി വന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് ഹണി എം. വർഗീസിൻ്റെ വിധിന്യായത്തിൽ, കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ആർ. മണിക്കണ്ടൻ, വി.പി. വിജേഷ്, എച്ച്. സലീം, പ്രദീപ് എന്നിവർ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും വ്യക്‌തമാക്കി. ഇവരുടെ ശിക്ഷാവിധി ഡിസംബർ 12-ന് പ്രഖ്യാപിക്കും.
അതേസമയം നടിമാരായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, പാർവതി തിരുവോത്ത് തുടങ്ങിയവർ അതിജീവിതയ്ക്ക് പിന്തുണയുമായി എത്തി. തന്റെ ഇൻസ്‌റ്റാഗ്രാം സ്‌റ്റോറിയിലൂടെ അതിജീവിതയ്ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പിച്ചു പറഞ്ഞ പാർവതി, 'ഇതാണോ നീതി?' എന്ന ചോദ്യമുയർത്തി. 'അവൾക്കൊപ്പം എന്നെന്നും' എന്ന കുറിപ്പും പാർവതി പങ്കുവച്ചിട്ടുണ്ട്.
"അവൾ പോരാടിയത് അവൾക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്. അവളുടെ പോരാട്ടത്തിലൂടെ കേരള സമൂഹത്തിൽ സ്ത്രീകൾ നിലകൊള്ളുന്നതിലും പോരാടുന്നതിലും സംസാരിക്കുന്നതിലും അക്രമങ്ങളോട് പ്രതികരിക്കുന്നതിലും എല്ലാം മാറ്റം വന്നു"- പാർവതി തിരുവോത്തിന്റെ വാക്കുകൾ
Actress Roshna Ann Roy supports Dileep
































