തിരുവനന്തപുരം : ( www.truevisionnews.com ) സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയിൽ (എസ് ഐ ആർ) വിദ്യാർത്ഥികൾ പങ്കാളികളാകുന്നത് സ്വമേധയാ ആയിരിക്കുമെന്നും ആരെയും നിർബന്ധിക്കില്ലെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി.
വിദ്യാർത്ഥികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടർ.
മന്ത്രിയുടെ നിർദ്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഒഴിവാകാമെന്നും കളക്ടർ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി തന്നോട് നേരിട്ട് നിർദ്ദേശിച്ചതായും കളക്ടർ കൂട്ടിച്ചേർത്തു.
''വിദ്യാഭ്യാസ മന്ത്രി എന്നെ വിളിച്ചിരുന്നു. അടുത്ത ആഴ്ച കുട്ടികൾക്ക് പരീക്ഷകൾ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷകൾ ഉള്ളതിനാൽ, പഠനത്തെ ബാധിക്കരുതെന്ന് പറഞ്ഞു. ഇക്കാര്യം ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഞങ്ങളുടെ മിക്ക വളണ്ടിയർമാരും കോളേജ് വിദ്യാർത്ഥികളാണ്. രണ്ടാം വർഷ, മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ ഉള്ളതിനാൽ പ്രധാനമായും ഒന്നാം വർഷ വിദ്യാർത്ഥികളാണ് മുന്നോട്ട് വന്നിട്ടുള്ളത്.
സ്വമേധയാ വരുന്നതാണ്. പരീക്ഷയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ഒഴിവാകാം. വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രവർത്തനം ബിഎൽഒ മാരുടേതാണ്. വളണ്ടിയർമാർ മാപ്പിംഗിലും ഡിജിറ്റലൈസേഷനിലുമാണ് സഹായിക്കുന്നെതെന്നും കളക്ടർ വിശദീകരിച്ചു.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് വിദ്യാര്‍ഥികളെ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തെ രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കായി എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസ്സപ്പെടുത്തുമെന്നും അത് പാടില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.
എസ്ഐആർ പ്രവർത്തനങ്ങൾക്ക് സ്കൂൾ കുട്ടികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ല. ഓഫീസ് ജോലികൾക്കോ മറ്റ് പരിപാടികൾക്കോ കുട്ടികളെ ഉപയോഗിക്കരുതെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
Comprehensive voter list revision process, no one will be forced, Thiruvananthapuram District Collector Anu Kumari



























