കൊല്ലം: ( www.truevisionnews.com ) ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം. ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും കുടുംബം വ്യക്തമാക്കി. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയനെയും (33) ഒന്നരവയസുകാരിയായ മകള്‍ വൈഭവിയേയുമാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാട്ടിലേക്ക് എത്തിച്ച് വിചാരണ ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മകളെയും കുഞ്ഞിനെയും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
കുടുംബം നേരത്തെ കേരള പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് പോകുന്ന ഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ വരാനുള്ള സാധ്യതയുണ്ട്. ഈ സ്ഥിതി കണക്കിലെടുത്താണ് കുടുംബം അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണം എന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്.
തന്റെയും മകളുടെയും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവണം എന്ന് വ്യക്തമാക്കിയിട്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്നും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട് എന്നാണ് വിപഞ്ചിക ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
‘ഒരുപാട് സഹിച്ചു, കാലുപിടിച്ചു കരഞ്ഞു എന്നേയും കുഞ്ഞിനേയും ഉപേക്ഷിക്കരുതെന്ന്, കാശും ഒന്നും തരണ്ട ഞങ്ങളെ സ്നേഹിച്ചാ മാത്രം മതിയെന്ന് കരഞ്ഞു പറഞ്ഞിട്ടും ഉപേക്ഷിച്ചു പോയി. കുഞ്ഞായിട്ടുപോലും എന്നെ ജീവിക്കാന്‍ അവര്‍ അനുവദിച്ചിട്ടില്ല, കല്യാണം കഴിക്കുമ്പോള്‍ നിതീഷിനും വളരെ തുഛമായ സാലറി ആയിരുന്നു, വീട് ലോണിലും, അമ്മയ്ക്ക് രോഗവും, അപ്പോള്‍ നിതീഷിനു എന്നെ വേണമായിരുന്നു, പിന്നീട് പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു, അവനു കാശ് ആയി, സ്വന്തമായി ഫ്ലാറ്റ് ആയപ്പോള്‍ കൂടെനിന്ന എന്നെ പുറംകാലുകൊണ്ട് തട്ടി, വേറെ പെണ്ണുമായി റിലേഷന്‍ഷിപ്പായി, എന്നെ വെച്ചോണ്ടുതന്നെ, അതെല്ലാം ക്ഷമിച്ചിട്ടും ഇപ്പോള്‍ എന്നേയും എന്റെ കുഞ്ഞിനേയും ഉപേക്ഷിച്ചുപോയി, മടുത്തു ഒരുപാട് സഹിച്ചു’–വിപഞ്ചികയുടെ സോഷ്യല്‍മീഡിയ പോസ്റ്റിലെ വിവരങ്ങളാണിത്.
അതേസമയം ഭര്‍ത്താവ് നിതീഷ് തന്നോടുചെയ്ത ക്രൂരതകള്‍ എണ്ണിപ്പറയുന്നതായിരുന്നു വിപഞ്ചികയുടെ ഡയറിക്കുറിപ്പ്. ‘എന്റെ കുഞ്ഞിനെ ഓര്‍ത്ത് ഞങ്ങളെ വെറുതേവിടാന്‍ കെഞ്ചിയിട്ടുണ്ട് ഞാന്‍ ആ സ്ത്രീ കേട്ടില്ല, ഒരിക്കല്‍ ഇവള്‍ടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളം ഉണ്ടാക്കി, മുടിയും പൊടിയും എല്ലാംകൂടി ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി, എന്റെ കൊങ്ങയില്‍ പിടിച്ചുവച്ച് തറയില്‍ നിന്നും വീണ്ടും വീണ്ടും വാരിക്കുത്തിക്കയറ്റിക്കൊണ്ടിരുന്നു.
ഞാന്‍ പ്രഗ്‌നന്റ് ആയിരിക്കെ കഴുത്തില്‍ ബെല്‍റ്റ് ഇട്ടുവലിച്ചു, ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. എന്റെ കുഞ്ഞിന്റെ സ്വര്‍ണം കൈക്കലാക്കി, എന്റെ സ്വര്‍ണം കൈക്കലാക്കാന്‍ അവള്‍ക്ക് സാധിച്ചിട്ടില്ല, കാഷ് കൈക്കലാക്കാന്‍ സാധിച്ചില്ല, അതിന് എന്നെ ഉപദ്രവിച്ചോണ്ടിരിക്കാണ്, കാഷ് ഇല്ലാത്ത പെണ്‍കുട്ടികള്‍ കല്യാണം കഴിക്കാത്തതാണ് എന്നും നല്ലത്’ എന്നാണ് വിപഞ്ചിക ഡയറിയില്‍ കുറിച്ചത്.
ഭര്‍ത്താവ് നിതീഷിനു മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്ന വിപഞ്ചികയുടെ സോഷ്യല്‍മീഡിയ പോസ്റ്റിനെ ശരിവക്കുന്നതാണ് കുടുംബം പുറത്തുവിട്ട വാട്സാപ് ചാറ്റ്. വിപഞ്ചികയെക്കുറിച്ച് നിതീഷും പെണ്‍സുഹൃത്തും സംസാരിക്കുന്നതുള്‍പ്പെടെയാണ് പുറത്തുവിട്ടിരിക്കുന്നത്. പുലര്‍ച്ചെ ഒരുമണിക്കാണ് ഇരുവരും തമ്മിലുള്ള ഒരു ചാറ്റ്. വിപഞ്ചികയെ മനപൂര്‍വം അവഗണിക്കുന്നതുള്‍പ്പെടെ ഈ ചാറ്റിലൂടെ ഇരുവരും സംസാരിക്കുന്നുണ്ട്.
Vipanchika husband should be brought back to India and tried family demands central agency to investigate case