സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്ത തൊഴിൽ മേഖലയായാണ് സിനിമ-സീരിയൽ മേഖലയെ പൊതുജനം വിലയിരുത്തിയിരിക്കുന്നത്. അതിന് കാരണം കാസ്റ്റ്ങ് കൗച്ച്, സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗീകാതിക്രമം എന്നിവയുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്നതാണ്.
ഭാഷാ വ്യത്യാസമില്ലാതെ ഇപ്പോഴും സിനിമാ മേഖലയിലെ ഒരു ശതമാനം ആളുകൾ സ്ത്രീകളെ അവസരം വാഗ്ദാനം ചെയ്തും മറ്റും ചൂഷണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമയിൽ പ്രവർത്തിച്ചപ്പോഴുണ്ടായ മോശം അനുഭവം പങ്കിടുകയാണ് അർജുൻ റെഡ്ഡി സിനിമയിൽ നായിക വേഷം ചെയ്ത് ശ്രദ്ധ നേടിയ താരം ശാലിനി പാണ്ഡെ.
കാരവാനിൽ താൻ വസ്ത്രം മാറുന്നതിനിടയിൽ ഒരു തെന്നിന്ത്യൻ സംവിധായകൻ അനുവാദമില്ലാതെ വാതിൽ തുറന്ന് അകത്തേക്ക് കടന്നുവന്നുവെന്നാണ് ശാലിനി പാണ്ഡെ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അന്ന് താൻ ഒരു സിനിമ ചെയ്ത് കഴിഞ്ഞതേയുണ്ടായിരുന്നുള്ളുവെന്നും സംവിധായകന്റെ പേര് വെളിപ്പെടുത്താതെ ശാലിന് പാണ്ഡെ പറഞ്ഞു.
ഒരു തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ ഒരു സംവിധായകനിൽ നിന്നും എനിക്ക് ഒരു മോശം അനുഭവം ഉണ്ടായി. ഒരു ദിവസം ഞാൻ എന്റെ കാരവാനിൽ വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ അയാൾ പെട്ടെന്ന് എന്റെ സമ്മതമില്ലാതെ വാനിന്റെ വാതിൽ തുറന്ന് അകത്തേക്ക് കടന്നുവന്നു. ഞാൻ കോപാകുലയായി അന്ന് അയാളോട് ആക്രോശിച്ചു. അതോടെ അയാൾ ഇറങ്ങിപ്പോയി.
ഞാൻ ഒരു സിനിമ ചെയ്ത് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. പ്രായം 22 ഉണ്ടാകും. ഈ സംഭവത്തിനുശേഷം പിന്തുണ ലഭിക്കുന്നതിന് പകരം മിണ്ടാതിരിക്കാനാണ് പലരും എന്നെ ഉപദേശിച്ചത്. ആളുകൾ എന്നോട് പറഞ്ഞത് അയാളോട് ഞാൻ രോഷത്തോടെ പ്രതികരിക്കാൻ പാടില്ലായിരുന്നു എന്നാണ്.
പക്ഷെ ഞാൻ ചെയ്തത് ശരിയായ കാര്യമാണെന്ന് എനിക്ക് അറിയാമായിരുന്നു എന്നാണ് ശാലിനി പാണ്ഡെ പറഞ്ഞത്. നടിയുടെ വെളിപ്പെടുത്തൽ വൈറലായതോടെ ആരായിരിക്കും ശാലിനിയോട് മോശമായി പെരുമാറിയ സംവിധായകൻ എന്നത് സംബന്ധിച്ചാണ് ചർച്ചകൾ ഏറെയും.
പലരും അവരവരുടെ ഊഹാപോഹങ്ങൾ പങ്കുവെച്ച് തുടങ്ങി. ആദ്യം റിലീസ് ചെയ്തത് അർജുൻ റെഡ്ഡിയാണെങ്കിൽ ശാലിനി ആദ്യം അഭിനയിച്ച സിനിമ ബോളിവുഡിലാണെന്നും അതിനാൽ അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കെയാകും ശാലിനി പറഞ്ഞ സംവിധായകനെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ.
മറ്റ് ചിലർ മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിന്റെ പേരാണ് സമയവും സന്ദർഭവുമെല്ലാം വിലയിരുത്തി പറയുന്നത്. അതേസമയം മറ്റ് ചിലർ കാരവാനിന്റെ വാതിൽ ലോക്ക് ചെയ്യാതെ ഇരുന്നതിന് നടിയെ വിമർശിച്ചും എത്തി. ശാലിനി കരിയർ തുടങ്ങിയശേഷം ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് തമിഴിലും തെലുങ്കിലുമാണ്.
അർജുൻ റെഡ്ഡിയാണ് ശാലിനി ഇതുവരെ ചെയ്തതിൽ കരിയർ ബെസ്റ്റായും നടിയുടെ കരിയറിൽ തന്നെ വലിയൊരു വഴിത്തിരിവായും മാറിയ സിനിമ. അർജുൻ റെഡ്ഡിയുടെ റീമേക്ക് പല ഭാഷകളിൽ വന്നുവെങ്കിലും അർജുൻ റെഡ്ഡിയുടെ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞിട്ടില്ല. വിജയ് ദേവരകൊണ്ടയായിരുന്നു നായകൻ. വിജയിക്കും സിനിമാ ജീവിതത്തിൽ ഒരു നാഴിക കല്ല് സൃഷ്ടിച്ച് കൊടുത്തത് അർജുൻ റെഡ്ഡി എന്ന സിനിമയാണ്.
ദാബാ കാർട്ടലാണ് ശാലിനി അഭിനയിച്ച് അവസാനം പ്രേക്ഷകരിലേക്ക് എത്തിയ പ്രോജക്ട്. ജ്യോതിക, ഷബ്ന ആസ്മി തുടങ്ങിയവരായിരുന്നു ദാബാ കാർട്ടലിൽ മറ്റ് പ്രധാന വേഷം ചെയ്തവർ.
#changing #clothes #South #Indian #director #opened #door #screamed #ShaliniPandey