( moviemax.in ) കോട്ടണ്‍മില്‍ റോഡിലെ 'ശ്രീരാഗം' വീടിന് നടന്‍ മനോജ് കെ. ഭാരതിയുടെ മരണവാര്‍ത്ത ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. നടി നന്ദനയുടെ (അശ്വതി) ഭര്‍ത്താവായ മനോജിനെക്കുറിച്ച് പറയാന്‍ കുടുംബത്തിന് എപ്പോഴും നൂറുനാവാണ്. കോഴിക്കോടിന്റെ മരുമകന്‍ എന്നായിരുന്നു നന്ദനയുടെ വീട്ടുകാര്‍ക്കിടയില്‍ സംവിധായകനായ ഭാരതിരാജയുടെ മകന്‍ മനോജ് അറിയപ്പെട്ടിരുന്നത്. ചെന്നൈയില്‍പോയാല്‍ എതുകാര്യത്തിനും മുന്നില്‍നിന്ന് നയിക്കുന്ന പ്രകൃതമായിരുന്നു മനോജിന്റേതെന്ന് നന്ദനയുടെ വീട്ടുകാര്‍ ഓര്‍ക്കുന്നു.
ഒരുവര്‍ഷം മുന്‍പ് നന്ദനയും മനോജും കുടുംബവും കോഴിക്കോട്ട് നന്ദനയുടെ വീട്ടില്‍ വന്നിരുന്നു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃദംകാട്ടുന്ന പ്രകൃതമായിരുന്നു മനോജിന്റേത്. സേതുരാമയ്യര്‍ സിബിഐ, സ്‌നേഹിതന്‍ എന്നിവ ഉള്‍പ്പെടെ കുറച്ച് മലയാളചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നന്ദന, ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അതിലെ നായകനായ മനോജുമായി പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ 2006 ഡിസംബറിലായിരുന്നു വിവാഹം. ആഘോഷമായാണ് അത് നടത്തിയത്. കാരപ്പറമ്പ് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരുന്നു വിവാഹം.
''ഞെട്ടലോടെയാണ് മനോജിന്റെ നിര്യാണവാര്‍ത്തയറിഞ്ഞത്. മാര്‍ച്ച് ഏഴിന് ഹൃദയവാല്‍വിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു മനോജ്. കഴിഞ്ഞദിവസം പരിശോധനയ്ക്കുപോയപ്പോഴും പ്രശ്‌നമൊന്നും പറഞ്ഞിരുന്നില്ല. പക്ഷേ, ചൊവ്വാഴ്ച വൈകീട്ട് തീരെ അവിചാരിതമായിട്ടായിരുന്നു അന്ത്യം'' -നന്ദനയുടെ ഉറ്റബന്ധുവും എസ്.ബി.ഐ. റിട്ട. ഡെപ്യൂട്ടി മാനേജരുമായ രാജരാജേശ്വരി പറയുന്നു.
വിവരമറിഞ്ഞ് നന്ദനയുടെ അച്ഛന്‍ മണ്ണില്‍ ശ്രീകുമാര്‍, അമ്മ പി.വി. ശ്രീലത എന്നിവരുള്‍പ്പെടെയുള്ളവര്‍ ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
#manojbharathiraja #wife #actress #nandana #kozhikode