ഒരു സമയത്ത് ഏഷ്യാനെറ്റിൽ ഏറ്റവും കൂടുതൽ റേറ്റിങിൽ സംപ്രഷണം ചെയ്തിരുന്ന പരമ്പരയാണ് ചന്ദനമഴ. സീരിയൽ അവസാനിച്ചിട്ട് വർഷങ്ങൾ ഏറെ പിന്നിട്ടുവെങ്കിലും ഇപ്പോഴും ചന്ദനമഴയിലെ താരങ്ങളും കഥാപാത്രങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. അടുത്തിടെയായി സീരിയലിലെ ഭാഗങ്ങൾ സോഷ്യൽമീഡിയയിൽ ട്രോളായും മറ്റും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. നിരവധി അഭിനേതാക്കൾക്ക് കരിയറിൽ വലിയൊരു മാറ്റം നൽകിയ സീരിയൽ കൂടിയായിരുന്നു ചന്ദനമഴ.
സീരിയലിൽ കേന്ദ്രകഥാപാത്രമായ അമൃത ദേശായിയായി അഭിനയിച്ചത് നടി മേഘ്ന വിൻസെന്റായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിലും സീരിയലുകളിലും ചന്ദനമഴയ്ക്ക് മുമ്പും ശേഷവും മേഘ്ന അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴും മേഘ്ന മലയാളികൾക്ക് ദേശായി കുടുംബത്തിന്റെ മരുമകളായ അമൃതയാണ്. 2010 മുതൽ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് മേഘ്ന.
സീരിയൽ പ്രേക്ഷകരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മാത്രമല്ല ഇവർ മുടങ്ങാത സീരിയൽ കാണുന്നതിന് പിന്നിലെ മറ്റൊരു പ്രധാന കാരണം സീരിയലിൽ അഭിനയിക്കുന്ന സ്ത്രീകഥാപാത്രങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളുടെ ശേഖരവും കാണുന്നതിന് വേണ്ടി കൂടിയാണ്. അതുകൊണ്ട് തന്നെ താരങ്ങൾക്ക് ആഭരണങ്ങളോ സാരിയോ ആവർത്തിച്ച് ഉടക്കാനുള്ള അനുവാദം അണിയറപ്രവർത്തകർ അഭിനേതാക്കൾക്ക് നൽകിയിട്ടില്ല.
അതിനാൽ താരങ്ങൾ കയ്യിൽ നിന്നും പണമുടക്കി നൂറ് കണക്കിന് സാരികളും ചുരിദാറുകളും മറ്റ് മോഡേൺ വസ്ത്രങ്ങളും കഥാപാത്രങ്ങൾക്കായി വാങ്ങും. ചന്ദനമഴയിൽ അഭിനയിക്കുന്ന സമയത്ത് മേഘ്നയുടെ കഥാപാത്രം നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായതുകൊണ്ട് സാരികളായിരുന്നു ഏറെയും ധരിച്ചിരുന്നത്.
അന്ന് അമൃതയെന്ന കഥാപാത്രത്തിന് വേണ്ടി സാരികളുടെ എണ്ണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ മേഘ്ന. ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷം കഥാപാത്രങ്ങൾക്കായി വാങ്ങിയ വസ്ത്രങ്ങളെ കുറിച്ച് മേഘ്ന മനസ് തുറന്നത്. സീരിയലിന് വേണ്ടി വാങ്ങിയ സാരികളിൽ കുറേയൊക്കെ ഞാൻ പലർക്കായി കൊടുത്തു. അവയിൽ ചിലതൊക്കെ ഞാൻ റീയൂസ് ചെയ്തു.
ബോർഡർ മാത്രമുള്ള പ്ലെയിൻ സാരികളൊക്കെ ഞാൻ പിന്നീട് ചുരിദാറാക്കി. ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ ചുരിദാറുകൾ അത്തരത്തിൽ റീയൂസിനായി പഴയ സാരികൾ വെച്ച് തയ്പ്പിച്ചവയാണ്. ചന്ദനമഴയ്ക്ക് വേണ്ടി ഒരുപാട് സാരികൾ വാങ്ങിയിട്ടുണ്ട്. ഒരുപാട് എപ്പിസോഡുകൾ പോയ സീരിയലാണല്ലോ... എല്ലാ മാസവും നമുക്ക് പുതിയ പുതിയ സാരികൾ വേണം.
അതുകൊണ്ട് ഇഷ്ടംപോലെ സാരികൾ വാങ്ങിച്ചിട്ടുണ്ട്. ഉടുത്ത സാരികൾ വീണ്ടും അതേ സീരിയലിൽ ചിലപ്പോൾ ഉടുക്കും. പക്ഷെ എന്നിരുന്നാലും കുറച്ച് സാരികൾ എന്തായാലും വാങ്ങണം. കാരണം സീരിയലിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം ഞാൻ ഇരുപത് സാരി വരെ മാറിയുടുത്ത ദിവസമുണ്ട്. അങ്ങനെ നോക്കുമ്പോൾ ആയിരത്തിന് മുകളിൽ സാരികൾ ഉണ്ടാകേണ്ടതാണ് എന്നാണ് മേഘ്ന പറഞ്ഞത്. മേഘ്നയുടെ സാരികൾക്കും ചുരിദാറുകൾക്കും നിരവധി ആരാധകരുണ്ട്.
മേഘ്നയെപ്പോലെ തന്നെ സീരിയൽ അഭിനയം തുടങ്ങിയശേഷം വലിയൊരു സാരി കലക്ഷൻ വീട്ടിലുള്ളവരാണ് ദേവി ചന്ദനയും സീമ ജി നായരുമെല്ലാം. തനിക്ക് സ്വന്തമായി മൂവായിരത്തോളം സാരികൾ ഉണ്ടെന്നാണ് അടുത്തിടെ തന്റെ സാരി കലക്ഷന്റെ വിശേഷങ്ങൾ പങ്കിട്ടപ്പോൾ സീമ പറഞ്ഞത്. സിനിമയിലേതുപോലെ കോസ്റ്റ്യൂം സീരിയലിലെ അഭിനേതാക്കൾക്ക് ലൊക്കേഷനിൽ നിന്നും കൊടുക്കാറില്ല.
അതുകൊണ്ട് തന്നെ സ്ത്രീ അഭിനേതാക്കൾക്കാണ് കഥാപാത്രങ്ങൾക്ക് കോസ്റ്റ്യൂം വാങ്ങി വലിയൊരു തുക പൊടിയുന്നത്. സീരിയലിൽ കൂടുതലായും സാരിയിലാണ് പ്രത്യക്ഷപ്പെടാറെങ്കിലും എല്ലാത്തരം വസ്ത്രങ്ങളും ധരിക്കാൻ ഇഷ്ടമുള്ളയാളാണ് മേഘ്ന. ഇപ്പോൾ താരം സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഹൃദയം എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിന് പുറമെ യുട്യൂബ് വ്ലോഗിങും ഫാമിങ്ങുമെല്ലാം മേഘ്ന ചെയ്യുന്നുണ്ട്.
#Changed #up #20 #sarees #day #Then #that's #all #I #Meghna #about #sarees #bought #serial