കഴിഞ്ഞ ദിവസമാണ് നിർമാതാക്കളായ സാന്ദ്ര തോമസും ഷീലു കുര്യനും കേരള ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ രംഗത്ത് വന്നത്.
സംഘടനയിലെ പുരുഷ കേന്ദ്രീകൃതമായ അധികാര വ്യവസ്ഥയെ സാന്ദ്രയും ഷീലുവും വിമർശിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംഘടന ഗൗരവത്തിലെടുത്തില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കയച്ച കത്ത് ഏകപക്ഷീയമാണെന്നും ഇവർ വാദിക്കുന്നു.
ഇത് സംബന്ധിച്ച് സംഘടനയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ സ്ത്രീ പ്രാതിനിത്യം കുറവായതിനെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്.
പ്രൊഡ്യൂസേർസ് അസോസിയേഷനിൽ വനിതാ നിർമാതാക്കൾ കുറവാണ്. പതിനെട്ടോളം പേരുണ്ട്. അതിൽ കൂടുതലും ഭർത്താക്കൻമാരുടെ പേരിൽ സിനിമ ചെയ്തവരാണ്.
അവർ വന്നിരുന്നാലും മതി. സ്ത്രീകൾ പ്രധാന സ്ഥാനത്തേക്ക് വരണമെന്ന് പറയുമ്പോൾ ഇവർ ചോദിക്കുന്നത് ആരുണ്ട് എന്നാണ്.
സാന്ദ്ര, സോഫിയ പോൾ തുടങ്ങി രണ്ട് മൂന്ന് പേരല്ലാതെ ആരുണ്ട് എന്നാണ് ചോദ്യം. നിങ്ങളുടെയൊക്കെ ഭാര്യമാരില്ലേ, അവർ നിങ്ങളുടെയൊക്കെ പേരിൽ സിനിമ ചെയ്തിട്ടുണ്ടല്ലോ എന്ന് ഞാൻ ചോദിച്ചു.
അവർക്കൊന്നും സിനിമയെക്കുറിച്ച് അറിയില്ലെന്നാണ് വാദം. ഒരു സ്ത്രീ നേതൃനിരയിലേക്ക് വരണം. നിലവിൽ ഒരാണാളുള്ളത്. അവർക്കെന്ത് ചെയ്യാൻ പറ്റും.
എല്ലാ സംഘടനയിലും അവരുടെ വരുതിയിൽ നിൽക്കുന്ന സ്ത്രീകളെ മാത്രമേ ഈ സ്ഥാനത്തേക്ക് കൊണ്ട് വരൂ.
അവർക്കെതിരെ വിരൽ ചൂണ്ടാത്ത, അവർക്കെതിരെ കാര്യങ്ങൾ സംസാരിക്കാത്ത ആളുകളെ. നിലവിൽ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നേതൃനിരയിലുള്ള വനിതാ നിർമാതാവ് ഷെർഗിയാണ്.
ഷെർഗി അങ്ങനെ ഒരാളാണ് എന്നല്ല ഞാൻ പറയുന്നത്. പക്ഷെ പലപ്പോഴും ഭയമുണ്ട്. കാരണം സജീവമായി സിനിമകൾ ചെയ്യുന്ന ആളാണല്ലോ. പക്ഷെ അവരെ കുറ്റം പറയാൻ പറ്റില്ല താനാണെങ്കിലും അത് തന്നെയേ സംഭവിക്കൂയെന്നും സാന്ദ്ര തോമസ് പറയുന്നു.
ചോദ്യം ചെയ്യാൻ പറ്റുന്നവർ സംഘടനയുടെ തലപ്പത്തേക്ക് വരണമെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. സംഘടനയ്ക്ക് കത്തയച്ചതിൽ അസോസിയേഷനിലെ മറ്റ് വനിതാ പ്രൊഡ്യൂസർമാരുടെയും പിന്തുണയുണ്ട്.
എല്ലാവരും പറയണമെന്നാഗ്രഹിച്ച കാര്യങ്ങളാണതെന്നും സാന്ദ്ര പറയുന്നു. അതേസമയം സുപ്രിയ മേനോൻ ഇതിലില്ലെന്നും സാന്ദ്ര തോമസ് പറയുന്നു. അവിടെ ഒരു മീറ്റിംഗിനും സുപ്രിയ വന്നിട്ടില്ല.
പുള്ളിക്കാരി മെമ്പർ ആണോ എന്നെനിക്കറിയില്ല. ഇപ്പോൾ വിളിച്ച കമ്മിറ്റിയിലും പുള്ളിക്കാരിയെ കണ്ടില്ല. അതെന്ത് കൊണ്ടാണെന്ന് തനിക്കറിയില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.
മലയാള സിനിമാ രംഗത്തെ ചുരുക്കം വനിതാ നിർമാതാക്കളിൽ ഒരാളാണ് സുപ്രിയ മേനോൻ. ഭർത്താവ് നടൻ പൃഥിരാജിനൊപ്പം സിനിമകൾ പ്രൊഡ്യൂസ് ചെയ്യുന്നതിനാൽ പലപ്പോഴും മറ്റ് വനിതാ നിർമാതാക്കളേക്കാളും ജനശ്രദ്ധ സുപ്രിയക്ക് ലഭിച്ചിട്ടുണ്ട്.
ഗുരുവായൂർ അമ്പല നടയിൽ ആണ് സുപ്രിയ മേനോൻ നിർമിച്ച ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ സുപ്രിയ നിർമാതാക്കളുടെ ചില പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.
നിർമാണ രംഗത്ത് പരമ്പരാഗതമായി തുടരുന്ന വലിയ ശക്തികളുണ്ടെന്നും അധികാരം അവരുടെ കൈയിലാണെന്നും അന്ന് സുപ്രിയ പറയുകയുണ്ടായി.
നിർമാതാവെന്ന നിലയിൽ ഒരുപാട് പേർ തന്നെ കേൾക്കുന്നതിന് കാരണം പൃഥിരാജിന്റെ ഭാര്യയായത് കൊണ്ടാണ്. ഞാൻ സുപ്രിയ മേനോൻ ആയത് കൊണ്ടാണ് അവർ എന്നോട് സംസാരിക്കുന്നതെന്ന് കരുതുന്നില്ല.
പ്രത്യേകിച്ചും സിനിമാ രംഗത്ത് ഒരു സ്ത്രീയെ കേൾക്കാൻ എല്ലാവർക്കും താൽപര്യമില്ലെന്നും സുപ്രിയ അന്ന് പറഞ്ഞു.
#Most #them #made #films #name #their #husbands #Supriya #has #not #come #any #meeting #SandraThomas