(moviemax.in)വർഷങ്ങളായി മലയാളികൾക്ക് പരിചിതമായ പേരാണ് ഇടവേള ബാബു എന്നത്. ഇന്നസെന്റ് വഴിയാണ് ഇടവേള ബാബു സിനിമയിലെത്തുന്നത്.
തനിക്ക് അദ്ദേഹം ഒരു മകന്റെ സ്ഥാനം നൽകിയിരുന്നതായി ഇടവേള ബാബു പറയാറുണ്ട്. അച്ഛനും അമ്മയും കഴിഞ്ഞാൽ വൈകാരികമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഇന്നസെന്റെന്നാണ് ഇടവേള ബാബു പറയാറുള്ളത്.
1982 പുറത്ത് വന്ന ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബു സിനിമയിലെത്തിയത്. മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് പത്മരാജനായിരുന്നു.
പിന്നീട് അങ്ങോട്ട് തുടരെ തുടരെ നിരവധി സിനിമകൾ ബാബുവിന് ലഭിച്ചു. ചന്ദ്രബാബു എന്നാണ് താരത്തിന്റെ യഥാർഥ പേര്. എന്നാൽ സോഷ്യൽമീഡിയയിലും മറ്റും ട്രോളുകളും മീമും വരുമ്പോൾ ഇന്റർവെൽ ബാബു എന്നാണ് പരിഹസിച്ച് ആളുകൾ ഉപയോഗിക്കാറുള്ളത്.
എന്നാൽ പണ്ട് മുതലെ മമ്മൂട്ടി സ്നേഹത്തോടെ ഇന്റർവെൽ ബാബു എന്നാണത്രെ ബാബുവിനെ വിളിക്കുന്നത്.അത് താൻ ആസ്വദിക്കുന്നതായി ബാബുവും പറയാറുണ്ട്.
30 വർഷം കൊണ്ട് 250 സിനിമകളിൽ അഭിനയിച്ച ഇടവേള ബാബു അടുത്തിടെ വരെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുമായും താരങ്ങളുമായും ബന്ധപ്പെട്ട വിവാദങ്ങൾ വരുമ്പോൾ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വന്നിരുന്നതും ഇടവേള ബാബുവിനാണ്.
താരനിശകളുടെ സംവിധാനം മുതൽ ഓഫീസ് ബോയിയുടെ ജോലി വരെ അമ്മയിൽ പ്രവർത്തിച്ചപ്പോൾ താൻ ചെയ്തതായി താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബാബുവിനെ വിട്ടിട്ട് ഒരമ്മയില്ല. കാരണം ബാബുവാണ് ഇതിന്റെ ഡ്രൈവർ.
ഡ്രൈവറില്ലാതെ യാത്രക്കാരും കണ്ടക്ടറും ചെക്കറും ബസിൽ കയറി ഇരുന്നിട്ട് കാര്യമുണ്ടോ എന്നാണ് ഒരിക്കൽ വികാരഭരിതനായി സംസാരിക്കവെ നടൻ മമ്മൂട്ടി ബാബുവെ കുറിച്ച് പറഞ്ഞത്.
ഇപ്പോഴിതാ 25 വർഷത്തോളം അമ്മയിൽ പ്രവർത്തിച്ചപ്പോൾ വേദന തോന്നിയ നിമിഷങ്ങൾ സമ്മാനിച്ച അനുഭവങ്ങൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു വെളിപ്പെടുത്തി.
ആറ് വര്‍ഷമായി പ്രസിഡന്‍റ് ലാലേട്ടനാണ്. എത്രയോ രേഖകളിൽ ഒപ്പിടുന്നു. പലപ്പോഴും ചേട്ടനത് വായിച്ച് നോക്കുന്നുണ്ടോ എന്നുപോലും സംശയം തോന്നിയിട്ടുണ്ട്. അതൊരു വിശ്വാസമാണ്. താരനിശകളുടെ സംവിധാനം മുതൽ ഓഫീസ് ബോയ് യുടെ ജോലി വരെ ചെയ്യുന്നുണ്ട്.
ബിപിയുടെ രണ്ട് ഗുളികയാണ് ദിവസവും ഞാൻ കഴിക്കുന്നത്. പല തലമുറയിൽ പെട്ട പ്രഗത്ഭർക്കൊപ്പം അവരുടട ഏറ്റവും അടുത്തയാളായി നിൽക്കാനായത് മഹാഭാഗ്യമാണ്.
മധു സാർ മുതൽ ഷെയിൻ നിഗം വരെയുള്ളവർ അവരുടെ ഏറ്റവും അടുത്തയാളോടെന്ന പോലെ സംസാരിക്കും. ഇത്തരം അനുഭവങ്ങൾ ഞാനൊരു നടൻ മാത്രമായിരുന്നെങ്കിൽ കിട്ടണമെന്നില്ല.അമ്മ എന്ന പ്രസ്ഥാനത്തിന്റെ ബലം കൊണ്ടാണ് ഈ അടുപ്പം കിട്ടിയത്.
ചിലരുടെ പെരുമാറ്റങ്ങൾ മനസിൽ തട്ടിയിട്ടുണ്ട്. എന്നെക്കാൾ കൂടുതൽ ഞാൻ അമ്മയെ സ്നേഹിച്ചതുകൊണ്ടാവാം അമ്മയിലെ പ്രശ്നങ്ങൾ എന്റെ വേവലാതികളായി മാറിയത്. രാവിലെ മുതല്‍ ഫോണ്‍കോളുകള്‍ വരും. സെറ്റിലെ പ്രശ്നങ്ങൾ മുതൽ താരങ്ങളുടെ പ്രതിഫലകാര്യങ്ങള്‍ വരെ.
ആരെയും പിണക്കാതെ പരിഹരിക്കാനാണ് ശ്രമം. ഞാൻ കാരണം ഒരു ഷൂട്ടും നിർത്തിവച്ചിട്ടില്ല. എന്ത് പ്രശ്നമാണെങ്കിലും ഷൂട്ട് തടസപ്പെടാതെ പരിഹരിച്ചിട്ടുണ്ട്. പുതു തലമുറയിലെ ചിലരുടെ പെരുമാറ്റങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ട്.
ഒരു പ്രധാന നടന്റെ മകൻ. അദ്ദേഹവും നടനാണ്. അച്ഛൻ അമ്മയില്‍ നിന്ന് ഇൻഷുറൻസ് സഹായവും കൈനീട്ടവും ഒക്കെ വാങ്ങിയ ആളാണ്.
എന്നിട്ടും അദ്ദേഹത്തിന്റെ മകനും നടനുമായ വ്യക്തി ഒരു സെറ്റിലിരുന്നു പറഞ്ഞു...എന്തിനാണ് നമ്മൾ അമ്മയിൽ ചേരുന്നത്. കുറേ കാരണവന്മാരെ നോക്കാനാണോ എന്ന്.
പഴയ താരങ്ങളെ പുതുതലമുറയ്ക്ക് അത്രയ്ക്ക് വിലയുണ്ടാവില്ല. പക്ഷെ ഒരുകാലത്ത് അവർ എന്തായിരുന്നുവെന്ന് നമുക്കറിയാം. ഇത്തരം ഒരുപാട് സന്ദർഭങ്ങളുണ്ട്.
പക്ഷെ അതൊന്നും തുറന്ന് പറയാനാവില്ലെന്നാണ് അനുഭവം വെളിപ്പെടുത്തി ഇടവേള ബാബു പറഞ്ഞത്.
#actor #edavela #babu #open #up #about #his #bad #experience #from #famous #actor #son