Jun 17, 2024 11:40 AM

സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണമെന്നും ആഗ്രഹമുള്ളതായി സംവിധായകൻ പ്രിയദർശൻ. കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ.

ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നും സെഞ്ചുറി അടിക്കണമെന്നും ആഗ്രഹിച്ചിരുന്നു. കളിക്കിടെ പരിക്ക് പറ്റിയതിനെത്തുടർന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ സിനിമയിൽ സെഞ്ചുറി തികയ്ക്കാൻ ഇനി നാലുചിത്രങ്ങൾ കൂടി മതി. നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണെമെന്നും പ്രിയദർശൻ പറഞ്ഞു.

മലയാള സിനിമയിലെ 'റീവാച്ച് വാല്യൂ' ഉള്ള ഡയറക്റ്റർ-ആക്റ്റർ കോംബോയാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട്. വർഷങ്ങളുടെ സൗഹൃദത്തിൽ മലയാളത്തിന് ലഭിച്ചത് പലയാവർത്തി കണ്ടാലും മടുപ്പ് തോന്നാത്ത അനേകം സിനിമകളാണ്.

ശങ്കർ, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1984ൽ പുറത്തിറങ്ങിയ 'പൂച്ചക്കൊരു മൂക്കുത്തി'യാണ് പ്രിയദർശന്റെ ആദ്യ ചിത്രം. 45 സിനിമകളാണ് ഇതുവരെ പ്രിയദർശൻ-മോഹൻലാൽ കോംബോയിൽ പിറന്നിട്ടുള്ളത്.

'മരക്കാർ അറബിക്കടലിന്റെ സിംഹം' ആയിരുന്നു മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ സിനിമ. 'ഹരം' എന്ന് പേരിട്ടിരിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഗായകൻ എം ജി ശ്രീകുമാർ പങ്കുവെച്ച ഒരു പോസ്റ്റിൽ ഇതിനെകുറിച്ച് പ്രതിപാദിച്ചിരുന്നു. ഇതായിരിക്കും പ്രിയദർശന്റെ നൂറാം ചിത്രമെന്നും അഭ്യുഹങ്ങൾ ഉണ്ടായിരുന്നു.

#mohanlal #should #be #made #hero #100th #film #priyadarshan

Next TV

Top Stories