#Latest News #KT Jaleel #Muslim League #CPIM
കോഴിക്കോട്: ( www.truevisionnews.com ) ജമാഅത്തെ ഇസ്‌ലാമിയെ മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന രാഷ്ട്രീയ വിമർശനങ്ങൾ അപര്യാപ്തമാണെന്നും, അവർ ഉത്പാദിപ്പിക്കുന്ന തീവ്ര ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്ന മുസ്‌ലിം ലീഗിനെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കണമെന്നും മുൻ എംഎൽഎയും സിപിഎം അംഗവുമായ കെ.ടി ജലീൽ.
മലപ്പുറത്ത് വളാഞ്ചേരിയിൽ ഡിവൈഎഫ്ഐ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തിനെ മാത്രം നിരന്തരം കടന്നാക്രമിക്കുകയും ലീഗിനോട് നമ്മൾ മൃദുസമീപനം പുലർത്തുന്നുവെന്ന ഒരു പൊതുബോധം രാഷ്ട്രീയ മണ്ഡലത്തിൽ ഇടക്കാലത്തുണ്ടായിട്ടുണ്ട്.
ഈ പ്രവണത ഒരു കാരണവശാലും അനുവദിച്ചുകൂടാത്തതാണെന്നും, യഥാർത്ഥ അപകടകാരിയായ ന്യൂനപക്ഷ വർഗീയതയുടെ വിഷവിത്ത് പേറുന്ന മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തെ ഒട്ടും ദാക്ഷിണ്യമില്ലാതെ ശക്തമായി തുറന്നുകാട്ടേണ്ടതുണ്ടെന്നും കെ.ടി ജലീൽ വ്യക്തമാക്കി.
പ്രസംഗത്തിൽ നിന്ന് -
ജമാഅത്തെ ഇസ്‌ലാമി ആശയം മുന്നോട്ടുവെക്കും, അതിന്റെ പ്രചാരകർ മുസ്‌ലിം ലീഗിന്റെ പ്രവർത്തകന്മാരാണ്. പണ്ട് ജമാഅത്തെ ഇസ്‌ലാമിക്ക് കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളൂ അവരുടെ ആശയം പറയാനും പ്രചരിപ്പിക്കാനും. ഇന്ന് അങ്ങനെയല്ല, ഇന്ന് മീഡിയ വണ്ണിലൂടെ, മാധ്യമത്തിലൂടെ ഒരു കാര്യം ജമാഅത്തെ ഇസ്‌ലാമി പറഞ്ഞാൽ അത് ഏറ്റെടുത്ത് മുസ്‌ലിം കമ്മ്യൂണിറ്റിയുടെ ഓരോ വീട്ടിലും എത്തിക്കുന്നത് മുസ്‌ലിം ലീഗിന്റെ പ്രവർത്തകന്മാരാണ്.
നമ്മൾ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തെ എതിർക്കുന്നതിൽ ഒരുതരത്തിലുള്ള പിശുക്കും പിന്നോട്ടുപോക്കും കാണിക്കരുത്. ജമാഅത്തെ ഇസ്‌ലാമിയെ വിമർശിക്കുന്ന അതേ ശക്തിയിൽ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്ന മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തെയും എതിർക്കണം.
നമ്മളൊക്കെ ഒരു പൊതുവായിട്ടുള്ള ഒരു വിശ്വാസമുണ്ട്—ലീഗ് തരക്കേടില്ല, ലീഗ് തരക്കേടില്ല, ഓർ അങ്ങനെ വർഗീയമല്ല, ഇങ്ങനെ വർഗീയമല്ല. ഞാൻ പറഞ്ഞില്ലേ, ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്ന ഈ ഓരോ വാക്കും ആശയവും അതിന്റെ ആന്തരാർത്ഥത്തിലും ബാഹ്യാർത്ഥത്തിലും മുസ്‌ലിം മനസ്സുകളിലേക്ക് അടിച്ചു കയറ്റുന്ന ഉത്തരവാദിത്തം നിർവ്വഹിക്കുന്നത് മുസ്‌ലിം ലീഗാണ്.
അതുകൊണ്ട് ലീഗിനെ, ലീഗിന്റെ രാഷ്ട്രീയത്തെ ശക്തമായി എതിർക്കാതെ നമുക്ക് ഈ ന്യൂനപക്ഷ വർഗ്ഗീയതയെ എതിർത്ത് മുന്നോട്ടുപോകാൻ വേണ്ടി കഴിയില്ല. ആ കാര്യമാണ് നമ്മൾ വളരെ വ്യക്തമായിട്ടും മനസ്സിലാക്കേണ്ടത്. ഒരുതരത്തിലുള്ള ദാക്ഷിണ്യവും ഒരുതരത്തിലുള്ള ദയയും വിമർശിക്കുന്നതിൽ മുസ്‌ലിം ലീഗിനോട് നാം കാണിക്കേണ്ട കാര്യമേയില്ല.
കാരണം ജമാഅത്തെ ഇസ്‌ലാമി എന്ന് പറയുന്ന അയ്യായിരം പേരുടെ ഒരു സംഘടന മുന്നോട്ടുവെക്കുന്ന വാദഗതികൾ മുസ്‌ലിം കമ്മ്യൂണിറ്റിയുടെ മസ്തിഷ്കങ്ങളിലേക്ക്, അവരുടെ ചിന്തയിലേക്ക് കൊണ്ടുപോയി കൊടുക്കുന്നത്, സന്നിവേശിപ്പിക്കുന്നത് മുസ്‌ലിം ലീഗാണ്. ലീഗിന്റെ പ്രവർത്തകന്മാരാണ്, പ്രത്യേകിച്ച് യൂത്ത് ലീഗ്, എം.എസ്.എഫ്. അവരുടെ നേതാക്കന്മാരുടെ വാക്കുകളിൽ പോലും ഇപ്പോൾ ഒരു ജമാഅത്ത് ചുവ നമുക്ക് കാണാൻ വേണ്ടി കഴിയും.
പണ്ട് മുസ്‌ലിം ലീഗിന്റെ ആളുകൾക്ക് അന്യമായിരുന്ന, അവർക്ക് കഴിയാത്ത വാക്കുകൾ, ആശയങ്ങൾ ഇതൊക്കെ ജമാഅത്തെ ഇസ്‌ലാമിക്കാർ പറയും; ഇപ്പോൾ യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും നേതാക്കന്മാർ തലേദിവസത്തെ മീഡിയ വണ്ണും അതുപോലെതന്നെ മാധ്യമം പത്രവും നോക്കി, 'എന്താണ് നാളെ ഞങ്ങൾ വർഗ്ഗീയത പ്രചരിപ്പിക്കേണ്ടത്?' എന്ന കാര്യം പഠിച്ച് ആ കാര്യം അവർ നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് ലീഗിനെ വിമർശിക്കുന്നതിൽ ഒരു പിശുക്കും നമ്മൾ കാണിക്കാൻ വേണ്ടി പാടില്ല. നമ്മൾ ഇടക്കാലത്ത് വെച്ച് ജമാഅത്തെ ഇസ്‌ലാമിയെ കൂടുതൽ അങ്ങോട്ട് വിമർശിച്ച്, ലീഗിനെ ഒന്ന് വിമർശിക്കുന്നില്ലേ നമ്മൾ എന്നുള്ള ഒരു തോന്നൽ പൊതുവെ വന്നിട്ടുണ്ട്. അപ്പോ അത് ഒരു കാരണവശാലും ഉണ്ടാവാൻ പാടില്ല.
ഒരു കൂട്ടർ ആശയം കൊടുക്കുന്നവരാണ്, മറ്റൊരു കൂട്ടർ ആ ആശയം വളരെ ശക്തമായി പ്രചരിപ്പിക്കുന്നവരാണ്. അപകടകാരി അങ്ങനെ നോക്കിയാൽ ന്യൂനപക്ഷ വർഗ്ഗീയതയുടെ വിഷവിത്ത് പേറുന്ന മുസ്‌ലിം ലീഗ് തന്നെയാണ് എന്ന് നമുക്ക് കാണാൻ വേണ്ടി കഴിയും. ആ നിലക്ക് തന്നെ നമ്മൾ കണ്ടുപോകണം.
Content Highlight: kt jaleel against muslim league





























