ആലപ്പുഴ: ( www.truevisionnews.com) ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പത്താം ക്ലാസുകാരിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നേഹയുടെ മുറിയിൽ നിന്ന് ഒരു ഡയറി പൊലീസിന് ലഭിച്ചു.
അതിൽ കുറിപ്പുമുണ്ടായിരുന്നു. അതിൽ തന്റെ സുഹൃത്തുക്കൾക്കുള്ള ഉപദേശങ്ങളാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുമെന്നും വിഷമിക്കരുതെന്നും ഡിപ്രഷനിലേക്ക് പോകരുതെന്നും ഈ കുറിപ്പിൽ നേഹ സുഹൃത്തുക്കളോട് പറയുന്നുണ്ട്. നേഹയുടെ ഡയറിയിൽ ചില ഭാഗങ്ങളിൽ മരണത്തെ കുറിച്ചുള്ള കുറിപ്പുകൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കുന്നു.
കുരിശ് ചിഹ്നം വരച്ച് ഡെത്ത് എന്ന് എഴുതിയതും ഡയറിയിലുണ്ട്. ചിലയിടങ്ങളിൽ എലോൺ എന്നും കുറിച്ചിട്ടുണ്ട്. നേഹ വളരെയധികം ഏകാന്തത അനുഭവിച്ചിരുന്നുവെന്ന് ഈ ഡയറിക്കുറിപ്പുകളിൽനിന്ന് മനസിലാക്കുന്നതായി പൊലീസ് അറിയിച്ചു. നേഹയുടേത് ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ അതിലേക്ക് നയിച്ച കാരണങ്ങളാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. കുട്ടിക്ക് വിഷാദരോഗമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിഗമനങ്ങളിലേക്കാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. നേഹയുടെ സുഹൃത്തുക്കളോട് സംസാരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
വളരെ ആക്റ്റീവായ പെൺകുട്ടിയായിരുന്നു നേഹയെന്ന് അധ്യാപകർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ബാസ്കറ്റ് ബോൾ സെലക്ഷൻ ക്യാംപിലും നേഹ പങ്കെടുത്തിരുന്നു. അന്നത്തെ കലാപരിപാടികളിലും പങ്കെടുത്തിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്നു നേഹയെന്നും അധ്യാപകർ കൂട്ടിച്ചേർക്കുന്നു.
കൂടുതൽ അന്വേഷണത്തിനുള്ള നീക്കത്തിലാണ് പൊലീസ്. ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയെ ഇന്നലെയാണ് സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാം ക്ലാസ് മുതൽ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്നലെ പുലർച്ചെ ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Police say death of 10th class student Neha of Chennithala Navodaya School was suicide